ADVERTISEMENT

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കും മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ റമീസ് രാജയും തമ്മിലുള്ള വാക്പോര് തുടരുന്നു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് എത്രയും വേഗം വിരമിക്കണമെന്ന തന്റെ നിർദ്ദേശത്തെ പരിഹസിച്ച ഷോയ്ബ് മാലിക്കിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് റമീസ് രാജ വീണ്ടും രംഗത്തെത്തി. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരിക്കെ സ്വയം വിരമിച്ച തനിക്ക് മാലിക്കിന്റെ ക്ലാസ് ആവശ്യമില്ലെന്ന് റമീസ് രാജ തുറന്നടിച്ചു. അതേസമയം, മാലിക്കിനെ വിമർശിച്ചുകൊണ്ടുള്ള ട്വീറ്റ് അൽപസമയത്തിനകം റമീസ് രാജയുടെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് അപ്രത്യക്ഷമായി. താൻ അറിയാതെയാണ് ഈ ട്വീറ്റുകൾ ‘കാണാതായതെന്ന്’ വിശദീകരിച്ച് റമീസ് രാജ വീണ്ടും ട്വീറ്റ് ചെയ്തെങ്കിലും ഈ ട്വീറ്റും അൽപസമയത്തിനകം അപ്രത്യക്ഷമായി.

വെറ്ററൻ താരങ്ങളായ മാലിക്കും മുഹമ്മദ് ഹഫീസും മര്യാദയുടെ പേരിൽ എത്രയും പെട്ടെന്ന് വിരമിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ‘രക്ഷിക്കണമെന്ന’ റമീസ് രാജയുടെ പരാമർശത്തോടെയാണ് വാക്പോരിന്റെ തുടക്കം.

‘ഏറ്റവും ബഹുമാനത്തോടും മര്യാദയോടും കൂടി മാലിക്കും ഹഫീസും രാജ്യാന്തര ക്രിക്കറ്റിൽനിന്ന് കളമൊഴിയണം. ഇരുവരും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ വർഷങ്ങളോളം മികച്ച രീതിയിൽ സേവിച്ചുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ, ഇരുവരും വിരമിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് എന്റെ അഭിപ്രായം. ഇത് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ സഹായിക്കും. നമുക്ക് ഒട്ടേറെ പ്രതിഭാധനരായ താരങ്ങൾ പുറത്തു കാത്തുനിൽക്കുന്നുണ്ട്. അവരെയെല്ലാം ഉൾപ്പെടുത്തി മുന്നോട്ടു പോകേണ്ട സമയമായി’ – റമീസ് രാജ ചൂണ്ടിക്കാട്ടി. ഇതിന് ഷോയ്ബ് മാലിക്ക് നൽകിയ മറുപടി ഇങ്ങനെ:

‘റമീസ് ഭായ്, താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. നമ്മൾ മൂന്നുപേരും കരിയറിന്റെ അവസാന ഘട്ടത്തിലായതിനാൽ മര്യാദയോടെ ഒരുമിച്ചു വിരമിച്ചാലോ? ഇക്കാര്യം തീരുമാനിക്കാൻ ഞാൻ താങ്കളെ വിളിക്കാം. 2022 കണക്കാക്കി നമുക്ക് വിരമിക്കൽ ഒരുമിച്ച് പ്ലാൻ ചെയ്യാം’ – മാലിക്ക് ട്വിറ്ററിൽ കുറിച്ചു.

ഇതോടെയാണ് രൂക്ഷവിമർശനവുമായി റമീസ് രാജ രംഗത്തെത്തിയത്. രണ്ട് ട്വീറ്റുകളിലായി റമീസ് രാജ കുറിച്ച വാക്കുകൾ ഇങ്ങനെ:

‘മര്യാദയ്ക്ക് വിരമിക്കണം... എന്തിൽനിന്ന്? പാക്കിസ്ഥാൻ ക്രിക്കറ്റിനെക്കുറിച്ച് എന്റെ അഭിപ്രായം തുറന്നുപറയുന്നതിൽനിന്നോ? പാക്ക് ക്രിക്കറ്റിനു വേണ്ടി സജീവമായി നിലകൊള്ളുന്നതിൽനിന്നോ? പാക്കിസ്ഥാൻ ക്രിക്കറ്റ് മുൻനിരയിലെത്തണമെന്ന് ആഗ്രഹിക്കുന്നതിൽനിന്നോ? സാധ്യമല്ല... ഇതിൽനിന്നൊന്നും എന്തായാലും വിരമിക്കാൻ താൽപര്യപ്പെടുന്നില്ല മാലിക് സാഹിബ്!’

