ADVERTISEMENT

ഇസ്‍ലാമാബാദ്∙ മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ റമീസ് രാജയെ ‘നേരിടാൻ’ ഒടുവിൽ മുഹമ്മദ് ഹഫീസും രംഗത്തിറങ്ങി. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കും മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ റമീസ് രാജയും തമ്മിലുള്ള വാക്പോരിൽ പങ്കാളിയായി ഹഫീസും ട്വിറ്ററിലൂടെ രംഗത്തെത്തി. റമീസ് രാജയുടെ പേരെടുത്തു പറഞ്ഞില്ലെങ്കിലും ഹഫീസ് ട്വിറ്ററിൽ കുറിച്ച ഓരോ വാക്കും രാജയെ ഉദ്ദേശിച്ചാണെന്ന് വ്യക്തം. മുഹമ്മദ് ഹഫീസും ഷോയ്ബ് മാലിക്കും എത്രയും വേഗം രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ‘സഹായിക്കണ’മെന്ന രാജയുടെ നിർദ്ദേശമാണ് വാക്പോരിന് വഴിതുറന്നത്. മാലിക്ക് നേരത്തേതന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും സകല അഹംബോധവും മാറ്റിവച്ച് പെരുമാറണമെന്നായിരുന്നു ഹഫീസിന്റെ ഉപദേശം. താരം ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:

‘ലോകം മുഴുവൻ കൊറോണ വൈറസ് പകർച്ചവ്യാധി നിമിത്തം ബുദ്ധിമുട്ടുകയാണ്. എല്ലാവരും കുറച്ചുകൂടി മനുഷ്യത്വത്തോടെ പെരുമാറാനും ദുരിതമനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കാനും അഭ്യർഥിക്കുന്നു. അഹംഭാവം ഉപേക്ഷിച്ചു കളയുക. ലൈക്കുകളും ഡിസ്‌ലൈക്കുകളും തൽക്കാലം മറക്കുക. നിങ്ങളുടെ വ്യക്തിപരമായ ഗൂഢ താൽപര്യങ്ങൾ മറന്ന് പരസ്പരം സഹായിക്കാം. പ്ലീസ്...’ – മുഹമ്മദ് ഹഫീസ് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, വിരമിക്കാൻ നിർദ്ദേശിച്ച റമീസ് രാജയോട് ‘നമുക്കൊരുമിച്ചു വിരമിക്കാം’ എന്ന നിർദ്ദേശം വച്ചായിരുന്നു ഷോയ്ബ് മാലിക്കിന്റെ പരിഹാസം. ‘റമീസ് ഭായ്, താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. നമ്മൾ മൂന്നുപേരും കരിയറിന്റെ അവസാന ഘട്ടത്തിലായതിനാൽ മര്യാദയോടെ ഒരുമിച്ചു വിരമിച്ചാലോ? ഇക്കാര്യം തീരുമാനിക്കാൻ ഞാൻ താങ്കളെ വിളിക്കാം. 2022 കണക്കാക്കി നമുക്ക് വിരമിക്കൽ ഒരുമിച്ച് പ്ലാൻ ചെയ്യാം’ – മാലിക്ക് ട്വിറ്ററിൽ കുറിച്ചു.

ഇതിനു പിന്നാലെ ഷോയ്ബ് മാലിക്കിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് റമീസ് രാജ വീണ്ടും രംഗത്തെത്തി. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരിക്കെ സ്വയം വിരമിച്ച തനിക്ക് മാലിക്കിന്റെ ക്ലാസ് ആവശ്യമില്ലെന്ന് റമീസ് രാജ തുറന്നടിച്ചു. അതേസമയം, മാലിക്കിനെ വിമർശിച്ചുകൊണ്ടുള്ള ട്വീറ്റ് അൽപസമയത്തിനകം റമീസ് രാജയുടെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് അപ്രത്യക്ഷമായി. താൻ അറിയാതെയാണ് ഈ ട്വീറ്റുകൾ ‘കാണാതായതെന്ന്’ വിശദീകരിച്ച് റമീസ് രാജ വീണ്ടും ട്വീറ്റ് ചെയ്തെങ്കിലും ഈ ട്വീറ്റും അൽപസമയത്തിനകം അപ്രത്യക്ഷമായി.

English Summary: ‘Leave your ego behind’ – Mohammad Hafeez takes an indirect dig at Rameez Raja for his retirement comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com