ADVERTISEMENT

ലക്നൗ∙ മുതിർന്ന താരങ്ങളുടെ കാര്യത്തിൽ സിലക്ടർമാർ കുറച്ചുകൂടി ഉത്തരവാദിത്തം കാട്ടണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന രംഗത്ത്. ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് റെയ്ന ഈ ആവശ്യം ഉയർത്തിയത്. ദേശീയ ടീമിൽ പതിവുകാരനായിരുന്ന തന്നെ എന്തിനാണ് ടീമിൽനിന്ന് തഴഞ്ഞതെന്ന് ഇപ്പോഴുമറിയില്ലെന്ന് റെയ്ന വ്യക്തമാക്കി. കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചതാണ്. കായികക്ഷമത തെളിയിക്കുന്നതിനുള്ള യോ–യോ ടെസ്റ്റിലും പാസായി. എന്നിട്ടും പുറത്തിരുത്തുന്നത് എന്തിനെന്ന് അറിയില്ലെന്ന് റെയ്ന പറഞ്ഞു. ഭാവിയിൽ സിലക്ടറാകാൻ അവസരം കിട്ടിയാൽ ടീമിൽനിന്ന് തഴയുന്ന താരങ്ങളെ വ്യക്തമായ കാരണം ബോധ്യപ്പെടുത്തുമെന്നും റെയ്ന വ്യക്തമാക്കി.

‘മുതിർന്ന താരങ്ങളുടെ കാര്യത്തിൽ സിലക്ടർമാർ കുറച്ചുകൂടി ഉത്തരവാദിത്തം കാട്ടണമെന്നാണ് എന്റെ അഭിപ്രായം. എത്ര വലിയ താരമാണെങ്കിലും ടീമിനായാണ് അവർ കളിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും ടീമിനു വേണ്ടിത്തന്നെ. അങ്ങനെ മികച്ച പ്രകടനം കാഴ്ചവച്ചശേഷം വീട്ടിലേക്കു മടങ്ങിയ നിങ്ങളെ ഒരു സുപ്രഭാതത്തിൽ ടീമിലേക്കു തിരികെ വിളിക്കുന്നില്ല. ഇതോടെ എന്താണ് സംഭവിച്ചതെന്ന് നമുക്ക് സംശയമാകും’ – റെയ്ന വിശദീകരിച്ചു.

‘എന്റെ കളിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നിങ്ങൾക്കു പറയാം. പരിഹരിക്കാൻ എത്ര കഠിനാധ്വാനം ചെയ്യാനും ഞാൻ തയാറാണ്. പക്ഷേ എന്താണ് പ്രശ്നമെന്ന് ഉത്തരവാദിത്തപ്പെട്ടവർ ചൂണ്ടിക്കാട്ടണം. അത് മനസ്സിലായില്ലെങ്കിൽ എക്കാലവും നമ്മുടെയുള്ളിൽ സംശയം കിടക്കും. കാരണമറിയാതെ നമ്മൾ എങ്ങനെയാണ് പ്രശ്നം പരിഹരിക്കുക?’ – റെയ്ന ചോദിച്ചു. 2018 ജൂലൈയ്ക്കു ശേഷം ഇതുവരെ ദേശീയ ടീമിനായി കളിച്ചിട്ടില്ലെങ്കിലും ഇപ്പോഴും തന്റെയുള്ളിൽ ഇന്ത്യൻ ജഴ്സിയണിയാനുള്ള മോഹം ബാക്കിനിൽക്കുന്നുവെന്ന് വെളിവാക്കുന്നതാണ് റെയ്നയുടെ വാക്കുകൾ.

‘നമ്മൾ രഞ്ജി ട്രോഫിയിൽ കളിക്കുമ്പോൾ അത് കാണാൻ ആരുമുണ്ടാകില്ല. പിന്നെ നമ്മുടെ കാത്തിരിപ്പ് ഐപിഎല്ലിനു വേണ്ടിയാണ്. അവിടെ ലോകോത്തര ബോളർമാരെ നേരിടാൻ നമുക്ക് അവസരം ലഭിക്കും. ഐപിഎൽ ടീം നമുക്കു പ്രതിഫലം നൽകുന്നതിനാൽ ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതോടെ ഐപിഎല്ലിൽ സമ്മർദ്ദം കൂടും. ട്വന്റി20 ക്രിക്കറ്റ് അതീവ സമ്മർദ്ദം നിറഞ്ഞതാണ്. അവിടെ ചിന്തിക്കാൻ പോലും സമയം കിട്ടില്ല. ഐപിഎല്ലിനിടെ പരുക്കേറ്റാൽ അതു ഭേദമാകാൻ പോലും നമുക്ക് സമയം കിട്ടില്ല’ – റെയ്ന ചൂണ്ടിക്കാട്ടി.

2005ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ റെയ്ന രാജ്യാന്തര കരിയറിൽ ഇതുവരെ 18 ടെസ്റ്റും 226 ഏകദിനവും 78 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും സഹിതം 26.48 ശരാശരിയിൽ 768 റൺസും ഏകദിനത്തിൽ അഞ്ച് സെഞ്ചുറിയും 36 അർധസെ‍ഞ്ചുറിയും സഹിതം 35.31 ശരാശരിയിൽ 5615 റൺസും ട്വന്റി20യിൽ ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും സഹിതം 29.18 ശരാശരിയിൽ 1605 റൺസും നേടി. ടെസ്റ്റിൽ 13 വിക്കറ്റും ഏകദിനത്തിൽ 36 വിക്കറ്റും ട്വന്റി20യിൽ 13 വിക്കറ്റും വീഴ്ത്തി.

English Summary: Selectors should have taken more responsibility towards senior players: Suresh Raina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com