ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതിനു പിന്നാലെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ട്വിറ്ററിൽ ‘ട്രോൾമഴ’. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കിരീടം നേടാത്ത ടീമാണ് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ഐപിഎൽ മാറ്റിവച്ചതോടെ ‘ആർസിബി തോൽവിയറിയാത്ത ആദ്യ ഐപിഎൽ സീസൺ’ എന്ന തരത്തിലാണ് ട്രോളുകളുടെ പിറവി. ഐപിഎൽ മാറ്റിവച്ചതിൽ സന്തോഷിക്കുന്ന ഏക ടീം റോയൽ ചാലഞ്ചേഴ്സ് ആകും എന്ന തരത്തിലുമുണ്ട് ട്രോളുകൾ.

ഈ വർഷം മാർച്ച് 29 മുതൽ മേയ് 24 വരെയായിരുന്നു ഐപിഎല്ലിനായി ആദ്യം നിശ്ചയിച്ചത്. എന്നാൽ, കൊറോണ വൈറസ് വ്യാപനത്തിനു പിന്നാലെ കേന്ദ്രസർക്കാർ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ ഐപിഎൽ ഏപ്രിൽ 15ലേക്ക് നീട്ടിവയ്ക്കുന്നതായി ബിസിസിഐ അറിയിച്ചു. ഇതിനു പിന്നാലെയാണ് ഏപ്രിൽ 14 വരെ സർക്കാർ ലോക്ഡൗൺ ഏർപ്പെടുത്തിയത്. പിന്നീട് ലോക്ഡൗൺ മേയ് മൂന്നുവരെ ദീർഘിപ്പിച്ചതോടെ ഐപിഎൽ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

കോലിയും ഡിവില്ലിയേഴ്സും ഉൾപ്പെടുന്ന വമ്പൻ താരനിരയുണ്ടെങ്കിലും ഐപിഎല്ലിൽ സ്ഥിരമായി നിരാശപ്പെടുത്തുന്ന ടീമാണ് ആർസിബി. മത്സരങ്ങൾ ജയിക്കാൻ കോലിയെയും ഡിവില്ലിേയഴ്സിനെയും അമിതമായി ആശ്രയിക്കുന്നുവെന്നതാണ് ആർസിബിക്കെതിരായ പ്രധാന വിമർശനം.

വിരാട് കോലി മിന്നുന്ന ഫോമിൽ കളിച്ച 2016ലെ ഐപിഎല്ലിലാണ് റോയൽ ചാലഞ്ചേഴ്സ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. അന്ന് നാലു സെഞ്ചുറികൾ സഹിതം 970 റൺസാണ് കോലി അടിച്ചുകൂട്ടിയത്. ഇത് ഇന്നും റെക്കോർഡാണ്. കോലി കൂടുതൽ റണ്‍സ് നേടിയ താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കിയെങ്കിലും റോയൽ ചാലഞ്ചേഴ്സ് കലാശപ്പോരിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റു. അതിനുശേഷം പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം അവർക്ക് സാധ്യമായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് തോൽവിയറിയാത്ത ആദ്യ സീസണെന്ന തരത്തിൽ ആരാധകർ കൂട്ടത്തോടെ ട്രോളുകളുമായി രംഗത്തെത്തിയത്.

English Summary: Fans troll RCB after BCCI postpones IPL 2020 until further notice, calling unbeaten side

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com