rameez-raja-1

‘ഇനി കരിയറിനെക്കുറിച്ച്... പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരിക്കെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചയാളാണ് ഞാൻ. ചരിത്രമെന്ന വലിയ അധ്യാപകനോടു ചോദിച്ചുനോക്കൂ. ആ എനിക്ക് നിങ്ങളുടെ ക്ലാസ് ആവശ്യമില്ല’ – രണ്ടാമത്തെ ട്വീറ്റിൽ റമീസ് രാജ എഴുതി. എന്നാൽ, നിമിഷങ്ങൾക്കം ഈ ട്വീറ്റുകൾ രണ്ടും അപ്രത്യക്ഷമായതോടെ അദ്ദേഹം വിശദീകരണവുമായി വീണ്ടും ട്വീറ്റ് ചെയ്തു:

rameez-raja-3

‘ക്ഷമിക്കണം, തീർത്തും അവ്യക്തമായ കാരണങ്ങളാൽ ഞാൻ അറിയാതെ ഷോയ്ബ് മാലിക്കിനും മുഹമ്മദ് ഹഫീസിനുമെതിരായ ട്വീറ്റുകൾ അപ്രത്യക്ഷമായി. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് എന്റെ ട്വിറ്റർ അക്കൗണ്ട് തുടങ്ങാൻ സഹായിച്ച ഷോയ്ബ് മാലിക്കിന്റെ ഇപ്പോഴത്തെ മാനേജർ അമീം ഹഖിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹത്തിന് സഹായിക്കാനായേക്കും’ – റമീസ് രാജ ട്വീറ്റ് ചെയ്തു. പക്ഷേ, ഈ ട്വീറ്റും അൽപസമയത്തിനകം അപ്രത്യക്ഷമായി.

rameez-raja-2

∙ ഈ വർഷം വീണ്ടും ടീമിൽ

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ ടീമിന്റെ പ്രകടനം മോശമായതിനെ തുടർന്ന് ഇരുവരും ടീമിൽനിന്ന് തഴയപ്പെട്ടിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സിലക്ടർമാർ ഇരുവരെയും ട്വന്റി20 ടീമിലേക്ക് തിരിച്ചുവിളിച്ചു. അതേസമയം, ഇവരെ തിരികെ വിളിക്കാനുള്ള തീരുമാനത്തെ ഒട്ടേറെ മുൻ താരങ്ങളും ആരാധകരും വിമർശിച്ചിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ വെറ്ററൻ താരങ്ങളെ കൂടുതലായി ആശ്രയിക്കുന്നതു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

1999ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ മുപ്പത്തെട്ടുകാരനായ ഷോയ്ബ് മാലിക്ക്, രണ്ടു പതിറ്റാണ്ടു പിന്നിട്ട കരിയറിൽ 35 ടെസ്റ്റുകവും 287 ഏകദിനങ്ങളും 113 ട്വന്റി20 മത്സരങ്ങളും കളിച്ചു. ഇടക്കാലത്ത് പാക്ക് ടീമിന്റെ നായകനുമായി. നാലു വർഷം മുൻപ് ടെസ്റ്റിൽനിന്നും കഴിഞ്ഞ വർഷം ഏകദിനത്തിൽനിന്നും വിരമിച്ചെങ്കിലും ട്വന്റി20 ക്രിക്കറ്റിൽ ഇപ്പോഴും സജീവം.

അതേസമയം, 2003ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങറിയ മുപ്പത്തൊൻപതുകാരനായ മുഹമ്മദ് ഹഫീസ്, ഈ വർഷത്തെ ട്വന്റി20 ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടോളം നീളുന്ന കരിയറിൽ 55 ടെസ്റ്റുകളും 218 ഏകദിനങ്ങളും 91 ട്വന്റി20 മത്സരങ്ങളും കളിച്ചു. ഇടക്കാലത്ത് പാക്കിസ്ഥാൻ ടീമിന്റെ നായകനുമായി.

English Summary: ‘Don’t need a tutorial from you’ – Ramiz Raja responds to Shoaib Malik’s ‘lets retire gracefully’ dig

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com