ADVERTISEMENT

ലോകത്തെ മറ്റെല്ലാ സ്ഥലങ്ങളെയും സച്ചിൻ കീഴടക്കിയത് ഒരു ബാറ്റു കൊണ്ടായിരിക്കാം; പക്ഷേ സച്ചിൻ കേരളം കീഴടക്കിയത് പന്തുകൾ കൊണ്ടാണ്. ക്രിക്കറ്റ് കരിയറിൽ സച്ചിന്റെ രണ്ട് 5 വിക്കറ്റ് നേട്ടങ്ങളും കൊച്ചിയിലായിരുന്നു. പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമയെന്ന നിലയിൽ ഫുട്ബോളുമായെത്തിയും സച്ചിൻ മലയാളികളുടെ മനം കവർന്നു.

ഇതിനെല്ലാം പകരം, കേരളത്തിലെ ആരാധകർ തനിക്കു ഹൃദയംതന്നെ നൽകിയെന്നു പറയുന്നു സച്ചിൻ. 47–ാം ജന്മദിനത്തലേന്ന് മുംബൈ ബാന്ദ്രയിലെ വീട്ടിൽ ‘മലയാള മനോരമ’ വായനക്കാരുടെ ചോദ്യങ്ങൾക്കു മുന്നിലിരുന്നപ്പോൾ സച്ചിനും ആ ഓർമകളിലേക്കു പോയി. തിരഞ്ഞെടുത്ത കുറച്ചു ചോദ്യങ്ങൾക്കാണു സച്ചിൻ ഉത്തരം നൽകിയത്. സൗരവ് ഗാംഗുലിയും വീരേന്ദർ സേവാഗും ശ്രേയ ഘോഷാലും കൊച്ചിയുമെല്ലാം സച്ചിന്റെ ഉത്തരങ്ങളിൽ കടന്നുവന്നു.

ഞങ്ങൾ ക്രിക്കറ്റ് ആരാധകരുടെ ഏറ്റവും വലിയ ‘നൊസ്റ്റാൾജിയ’ സച്ചിനും സൗരവ് ഗാംഗുലിയും ഒന്നിച്ചു കളിച്ച ഇന്നിങ്സുകളാണ്. ഗാംഗുലിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തപ്പോഴാണല്ലോ സച്ചിന്റെ മികച്ച പല ഇന്നിങ്സുകളും പിറന്നത്. നിങ്ങൾ തമ്മിലുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടായി കരുതുന്നത് ഏതാണ്?

– അയാൻ സൈൻ, പുർവ അപാർട്മെന്റ്, കെംപാപുര, ബെംഗളൂരു

സൗരവുമൊത്തുള്ള എന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്ന് 2007ൽ ഇംഗ്ലണ്ടിനെതിരെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നേടിയതാണ്. 22.2 ഓവറിൽ 150 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ ഞങ്ങൾ നേടിയത്. 316 റൺസ് പിന്തുടർന്ന നമ്മൾ 2 വിക്കറ്റിനു ജയിച്ചു.

sachin-ganguly

94 റൺസെടുത്ത് ഞാൻ മാൻ ഓഫ് ദ് മാച്ചും ആയി. ദാദയ്ക്കൊപ്പമുള്ള എന്റെ മറ്റൊരു ഇഷ്ട പാർട്നർഷിപ് 1998ൽ കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരായ കളിയിലേതാണ്. ഒന്നാം വിക്കറ്റിൽ ഞങ്ങൾ നേടിയത് 252 റൺസ്. ദാദ 109 റൺസെടുത്തു. ഞാൻ 128 റൺസും. മത്സരം നമ്മൾ 6 റൺസിനു ജയിക്കുകയും ചെയ്തു.

1998 ജൂലൈ 7. ശ്രീലങ്കൻ ക്രിക്കറ്റിന്റെ 50–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നിദാസ് ട്രോഫി ഫൈനലി‍ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് പാർട്നർഷിപ് എന്ന റെക്കോർഡ് സച്ചിനും ഗാംഗുലിയും സ്വന്തമാക്കിയത് (252 റൺസ് – പിന്നീട് ഈ റെക്കോർഡ് തിരുത്തപ്പെട്ടു). ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 6 വിക്കറ്റിന് 307 നേടി. സച്ചിനും (128) ഗാംഗുലിയും (109) സെഞ്ചുറി നേടിയ മത്സരം ഇന്ത്യ 6 റൺസിനു ജയിച്ചു. 

