ADVERTISEMENT

ന്യൂഡൽഹി∙ ഒന്നുകിൽ വിരാട് കോലിക്കെതിരെ ബോൾ ചെയ്യാം, അല്ലെങ്കിൽ ജസ്പ്രീത് ബുമ്രയുടെ തീപാറുന്ന പന്തുകളെ നേരിടാം. ഇതിലേതു തിരഞ്ഞെടുക്കും? ചോദ്യം വനിതാ ക്രിക്കറ്റിലെ എണ്ണംപറഞ്ഞ ഓൾറൗണ്ടർമാരിൽ ഒരാളായ ഓസ്ട്രേലിയൻ താരം എലി‍സ് പെറിയോടാണ്. വനിതാ ക്രിക്കറ്റിൽ ഏകദിനത്തിൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമതും ട്വന്റി20യിൽ രണ്ടാമതുമുള്ള അതേ എലിസ് പെറിയോടു തന്നെ. സമൂഹമാധ്യമത്തിലെ ലൈവ് സെഷനിൽ ഇന്ത്യൻ ടിവി അവതാരകയായ റിഥിമ പഥക്കാണ് പെറിക്കു മുന്നിൽ ഈ ചോദ്യമുയർത്തിയത്.

ചോദ്യം കേട്ട പെറി ഒരു നിമിഷം നിശബ്ദയായി. എന്നിട്ട് മറുപടി നൽകി: ‘യാ... വിരാട് കോലിക്കെതിരെ ബോൾ ചെയ്തോളാം’. പുരുഷ താരങ്ങൾ പോലും നേരിടാൻ ബുദ്ധിമുട്ടുന്ന ജസ്പ്രീത് ബുമ്രയുടെ തീതുപ്പുന്ന യോർക്കറുകളെ നേരിടുന്നതിനേക്കാൾ വിരാട് കോലിക്കെതിരെ ബോൾ ചെയ്യാൻ തന്നെയാണ് ഇഷ്ടമെന്നായിരുന്നു പെറിയുടെ തുറന്നുപറച്ചിൽ.

ഏതാനും മാസങ്ങൾക്കു മുൻപ് ഓസ്ട്രേലിയയിൽ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പ്രദർശന മത്സരമായ ബുഷ്ഫയർ ടൂർണമെന്റിന്റെ ഇടവേളയിൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനെതിരെ ബോൾ ചെയ്യാൻ എലിസ് പെറിക്ക് അവസരം ലഭിച്ചിരുന്നു. അന്ന് പെറി എറിഞ്ഞ ആദ്യ പന്ത് സച്ചിൻ ബൗണ്ടറി കടത്തി. സച്ചിനെതിരെ ബോൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പെറി ട്വീറ്റ് ചെയ്ത സാഹചര്യത്തിലാണ് അതു സാധിച്ചുകൊടുക്കാൻ സച്ചിൻ തീരുമാനിച്ചത്.

ഇക്കഴിഞ്ഞ ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നേടിയ ടീമിൽ എലിസ് പെറിയും അംഗമായിരുന്നു. എന്നാൽ, ടൂർണമെന്റിനിടെ പരുക്കേറ്റതിനെ തുടർന്ന് സെമിയിലും ഫൈനലിലും കളിക്കാനായിരുന്നില്ല. ന്യൂസീലൻഡിനെ 4 റൺസിനു പരാജയപ്പെടുത്തിയ ഗ്രൂപ്പ് മത്സരത്തിൽ വലതുകാലിന്റെ തുടഞരമ്പിനു പരുക്കേറ്റാണ് പെറിക്കു തിരിച്ചടിയായത്.

രണ്ടു തവണ ഐസിസി വനിതാ ക്രിക്കറ്റർ പുരസ്കാരം നേടിയിട്ടുള്ളയാളാണ് ഇരുപത്തൊമ്പതുകാരിയായ എലിസ് പെറി. ഒരു പതിറ്റാണ്ടു പിന്നിട്ട കരിയറിൽ ഇതുവരെ കളിച്ചത് എട്ടു ടെസ്റ്റും 112 ഏകദിനവും 120 ട്വന്റി20 മത്സരവും. ടെസ്റ്റിൽ 78.00 ശരാശരിയിൽ 624 റൺസും 31 വിക്കറ്റും നേടി. ഏകദിനത്തിൽ 52.10 ശരാശരിയിൽ 3022 റൺസും 152 വിക്കറ്റും ട്വന്റി20യിൽ 28.32 ശരാശരിയിൽ 1218 റൺസും 114 വിക്കറ്റും വീഴ്ത്തി.

മാത്രമല്ല, വനിതാ ക്രിക്കറ്റിലും ഫുട്ബോളിലും ലോകകപ്പ് കളിച്ചിട്ടുള്ള ഏക താരവുമാണ്. സെൻട്രൽ ഡിഫൻഡറായ എലിസിന്റെ ഫുട്‌ബോളിലെ ഏറ്റവും മികച്ച നേട്ടം 2011 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ക്വാർട്ടർ ഫൈനലിലെത്തിച്ചതാണ്. സ്വീഡനെതിരായ പ്രീ ക്വാർട്ടറിൽ മനോഹരമായൊരു ഗോളും ആ ബൂട്ടിൽനിന്നു പിറന്നു. ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ ഇപ്പോൾ ഫുട്‌ബോളിൽ സജീവമല്ല. ഓസ്‌ട്രേലിയൻ റഗ്ബി താരം മാർക് ടൗമയെയാണ് എലിസ് വിവാഹം ചെയ്തിരിക്കുന്നത്.

English Summary: Facing Jasprit Bumrah or bowling to Virat Kohli? Ellyse Perry makes her pick

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com