ADVERTISEMENT

വെല്ലിങ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ഒന്നാം നിര ബാറ്റ്സ്മാൻമാരുടെ പോലും പേടിസ്വപ്നമായിരുന്നു പാക്കിസ്ഥാൻ പേസ് ബോളർ വസിം അക്രം. മാരകമായ സ്വിങ് ബോളുകൾകൊണ്ട് ബാറ്റ്സ്മാൻമാരെ വിറപ്പിച്ചിരുന്ന താരം. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കെ അക്രത്തിന്റെ പന്തു നേരിടാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരു താരത്തിന് അവസരം ലഭിച്ചാൽ എങ്ങനെയിരിക്കും? കിട്ടിയ അവസരം മുതലെടുത്ത് നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയാലോ? എങ്ങനെയാകും അക്രത്തിന്റെ പ്രതികരണം? ഈ ചോദ്യത്തിന് അനുഭവത്തിന്റെ കരുത്തിൽ ഉത്തരം നൽകാൻ കഴിയുന്ന ഒരു താരമുണ്ട്. ന്യൂസീലൻഡുകാരനായ ജയിംസ് പാമെന്റ്. ന്യൂസീലൻഡിനായി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ലെങ്കിലും പാക്ക് താരത്തെ നേരിടാൻ പാമെന്റിന് ഒരിക്കൽ അവസരം കിട്ടി. 1995–96 സീസണിൽ.

ന്യൂസീലൻഡിൽ പര്യടനത്തിനെത്തിയ പാക്കിസ്ഥാനെതിരെ പരിശീലന മത്സരം കളിച്ച ടീമിൽ അംഗമായിരുന്നു ഓക്‌ലൻഡിൽ നിന്നുള്ള ഈ താരം. സെഡൻ പാർക്കിൽ നടന്ന മത്സരത്തിൽ വസിം അക്രത്തിനെതിരെ നേരിട്ട ആദ്യ പന്തിൽത്തന്നെ ബൗണ്ടറി നേടിയതുമാത്രമേ തനിക്ക് ഓർമയുള്ളൂ എന്ന് പറയുകയാണ് പാമെന്റ്. തൊട്ടടുത്ത പന്ത് നേരെ വന്ന് പതിച്ചത് ഹെൽമറ്റിൽ. ആകെ ‘കിളിപോയ’ അവസ്ഥയിലായ പാമെന്റ് അധികം വൈകാതെ പുറത്തായി മടങ്ങുമ്പോൾ പവലിയനിലേക്കുള്ള വഴിപോലും മറന്നുപോയത്രേ! ഒരു ലൈവ് ചാറ്റിൽ പാമെന്റ് തന്നെയാണ് ഈ സംഭവം വിവരിച്ചത്. എന്തായാലും പാമെന്റ് വിചിത്രമായ ഈ അനുഭവം ഓർത്തെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റാണ്. സംഭവം ഓർമയില്ലെങ്കിലും ഹെൽമറ്റിൽ എറിയേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച് ഇപ്പോഴിതാ വസിം അക്രവും രംഗത്തെത്തിയിരിക്കുന്നു.

സംഭവത്തെക്കുറിച്ച് പാമെന്റിന്റെ വിവരണം ഇങ്ങനെ:

‘അന്ന് പാക്കിസ്ഥാനെതിരെ പരിശീലന മത്സരം കളിച്ച ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാനായിരുന്നു ഞാൻ. ടോസ് നേടിയ നമ്മുടെ ടീം ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. പാക്കിസ്ഥാനു വേണ്ടി ബോളിങ് തുടങ്ങാനെത്തിയത് വസിം അക്രമാണ്. വഖാർ യൂനിസ് ഉൾപ്പെടെയുള്ളവരും ടീമിലുണ്ട്. കളി തുടങ്ങിയപ്പോൾ ആദ്യ പന്തുതന്നെ ഞാൻ അക്രത്തിനുനേരെ അടിച്ചത് നേരെ പോയി ബൗണ്ടറിയായി.’