പ്രശസ്ത സംഗീത സംവിധായകനായ സച്ചിൻ ദേവ് ബർമനിൽ (എസ്.ഡി.ബർമൻ) നിന്നാണു താങ്കൾക്കു സച്ചിൻ എന്നു പേരിടാൻ അച്ഛൻ തീരുമാനിച്ചതെന്നു കേട്ടിട്ടുണ്ട്. അച്ഛൻ രമേശ് തെൻഡുൽക്കർ പ്രശസ്ത മറാഠി സാഹിത്യകാരനുമായിരുന്നല്ലോ. സംഗീതം സച്ചിന്റെ ജീവിതത്തിൽ പിന്നീട് എങ്ങനെയൊക്കെ സ്വാധീനം ചെലുത്തി? സച്ചിന്റെ ഇഷ്ട ഗായകർ ആരൊക്കെയാണ്?

– ജോമോൾ ജോസ്, തൈപ്പറമ്പിൽ, ആനവിരട്ടി, ഇടുക്കി

എല്ലായ്പ്പോഴും പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നൊരാളാണു ഞാൻ. ഈ ലോക്ഡൗണിൽ, വീട്ടിൽ ബോർഡ് ഗെയിംസ് കളിച്ചിരിക്കുമ്പോഴും ബാക്ക്ഗ്രൗണ്ടിൽ ഒരു പാട്ടുണ്ടാകും; ഇഷ്ടഗാനങ്ങൾ മാറിമാറി വരുമെങ്കിലും.

എസ്.ഡി.ബർമന്റെ കാര്യം പറയുകയാണെങ്കിൽ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും ഇഷ്ടമുള്ളതാണ് അദ്ദേഹത്തിന്റെ സംഗീതം. കിഷോർ കുമാർ, മുഹമ്മദ് റഫി, ലത മങ്കേഷ്ക്കർ, ആശാ ഭോസ്‌ലെ എന്നിവരുടെയെല്ലാം പഴയ പാട്ടുകൾ, ശങ്കർ മഹാദേവൻ, ഹർഷ്‌ദീപ് കൗർ എന്നിവരുടെയല്ലാം പുതിയ പാട്ടുകൾ.. പിന്നെ തീർച്ചയായും ശ്രേയ ഘോഷാൽ...

sachin-burman
സച്ചിൻ ദേവ് ബർമൻ

സച്ചിൻ ദേവ് ബർമൻ

1940 –70 കാലഘട്ടത്തിൽ ബോളിവുഡിൽ തരംഗം സൃഷ്ടിച്ച സംഗീത സംവിധായകനാണ് സച്ചിൻ ദേവ് ബർമൻ എന്ന എസ്.ഡി.ബർമൻ. ബംഗാളി സിനിമയിലൂടെ സംഗീത സംവിധാനത്തിൽ ഹരിശ്രീ കുറിച്ച ബർമന്റെ വലിയ ആരാധകനായിരുന്നു സച്ചിന്റെ പിതാവ് രമേശ് തെൻഡുൽക്കർ. കിഷോർ കുമാർ, മുഹമ്മദ് റഫി എന്നീ ഗായകരെ ജനപ്രിയരാക്കുന്നതിൽ ബർമന്റെ സംഗീതം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

സഞ്ജൂ, ക്രിക്കറ്റിനെ ആരാധിക്കൂ!

മനോരമയിലൂടെ സച്ചിന്റെ ഇന്റർവ്യൂ ചെയ്യാനായി ചോദ്യങ്ങൾ അയച്ചവരിൽ ഒരു ‘സൂപ്പർ സ്റ്റാർ വായനക്കാരൻ’ ഉണ്ടായിരുന്നു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ! സച്ചിനോടു സഞ്ജുവിന്റെ ചോദ്യവും സച്ചിന്റെ ഉത്തരവും ഇതാ...

സർ,

ക്രിക്കറ്റിന്റെ ദൈവം ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു എന്നതിന്റെ എക്സൈറ്റ്മെന്റിലാണു ഞാൻ. 2013ൽ താങ്കളെ ആദ്യമായി കണ്ടപ്പോൾ അന്തംവിട്ടു നിൽക്കുകയായിരുന്നു ഞാൻ. അപ്പോൾ താങ്കൾ എന്നെ അടുത്തേക്കു വിളിച്ച് കുറെ സംസാരിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളായിരുന്നു അത്. 7 വർഷങ്ങൾക്കു ശേഷം ഇപ്പോഴും എനിക്കു ചോദ്യങ്ങളൊന്നുമില്ല. പക്ഷേ, അങ്ങയെപ്പോലെ ഒരു ഇതിഹാസ താരത്തിൽനിന്ന് ഒരു ഉപദേശം മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്... 

