ADVERTISEMENT

മുംബൈ∙ ക്രിക്കറ്റിലെ വാർഷിക പുരസ്കാരങ്ങൾ സമ്മാനിക്കുമ്പോൾ പുലർത്തുന്ന ‘ഇംഗ്ലിഷ് ചായ്‌വി’ന്റെ പേരിൽ വിഖ്യാതമായ വിസ്ഡന്‍ മാസികയ്ക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കറിന്റെ വിമർശനം. കഴിഞ്ഞ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിലൊരാളായ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയെ വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക്കിന്റെ മികച്ച താരങ്ങളുടെ പട്ടികയിൽനിന്ന് തഴഞ്ഞതാണ് ഗാവസ്കറിനെ പ്രകോപിപ്പിച്ചത്. വസ്തുനിഷ്ഠമല്ലാത്ത വിസ്ഡന്‍ പുരസ്കാരത്തിൽനിന്ന് തഴയപ്പെട്ടതിന്റെ പേരിൽ രോഹിത് ശർമയ്ക്ക് ഉറക്കമൊന്നും നഷ്ടമാകാൻ പോകുന്നില്ലെന്ന് ഗാവസ്കർ പരിഹസിച്ചു.

‘ഏറ്റവും മികച്ചയാൾക്കു പകരം രണ്ടാമത്തെയാളെയോ താരതമ്യേന മോശം പ്രകടനമോ ആണ് വിസ്ഡൻ അംഗീകരിക്കുകയെന്ന് ഇതാ ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. താരങ്ങൾ ആയിരക്കണക്കിന് റൺസോ നൂറുകണക്കിന് വിക്കറ്റോ നേടിയാലും അത് ഇംഗ്ലണ്ട് മണ്ണിൽവച്ചല്ലെങ്കിൽ വിഡ്സന്റെ മികച്ച അഞ്ചു താരങ്ങളിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കരുത്. ഇതാണ് വസ്തുതയെന്നിരിക്കെ ആ പുരസ്കാരത്തിനും മാസികയ്ക്കും എന്തിനാണ് നമ്മൾ ഇത്ര പ്രാധാന്യം നൽകുന്നത്? അത് ഇംഗ്ലണ്ടുകാർക്കു വേണ്ടി മാത്രമുള്ളതാണ്’ – ഗാവസ്കർ ഡെയ്‌ലി മിഡ്–ഡേയിൽ എഴുതിയ കോളത്തിൽ ചൂണ്ടിക്കാട്ടി.

വിജയങ്ങൾക്കായി ദാഹിക്കുന്ന ഒരു ടീമിന്റെ ഭാഗമായ രോഹിത് ശർമയ്ക്ക്, ഈ പട്ടികയിൽ ഉൾപ്പെടാതെ പോയത് അത്ര വലിയ സംഭവം പോലുമായിരിക്കില്ലെന്ന് ഗാവസ്കർ അഭിപ്രായപ്പെട്ടു.

‘ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കാം. ആ പട്ടികയിൽനിന്ന് പേരു വെട്ടിയതിന്റെ പേരിൽ രോഹിത് ശർമയ്ക്ക് ഉറക്കം നഷ്ടപ്പെടാനൊന്നും പോകുന്നില്ല. രാജ്യത്തിനായി പരമാവധി മത്സരങ്ങൾ ജയിക്കുക മാത്രമാണ് രോഹിത്തിന്റെയും ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളുടെയും ലക്ഷ്യം. കളത്തിൽ സ്വന്തമാക്കുന്ന നേട്ടങ്ങൾക്ക് കൂട്ടുകാരുടെ തലോടലും സ്നേഹവും അവർക്ക് അവിടെത്തന്നെ കിട്ടുന്നുണ്ട്. ഒരു ക്രിക്കറ്റ് താരം പ്രതീക്ഷിക്കുന്ന അഭിനന്ദനം അതു മാത്രമാണ്. അതുകൊണ്ട് വിസ്ഡന്റെ പട്ടികയിൽ ഇല്ലാതെ പോയതുകൊണ്ട് രോഹിത് അസ്വസ്ഥനാണ് എന്ന് തെറ്റിദ്ധരിക്കരുത്. ലോകകപ്പിൽ ഇന്ത്യൻ ടീമിനു വേണ്ടി തന്റെ പരമാവധി നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുമതി’ – ഗാവസ്കർ കുറിച്ചു.

േനരത്തെ, ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും രോഹിത് ശർമ വിസ്ഡൻ മാസിക തിരഞ്ഞെടുത്ത മികച്ച അഞ്ചു താരങ്ങളിൽ ഉൾപ്പെടാതെ പോയത് ഞെട്ടിച്ചെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണും വ്യക്തമാക്കിയിരുന്നു. ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പോയ വർഷത്തെ മികച്ച താരങ്ങളുടെ പട്ടികയിൽ രോഹിത്തിന് ഇടം നൽകാതിരുന്നത് നിർഭാഗ്യകരമായിപ്പോയെന്നായിരുന്നു ലക്ഷ്മണിന്റെ അഭിപ്രായം. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും പാക്കിസ്ഥാനെതിരെയും രോഹിത് നേടിയ സെ‍ഞ്ചുറികളുടെ കാര്യം ലക്ഷ്മൺ എടുത്തുപറഞ്ഞു.

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെയാണ് പോയ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി (ലീഡിങ് ക്രിക്കറ്റർ ഇൻ ദ് വേൾഡ്) വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക് തിരഞ്ഞെടുത്തത്. ഏകദിന ലോകകപ്പിലെയും ആഷസിലെയും ഉജ്വല പ്രകടനങ്ങളാണ് സ്റ്റോക്സിനെ പുരസ്കാര ജേതാവാക്കിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ് കഴിഞ്ഞ 3 തവണയും ഈ പുരസ്കാരം നേടിയത്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലിസ് പെറിയാണ് മികച്ച വനിതാ താരം. ക്രിക്കറ്റേഴ്സ് ഓഫ് ദി ഇയർ പട്ടികയിലും പെറി ഇടം പിടിച്ചു. പെറിക്കൊപ്പം പാറ്റ് കമിൻസ്, മാർനസ് ലബുഷെയ്ൻ, ജോഫ്ര ആർച്ചർ, സൈൺ ഹാർമർ എന്നിവരാണ് ക്രിക്കറ്റേഴ്സ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്.

English Summary: ‘Why should anyone give importance’: Sunil Gavaskar slams Wisden, says Rohit Sharma will not lose sleep over exclusion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com