‘ഒരാവേശത്തിന് പന്ത് അടിച്ചെങ്കിലും അത് ബൗണ്ടറി കടക്കുന്നതിനു മുൻപേ എനിക്ക് അപകടം മനസ്സിലായി. എന്തു മണ്ടത്തരമാണ് ചെയ്തതെന്ന് സ്വയം ചോദിച്ചു. വേണ്ടിയിരുന്നില്ല എന്നും തോന്നി. അടുത്ത പന്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ആദ്യ പന്തിന്റെ അതേ ലൈനിലാണ് ഇത്തവണയും പന്തുവന്നത്. പക്ഷേ 35 കിലോമീറ്റർ വേഗം കൂടുതലുണ്ടായിരുന്നെന്ന് മാത്രം. അതുനേരെ വന്ന് എന്റെ ഹെൽമറ്റിലിടിച്ചു. അതിന്റെ ബാഡ്ജ് പൊട്ടി നിലത്തുവീണു. ഞാൻ കുനിഞ്ഞ് അതെടുത്ത് പോക്കറ്റിലിട്ടു. എന്നിട്ട് ഇളകിപ്പോയ ഹെൽമറ്റ് ഒന്നുകൂടി തലയിലുറപ്പിച്ച് അടുത്ത പന്ത് നേരിടാൻ തയാറായി’ – ലൈവ് ചാറ്റിൽ ഒപ്പമുണ്ടായിരുന്നവരുടെ പൊട്ടിച്ചിരിക്കിടെ പാമെന്റ് വിവരിച്ചു.

‘അടുത്ത പന്ത് രണ്ടു മീറ്റർ അകലെ കൂടിയാണ് പോയത്. അത് ഞാൻ ശരിക്കു കണ്ടുപോലുമില്ല. തൊട്ടടുത്ത പന്തിൽ ഒരുതരത്തിൽ ബാറ്റൊന്നു മുട്ടിച്ചു. അതു നേരെ സ്ലിപ്പിൽ ഇൻസമാം ഉൾ ഹഖിന്റെ കയ്യിലെത്തി (ഔട്ട്). വളരെ ആശ്വാസത്തോടെ ഞാൻ ബാറ്റ് കക്ഷത്തിൽവച്ച് തിരിച്ചു നടക്കാനാരംഭിച്ചു. ഏതാണ്ട് 30 സെക്കൻഡ് നടന്നുകാണും. ബൗണ്ടറി ലൈനിന് അരികിലെത്തിയപ്പോൾ പുറത്തുനിന്ന് ഭയങ്കര അസഭ്യവർഷം. നിങ്ങളെന്താണ് ഈ വഴിക്ക് എന്നതായിരുന്നു ചോദ്യം. പുറത്തായിക്കഴിഞ്ഞ് നേരെ പവലിയനിലേക്കു നടക്കുന്നതിനു പകരം ഗ്രൗണ്ട്സ്മാൻ ഇരിക്കുന്ന സ്ഥലത്തേക്കാണ് ഞാൻ നടന്നത്. എനിക്കാകെ സംശയമായി. വന്നവഴിയേ തിരിച്ചുപോയി പവലിയനിലേക്കു നടക്കണോ എന്ന് ആലോചിച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ഗ്രൗണ്ട്സ്മാന്റെ ഷെഡിലേക്കു കയറിപ്പോയി’ – തലയ്ക്ക് കിട്ടിയ ഏറിൽ ‘കിളിപോയ’ കാര്യം ചൂണ്ടിക്കാട്ടി പാമെന്റ് വിവരിച്ചു.

∙ പ്രതികരണവുമായി അക്രം

എന്തായാലും ഈ അനുഭവം സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായി. ഇതിനിടെ അക്രത്തിന്റെ ഭാര്യ ‘ഈ സംഭവം ഓർക്കുന്നുണ്ടോ’ എന്ന ചോദ്യവുമായി പാമെന്റിന്റെ വിവരണം അക്രത്തെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. അക്രത്തിന്റെ മറുപടി ട്വീറ്റ് ഇങ്ങനെ:

‘ഹഹഹ.. ഈ സംഭവം ഓർമിക്കുന്നില്ല. എന്നാലും അതിൽ പറയുന്നയാൾ ഞാൻ തന്നെയാണെന്ന് തോന്നുന്നു. എന്റെ ആദ്യപന്തു തന്നെ ബൗണ്ടറി കടത്താം എന്ന ആശയം എങ്ങനെയാണ് നിങ്ങളുടെ തലയിലുദിച്ചത്? എന്തായാലും കൺകഷനു കാരണമായ ആ പന്തിൽ ഖേദിക്കുന്നു; – അക്രം എഴുതി.

English Summary: When a first-class New Zealand cricketer regretted smashing Wasim Akram for 1st-ball boundary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com