Sanju-Samson

– സഞ്ജു സാംസൺ

സഞ്ജൂ,ഏറ്റവും ഒടുവിൽ‌ നമ്മൾ സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞത് എനിക്കോർമയുണ്ട്. ക്രിക്കറ്റിനെ ആരാധിക്കുക, അപ്പോൾ ക്രിക്കറ്റ് നിങ്ങൾക്കെല്ലാം നൽകും എന്നതായിരുന്നു എന്റെ വാക്കുകൾ. ഇപ്പോഴും ഞാൻ അതു തന്നെ പറയുന്നു. കരിയറിൽ വെല്ലുവിളികളുണ്ടാകും; ടീമിൽ സ്ഥാനം കിട്ടാത്തത് ഉൾപ്പെടെ. പക്ഷേ, അതിനെക്കുറിച്ചോർത്തു തല പുകയ്ക്കേണ്ട. നമുക്കു ചെയ്യാനാവുന്ന കാര്യങ്ങൾ 100 ശതമാനം ആത്മാർഥതയോടെ ചെയ്യുക. ഒരു കാര്യവും വിട്ടുകളയാതിരിക്കുക.

ക്രിക്കറ്റ് കരിയറിൽ താങ്കൾ രണ്ടു വട്ടം 5 വിക്കറ്റ് നേട്ടം കൈവരിച്ചതു കൊച്ചിയിലാണ്. പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സിലൂടെ വീണ്ടും കൊച്ചിയിലെത്തി. കൊച്ചിയെക്കുറിച്ചുള്ള ഓർമകൾ?

- മാർട്ടിൻ എൻ.ജോസഫ്, നീണ്ടൂക്കുന്നേൽ, തലനാട്, കോട്ടയം

കൊച്ചി എപ്പോഴും എന്നെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ച സ്ഥലമാണ്. അതു ക്രിക്കറ്റ് കളിക്കാൻ വന്നപ്പോൾ മാത്രമല്ല. ഐഎസ്എൽ ഫുട്ബോളുമായി കൊച്ചിയിൽ വന്നപ്പോഴും പഴയ സ്നേഹത്തിന് ഒരു മാറ്റവുമുണ്ടായില്ല.

വിജയം നേടിക്കൊടുത്ത സച്ചിൻ മാൻ ഓഫ് ദ് മാച്ചുമായി. 2005ൽ പാക്കിസ്ഥാനെതിരെ കൊച്ചിയിൽ നടന്ന ഏകദിനത്തിൽ സച്ചിൻ നേടിയത് 50 റൺസ് വഴങ്ങി 5 വിക്കറ്റ്.

sachin-pak

സച്ചിന്റെ ബോളിങ് റെക്കോർഡുകൾക്കു വേദിയാകാനുള്ള ഭാഗ്യം ലഭിച്ചത് കേരളത്തിന്റെ സ്വന്തം കൊച്ചി കലൂർ സ്റ്റേഡിയത്തിനാണ്. സച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിന് വേദിയായതും കൊച്ചിയാണ്. (5ന് 32 – 1998ൽ ഓസ്ട്രേലിയയ്ക്കെതിരെ). ഇന്ത്യയ്ക്ക് അവിശ്വസനീയ വിജയം നേടിക്കൊടുത്ത സച്ചിൻ മാൻ ഓഫ് ദ് മാച്ചുമായി. 2005ൽ പാക്കിസ്ഥാനെതിരെ കൊച്ചിയിൽ നടന്ന ഏകദിനത്തിൽ സച്ചിൻ നേടിയത് 50 റൺസ് വഴങ്ങി 5 വിക്കറ്റ്.

ഓപ്പണിങ് പങ്കാളിയായ വീരേന്ദർ സേവാഗിനു സച്ചിൻ ഉപദേശങ്ങൾ നൽകുന്നതും വീരു അടിച്ചു തകർക്കുന്നതും പലവട്ടം കണ്ടിട്ടുണ്ട്. വീരുവിനൊപ്പമുള്ള ഏറ്റവും നല്ല ഒരു ഓർമ പങ്കുവയ്ക്കാമോ?

-ആദർശ്, സൗത്ത് ചിറ്റൂർ, എറണാകുളം

വീരുവിനൊപ്പമുള്ള ഏറ്റവും മികച്ച ക്രിക്കറ്റ് ഓർമ 2003 ലോകകപ്പിൽ പാക്കിസ്ഥാനെതിരെയുള്ള മത്സരംതന്നെ. ചെറിയ കൂട്ടുകെട്ടായിരുന്നെങ്കിലും അന്നു ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചു. മറ്റൊന്ന്, വീരുവിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ്. 2001ൽ ബ്ലുംഫൊണ്ടെയ്നിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ. വീരു 105 റൺസടിച്ചു. ഞാൻ 155 റൺസും. വീരുവിന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു നിമിഷംകൂടിയായിരുന്നു അത്.

