ADVERTISEMENT

ന്യൂഡൽഹി∙ ‘വടികൊടുത്ത് അടിവാങ്ങുക’ എന്നു കേട്ടിട്ടില്ലേ? ഐപിഎൽ 12–ാം സീസണിലെ ക്വാളിഫയർ പോരാട്ടത്തിനിടെ നടന്ന, ഈ പ്രയോഗത്തെ സാധൂകരിക്കുന്നൊരു സംഭവം വെളിപ്പെടുത്തി ഇന്ത്യൻ പേസ് ബോളർ ഇഷാന്ത് ശർമ. ഒരു യുട്യൂബ് ചാനലിലെ ക്രിക്കറ്റ് ചാറ്റ് ഷോയിലാണ് ധോണിയുമായി ബന്ധപ്പെട്ട് ‘അസാധാരണ’മായ ഈ സംഭവം ഇഷാന്ത് വിവരിച്ചത്. തനിക്ക് സിക്സടിക്കാനറിയില്ലെന്ന് മത്സരത്തിനിടെ വിക്കറ്റിനു പിന്നിൽനിന്ന് ധോണി പരിഹസിച്ചെന്നാണ് ഇഷാന്തിന്റെ വെളിപ്പെടുത്തൽ. ഇതിന് ഇഷാന്തിന് മറുപടി നൽകിയതോ? രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിൽ ഫോർ. പിന്നാലെ അവസാന പന്തിൽ ബോളറുടെ തലയ്ക്കു മുകളിലൂടെ ഒരു പടുകൂറ്റൻ സിക്സും!

കഴിഞ്ഞ വർഷത്തെ ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടിയത് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും ഇഷാന്ത് ശർമയുടെ ഡൽഹി ക്യാപിറ്റൽസുമായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്തത് ഡൽഹി. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിൽ ട്രെന്റ് ബോൾട്ട് ക്ലീൻ ബൗൾഡായതോടെയാണ് ഇഷാന്ത് ക്രീസിലെത്തുന്നത്.

പതിവിലും വേഗത്തിലെത്തിയ ജഡേജയുടെ നാലാം പന്തിൽ ഇഷാന്തിനു തൊടാനായില്ല. എന്നാൽ, അഞ്ചാം പന്തിൽ രംഗം മാറി. ഇഷാന്ത് വലിച്ചടിച്ച പന്ത് ലോങ് ഓണിന്റെ ഇടതുഭാഗത്തുകൂടി ബൗണ്ടറി ലൈൻ കടന്നു. ഫാഫ് ഡുപ്ലേസിയുടെ കഠിന ശ്രമത്തിനും പന്തു തടയാനായില്ല. ജഡേജയുടെ അടുത്ത പന്തിൽ ഇഷാന്ത് വീണ്ടും തകർത്തടിച്ചു. പന്ത് ബോളറുടെ തലയ്ക്കു മുകളിലൂടെ ഗാലറിയിൽ – സിക്സ്! ഇതോടെ ഐപിഎല്ലിൽ തന്റെ ഉയർന്ന സ്കോറും ഇഷാന്ത് കുറിച്ചു; മൂന്നു പന്തിൽ പുറത്താകാതെ 10 റൺസ്!

ഇനി ഈ സംഭവത്തേക്കുറിച്ച് ഇഷാന്തിന്റെ വാക്കുകളിലൂടെ: കഴിഞ്ഞ വർഷം ഐപിഎൽ ക്വാളിഫയറിനിടെ, എനിക്ക് സിക്സറടിക്കാനറിയില്ലെന്ന് മഹി ഭായ് (മഹേന്ദ്രസിങ് ധോണി) പരിഹസിച്ചു. ഇതിനു പിന്നാലെയാണ് ജഡ്ഡു (രവീന്ദ്ര ജഡേജ) ബോൾ ചെയ്യാനെത്തിയത്. ആദ്യ പന്ത് ഞാൻ ഫോറടിച്ചു. പിന്നാലെ സിക്സും. അതിനുശേഷം മഹി ഭായിയുടെ പ്രതികരണം എന്തെന്നു കാണാൻ ഞാൻ തിരിഞ്ഞുനോക്കി. ജഡേജയോട് ആകെ കലിപ്പിലായിരുന്നു അദ്ദേഹം’ – യുട്യൂബ് ചാനലിലെ ഷോയിൽ ഇഷാന്ത് വെളിപ്പെടുത്തി.

ഇഷാന്തിന്റെ അവസാന പന്തിലെ സിക്സർ സഹിതം ഡൽഹി ക്യാപിറ്റിൽസ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. എന്നാൽ, ഓപ്പണർമാരായ ഫാഫ് ഡുപ്ലേസിയും ഷെയ്ൻ വാട്സനും അർധസെഞ്ചുറി നേടിയതോടെ 19 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ചെന്നൈ ലക്ഷ്യത്തിലെത്തി. അതേസമയം, മത്സരത്തിൽ രസകരമായ മറ്റൊരു സംഭവം കൂടിയുണ്ടായി. ഈ മത്സരത്തിൽ ധോണിയെ പുറത്താക്കിയതും ഇഷാന്തായിരുന്നു. ഒൻപതു പന്തിൽ ഒരു ഫോർ സഹിതം ഒൻപതു റൺസെടുത്ത ധോണിയെ ഇഷാന്ത് കീമോ പോളിന്റെ കൈകളിലെത്തിച്ചു.

English Summary: Ishant Sharma recalls incident when he teased MS Dhoni during IPL 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com