ADVERTISEMENT

മുംബൈ∙ കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വിളക്കു തെളിക്കൽ യജ്ഞത്തിനിടെ പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും ആഘോഷിച്ചവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്, ഗൗതം ഗംഭീർ തുടങ്ങിയവർ രംഗത്ത്. പടക്കം പൊട്ടിക്കുന്നതിനിടെ രാജസ്ഥാനിലെ ജയ്പുരിൽ ഒരു വീടിന് തീപിടിക്കുന്ന വിഡിയോ പങ്കുവച്ചാണ് ഹർഭജന്റെ വിമർശനം. കൊറോണ വൈറസിന്റെ പിടിയിൽനിന്ന് നാം രക്ഷപ്പെട്ടാലും ഇത്തരം വിഡ്‍ഢിത്തങ്ങളിൽനിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് ഹർഭജൻ ചോദിച്ചു. ഇത് പടക്കം പൊട്ടിച്ച് ആഘോഷിക്കാനുള്ള സമയമല്ലെന്നും എല്ലാവരും വീടുകള്‍ക്കുള്ളിൽ കഴിയാനും ഗൗതം ഗംഭീറും ആഹ്വാനം ചെയ്തു.

ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റു നേരം ലൈറ്റുകൾ അണച്ചും വിളക്കുകൾ തെളിച്ചും കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേരാനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇതിനിടെ തന്റെ അയൽപ്പക്കത്ത് പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഒരു വീടിനു തീപിടിക്കുന്ന വിഡിയോ മഹിം പ്രതാപ് സിങ് എന്നയാൾ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഈ വിഡിയോ റീട്വീറ്റ് ചെയ്താണ് ഹർഭജൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

‘കൊറോണ വൈറസിന് നാം മരുന്നു കണ്ടെത്തിയേക്കാം. പക്ഷേ ഇത്തരം വിഡ്ഢിത്തങ്ങൾക്ക് എങ്ങനെ മരുന്നു കണ്ടുപിടിക്കാനാണ്?’ – ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

വിളക്കു തെളിക്കൽ യജ്ഞത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പടക്കം പൊട്ടിച്ച വിവരം പുറത്തുവന്നതിനു പിന്നാലെ ബിജെപി എംപി കൂടിയായ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും മുന്നറിയിപ്പുമായി ട്വിറ്ററിലൂടെ രംഗത്തെത്തി. ‘ഇന്ത്യ, അകത്തുതന്നെ തുടരൂ! നമ്മുടെ പോരാട്ടം ഇപ്പോഴും പാതിവഴിയിലാണ്. ഇത് പടക്കം പൊട്ടിച്ച് ആഘോഷിക്കാനുള്ള സമയമല്ല’ – ഗംഭീർ ട്വിറ്ററിൽ കുറിച്ചു. നേരത്തെ, ലോക്ഡൗൺ പ്രാബല്യത്തിലിരിക്കെ ആളുകൾക്ക് എവിടെനിന്നാണ് പടക്കം കിട്ടിയതെന്ന ആശ്ചര്യം പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും രംഗത്തെത്തിയിരുന്നു.

കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാൻ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ലാഷോ തെളിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. വിളക്കു തെളിക്കാനായി ആരും വീടിനു പുറത്തിറങ്ങരുത്. വീടിന്റെ വവാതിൽക്കലോ ബാൽക്കണിയിലോ നിന്ന് ദീപം തെളിക്കണം. സാമൂഹിക അകലം പാലിക്കണം. രാജ്യത്തെ 130 കോടി ജനത്തെക്കുറിച്ച് മനസ്സിൽ ധ്യാനിക്കണം – ഇതൊക്കെയായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ.

English Summary: Harbhajan Singh, Gautam Gambhir Criticise People for Bursting Crackers During #9pm9min initiative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com