ADVERTISEMENT

ന്യൂഡൽഹി∙ ഉത്തേജകം ഉപയോഗിച്ചതിന്റെ പേരിൽ സജീവ ക്രിക്കറ്റിൽനിന്ന് മാറിനിൽക്കേണ്ടിവന്നത് പീഡനതുല്യമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി യുവ ഇന്ത്യൻ താരം പൃഥ്വി ഷാ രംഗത്ത്. റൺസിനായുള്ള തന്റെ ദാഹം വർധിപ്പിക്കാൻ ഈ ഇടവേള സഹായിച്ചതായും ഷാ വെളിപ്പെടുത്തി. കഫ് സിറപ്പുകളിൽ കാണുന്ന നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് കഴിഞ്ഞ വർഷം ജൂലൈയിൽ സജീവ ക്രിക്കറ്റിൽനിന്ന് വിലക്കേർപ്പെടുത്തിയത്.

‘അതൊരു പിഴവായിരുന്നു. ക്രിക്കറ്റിൽനിന്ന് അകന്നുനിന്ന ദിനങ്ങൾ പീഡനതുല്യവും’ – പൃഥ്വി ഷാ പറഞ്ഞു. ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ലൈവ് ചാറ്റിനിടെയാണ് ഷാ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘ഉത്തേജക വിവാദത്തിൽ കുരുങ്ങിയതോടെ ഞാനുമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യങ്ങളും ഉയർന്നു. പക്ഷേ, ഞാൻ എന്നിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ചു. ഫിറ്റ്നസുമായി ബന്ധപ്പെട്ട് കുറച്ചുകാലം ലണ്ടനിൽ ചെലവഴിച്ചു. ക്രിക്കറ്റ് കളിക്കാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. വിലക്ക് കാലാവധി അവസാനിച്ച് വീണ്ടും രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തിയപ്പോൾ റൺസിനായുള്ള എന്റെ ദാഹം വർധിച്ചിരുന്നു. വീണ്ടും ബാറ്റെടുത്തപ്പോൾ എനിക്ക് അപരിചിതത്വമൊന്നും തോന്നിയില്ല. ആ ഇടവേള എന്നെ കൂടുതൽ കരുത്തനാക്കി’ – പൃഥ്വി ഷാ പറഞ്ഞു.

നേരത്തെ, ഉത്തജേക മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് എട്ടു മാസം നീണ്ടുനിന്ന വിലക്കിലായിരുന്നു ഷാ. ജലദോഷത്തിനുള്ള മരുന്നുകളിലുള്ള ടെർബ്യൂട്ടാലിൻ ആണ് ഷായുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയത്. അരക്കെട്ടിനേറ്റ പരുക്കിനെ തുടർന്ന് വിശ്രമത്തിലിരിക്കെയാണ് വിലക്കു ലഭിച്ചത്. ഫെബ്രുവരി 22ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പൃഥ്വി നൽകിയ മൂത്ര സാംപിളിൽ ടെർബ്യൂട്ടാലിൻ എന്ന ഉൽപന്നമാണു കണ്ടെടുത്തത്. കഫ് സിറപ്പ് ഉപയോഗിച്ചിരുന്നുവെന്നും അതിൽ ടെർബ്യൂട്ടാലിൻ അടങ്ങിയിട്ടുണ്ടെന്ന് അറിയില്ലായിരുന്നു എന്നുമാണു ഷാ നൽകിയ വിശദീകരണം. ഉത്തേജക വിരുദ്ധ ഏജൻസിയായ ‘വാഡ’യുടെ നിരോധിത പട്ടികയിൽപ്പെട്ട ഉൽപന്നമാണ് ടെർബ്യൂട്ടാലിൻ എന്നതിനാൽ വിലക്ക് എന്നത് അനിവാര്യതയായി.

English Summary: Period away from cricket was like torture: Prithvi Shaw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com