sachin-sehwag

തന്റെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെയാണു വീരേന്ദർ സേവാഗ് കന്നി സെഞ്ചുറി നേടിയത്.  സച്ചിനും സേവാഗും അന്ന് 5–ാം വിക്കറ്റിൽ ചേർത്തത് 220 റൺസ്. എന്നാൽ 2–ാം ഇന്നിങ്സിൽ സച്ചിൻ 15 റൺസിനും സേവാഗ് 31 റൺസിനും പുറത്തായി. ഹെർഷൽ ഗിബ്സ്, ലാൻസ് ക്ലൂസ്നർ എന്നിവരുടെ സെഞ്ചുറികളിൽ ഒന്നാം ഇന്നിങ്സിൽ 563 റൺസ് നേടിയ ദക്ഷിണാഫ്രിക്ക മത്സരം 9 വിക്കറ്റിനു ജയിക്കുകയും ചെയ്തു. 

കേരള ബ്ലാസ്റ്റേഴ്സ് ഉടമയായപ്പോഴും മറ്റും കേരളത്തിൽ കുറെ തവണ വന്നിരുന്നല്ലോ... മലയാളികളെക്കുറിച്ച് സച്ചിന് ഇഷ്ടമുള്ള 3 കാര്യങ്ങൾ പറയാമോ?

-എൻ.നിയാസ്, മുത്തുപുരയിടം, എഎൻ പുരം, ആലപ്പുഴ

നിങ്ങളുടെ ഭക്ഷണം, എല്ലാ കാര്യങ്ങളിലും മലയാളികൾ പ്രകടിപ്പിക്കുന്ന പ്രത്യേക താൽപര്യം, പിന്നെ എനിക്കു കിട്ടാറുള്ള പ്രത്യേക കരുതലും! അതു ഹോട്ടലിലായാലും ക്രിക്കറ്റ് ഫീൽഡിലായാലും ഫുട്ബോൾ ഗാലറിയിലായാലും, ഒരുപോലെ തന്നെ!

sachin-food
സച്ചിനും കേരളാ ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകനായ ഡേവിഡ് ജെയിംസും.

ആശംസകളുമായി കേരളത്തിന്റെ സച്ചിൻമാർ

∙ നന്ദി, സച്ചിൻ 

സച്ചിനെന്ന ഇതിഹാസത്തിന്റെ പേര് ഒപ്പംകൂട്ടിയുള്ള എന്റെ ജീവിതത്തിന്റെ ഇന്നിങ്സ് ആവേശകരമായിരുന്നു. സച്ചിൻ അരങ്ങേറ്റം കുറിക്കും മുൻപേ എനിക്ക് ആ പേരിട്ട അച്ഛനമ്മമാരെ നന്ദിയോടെ ഓർക്കുന്നു. ക്രിക്കറ്റിൽ എന്റേതായ വിലാസം കുറിക്കാൻ കഴിഞ്ഞത് ആ പേരു നൽകിയ പ്രചോദനംകൊണ്ടു കൂടിയാണ്... 

–സച്ചിൻ ബേബി (കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ)  

∙ സച്ചിൻ വിലാസം

sachin-baby-roby-warrier
സച്ചിൻ റോബി , സച്ചിൻ ബേബി, സച്ചിൻ വാരിയർ

യൂണിവേഴ്സിറ്റി അത്‌ലീറ്റായിരുന്ന അമ്മ തങ്കമ്മയാണ് എനിക്കു സച്ചിൻ എന്നു പേരിട്ടത്. ഞാനൊരു കായികതാരമായതുകൊണ്ടും പേരു സച്ചിനെന്നായതുകൊണ്ടും ഒറിജിനൽ സച്ചിന്റെ പേര് ചീത്തയാകാതെ നോക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.  

–സച്ചിൻ റോബി (അത്‌ലീറ്റ്, 2017 ഏഷ്യൻ അ‌ത്‌ലറ്റിക്സ് റിലേ സ്വർണ ജേതാവ്)

∙ രാഗം, താളം സച്ചിൻ 

എന്റെ ഫേവറിറ്റ് സച്ചിനു പിറന്നാൾ മംഗളങ്ങൾ. എസ്.ഡി.ബർമന്റെയും ബംഗാളി നടൻ സച്ചിന്റെയും ആരാധകനായ അച്ഛനാണ് എനിക്കു പേരിട്ടത്. സച്ചിൻ അരങ്ങേറ്റം കുറിച്ച 1989ലാണു ഞാൻ ജനിച്ചതെന്നു മാത്രം. 

സച്ചിൻ വാരിയർ (ഗായകൻ, സംഗീത സംവിധായകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com