ADVERTISEMENT

ന്യൂഡൽഹി∙ ക്രിക്കറ്റിൽ തന്റെ മെന്ററാണ് ഇന്ത്യയുടെ മുൻ നായകൻ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മഹേന്ദ്രസിങ് ധോണിയെന്ന് യുവതാരം ഋഷഭ് പന്ത്. യുവതാരങ്ങളെ സഹായിക്കുന്ന കാര്യത്തിൽ തന്റേതായൊരു രീതി കാത്തുസൂക്ഷിക്കുന്നയാളാണ് ധോണിയെന്നും പന്ത് വെളിപ്പെടുത്തി. നമ്മൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അദ്ദേഹം ഒരിക്കലും സമ്പൂർണമായ പരിഹാരം നിർദ്ദേശിക്കില്ല. പകരം, പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നും പന്ത് പറഞ്ഞു. മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമി എന്ന നിലയിൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തിയ താരമാണ് ഋഷഭ് പന്ത്. അതേസമയം, കോവിഡ് വ്യാപനത്തിനു മുന്‍പു നടന്ന ചില പരമ്പരകളിൽ പന്തിന്റെ പ്രകടനം തീർത്തും മോശമായിരുന്നു.

‘കളത്തിലായാലും കളത്തിനു പുറത്തായാലും അദ്ദേഹം (മഹേന്ദ്രസിങ് ധോണി) എന്റെ മെന്ററാണ്. ഞാൻ എന്തു പ്രശ്നത്തിൽപ്പെട്ടാലും അദ്ദേഹത്തിന്റെ അടുത്തു ധൈര്യമായി ചെല്ലാം. അദ്ദേഹം ഒരിക്കലും സമ്പൂർണ പ്രശ്ന പരിഹാരം നിർദ്ദേശിക്കുമെന്ന് പ്രതീക്ഷിക്കരുത്. പക്ഷേ പരിഹാരം കണ്ടെത്താൻ ഉറപ്പായും സഹായിക്കും’ – ഇൻസ്റ്റഗ്രാമിൽ ഡൽഹി ക്യാപിറ്റൽസുമൊത്തുള്ള ലൈവ് ചാറ്റിൽ പന്ത് വെളിപ്പെടുത്തി.

‘തീർച്ചയായും ഞാൻ അദ്ദേഹത്തിൽ അമിതമായി ആശ്രയിക്കാതിരിക്കാനുള്ള കരുതൽ ആകുമത്. പ്രശ്നം പരിഹരിക്കാനുള്ള ചില പൊടിക്കൈകൾ അദ്ദേഹം പറഞ്ഞുതരും. കളത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ട ബാറ്റിങ് കൂട്ടാളിയും ധോണിയാണ്. പക്ഷേ, ബാറ്റിങ്ങിനിടെ ഞങ്ങൾ ഒരുമിച്ച് കളത്തിൽ വരുന്നത് അപൂർവമാണെന്നു മാത്രം. അദ്ദേഹം ക്രീസിലുണ്ടെങ്കിൽ നമുക്ക് യാതൊരു സമ്മർദ്ദവുമില്ല. എല്ലാ വെല്ലുവിളികളും അദ്ദേഹം നോക്കിക്കോളും. അദ്ദേഹത്തിന്റെ മനസ്സിൽ വളരെ കൃത്യമായ പദ്ധതിയുണ്ടാകും. അദ്ദേഹത്തിനൊപ്പം നിന്നുകൊടുക്കുക മാത്രമാണ് നമ്മുടെ കർത്തവ്യം’ – പന്ത് പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന മഹേന്ദ്രസിങ് ധോണി ഐപിഎല്ലിലൂടെ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കൊറോണ വൈറസ് വ്യാപനത്തോടെ അതു പാളി. രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ നിലവിൽ റാഞ്ചിയിലെ വീട്ടിൽ വിശ്രമത്തിലാണ് ധോണി. തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം ഇതുവരെ മനസ്സു തുറന്നിട്ടുമില്ല. അതിനിടെ, ധോണി തന്റെ അവസാന രാജ്യാന്തര മത്സരം ലോകകപ്പ് സെമിയോടെ പൂർത്തിയാക്കിയതായി അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഹർഭജൻ സിങ് അഭിപ്രായപ്പെട്ടിരുന്നു.

English Summary: MS Dhoni always there to help but doesn't offer complete solutions: Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com