ADVERTISEMENT

കൊൽക്കത്ത∙ കളിക്കളത്തിൽ വികാരവിക്ഷോഭങ്ങളുടെ അമിട്ടാണ് വിരാട് കോലി. ഏതു നിമിഷവും പൊട്ടിത്തെറിക്കാം. കളിക്കിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പ്രകോപിപ്പിക്കുന്നത് അപകടമാണെന്ന് തുറന്നുപറഞ്ഞ ഒട്ടേറെ താരങ്ങളും മുൻ താരങ്ങളുമുണ്ട്. പ്രകോപിപ്പിച്ചാൽ കോലിയുടെ മറുപടി ബാറ്റുകൊണ്ടായിരിക്കും എന്നതുതന്നെ കാരണം. എന്നാൽ, ഇതേ കോലിയുടെ ‘പ്രകടനം’ മറ്റൊരു താരത്തെ പ്രകോപിപ്പിച്ചാലോ? ഫലം ഭീകരമായിരിക്കുമെന്ന് കഴിഞ്ഞ ഐപിഎൽ സീസണിൽ റോയൽ ചാലഞ്ചേഴ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം കണ്ടവർക്കറിയാം. അന്ന് 13 പന്തിൽ 48 റൺസടിച്ച വിൻഡീസ് താരം ആന്ദ്രെ റസ്സലിന്റെ പ്രകടനം കോലിയുടെ ‘പ്രകടനം’ കണ്ട കലിപ്പിൽനിന്ന് വന്നതാണ്! റസ്സൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2019 ഏപ്രിൽ അഞ്ചിനാണ് ഐപിഎൽ 12–ാം സീസണിലെ 17–ാം മത്സരത്തിൽ ബെംഗളൂരുവും കൊൽക്കത്തയും നേർക്കുനേരെത്തിയത്. ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 205 റൺസ്. ക്യാപ്റ്റൻ വിരാട് കോലി (49 പന്തിൽ 84), എ.ബി. ഡിവില്ലിയേഴ്സ് (32 പന്തിൽ 63) എന്നിവരുടെ പ്രകടനമാണ് ബെംഗളൂരുവിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത താരങ്ങൾക്ക് കാര്യമായി തിളങ്ങാനാകാതെ പോയതോടെ ബെംഗളൂരു വിജയമുറപ്പിച്ചതാണ്. എന്നാൽ, 16–ാം ഓവറിൽ ക്രീസിലെത്തിയ ആന്ദ്രെ റസ്സലിന്റെ അസാധാരണ പ്രകടനം കൊൽക്കത്തയ്ക്ക് സമ്മാനിച്ചത് അവിശ്വസനീയ ജയം. അഞ്ചു പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് കൊൽക്കത്ത ലക്ഷ്യത്തിലെത്തിയത്. റസ്സൽ 13 പന്തിൽ ഒരു ഫോറും ഏഴു പടുകൂറ്റൻ സിക്സറുകളും സഹിതം 48 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത ആറാം വിക്കറ്റിൽ റസ്സൽ – ശുഭ്മാൻ ഗിൽ സഖ്യം നേടിയത് 53 റൺസ്. ഇതിൽ ഗില്ലിന്റെ സംഭാവന മൂന്നു റണ്‍സ് മാത്രം!

അന്നത്തെ ആ പ്രകടനത്തിനു പിന്നിലെ പ്രചോദനം ആർസിബി നായകൻ വിരാട് കോലിയോടുള്ള കലിപ്പാണെന്നാണ് റസ്സലിന്റെ വെളിപ്പെടുത്തൽ. ദിനേഷ് കാർത്തിക് പുറത്തായ സമയത്താണ് കോലിയുടെ പതിവ് ആഹ്ലാദപ്രകടനം അരങ്ങേറിയത്. കാർത്തിക്കു കൂടി പുറത്തായതോടെ മത്സരം ജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കോലിയുടെ ആഘോഷം. ഇതു കണ്ടാണ് റസ്സലിന് ഹാലിളകിയത്.

‘ദിനേഷ് കാർത്തിക് ഒന്നോ രണ്ടോ ബൗണ്ടറി നേടിയശേഷം പുറത്തായി. സിക്സ് നേടാനുള്ള ശ്രമത്തിലാണ് കാർത്തിക് പുറത്തായത്. കോലിയാണ് ക്യാച്ചെടുത്തതെന്ന് തോന്നുന്നു (ക്യാച്ചെടുത്തത് യുസ്‌വേന്ദ്ര ചെഹലായിരുന്നു. കോലിയാണെന്നത് റസ്സലിന്റെ ഓർമപ്പിശകാണ്). ഇതിനു പിന്നാലെ കോലി വെങ്കിക്കു നേരെ തിരിഞ്ഞ് (കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സിഇഒ വെങ്കി മൈസൂർ) ‘കമോൺ’ എന്നലറി. അവിടെ കളിക്കാരുടെ ഭാര്യമാരും കൊൽക്കത്ത ആരാധകരുമുണ്ടായിരുന്നു. കോലിയുടെ പ്രകടനം കണ്ട എനിക്ക് ദേഷ്യമടക്കാനായില്ല. ഈ കളി തീർന്നിട്ടില്ലെന്ന് ഞാൻ അപ്പോഴേ മനസ്സിൽ കുറിച്ചു’ – റസ്സൽ വിവരിച്ചു.

17–ാം ഓവറിന്റെ അവസാന പന്തിൽ നവ്ദീപ് സെയ്നി കാർത്തിക്കിനെ പുറത്താക്കിയതോടെ 18 പന്തിൽ വിജയത്തിലേക്ക് 53 റൺസ് എന്ന നിലയിലായിരുന്നു കൊൽക്കത്ത. കാർത്തിക്കിനു പിന്നാലെ ക്രീസിലെത്തിയത് ശുഭ്മാൻ ഗിൽ. ‘ശുഭ്മാൻ മൈതാനത്ത് ഇറങ്ങിയപ്പോൾ ഞാൻ അടുത്തുചെന്നു. ബോളറാരെന്നു നോക്കാതെ അടിച്ചുകളിക്കാൻ പോവുകയാണെന്ന് പറഞ്ഞു. പരമാവധി സ്ട്രൈക്ക് തരാനും ആവശ്യപ്പെട്ടു. അതുപോലെ തന്നെ ചെയ്യാമെന്ന് ഗിൽ മറുപടി നൽകി. അവിടുന്നങ്ങോട്ട് നേരെ വന്ന പന്തെല്ലാം ‍ഞാൻ പ്രഹരിച്ചു. സ്കോർബോർഡിലേക്കു പോലും ‍ഞാൻ നോക്കിയില്ല. ചിലപ്പോൾ സ്കോർബോർഡ് കണ്ടാൽ നമ്മുടെ കളിയുടെ ഒഴുക്കു പോകും’ – റസ്സൽ വിശദീകരിച്ചു.

‘ഓരോ സിക്സടിച്ചശേഷവും ഞാൻ ഗില്ലിന്റെ അടുത്തേക്കു പോകും. ഞങ്ങൾ മുഷ്ടി കൂട്ടിമുട്ടിക്കും. തിരിച്ച് ക്രീസിലെത്തി ഒരു നിമിഷം ഞാൻ ആഞ്ഞു ശ്വാസമെടുക്കും. അതോടെ മനസ്സ് ശാന്തമാകും. ചുറ്റിലും നോക്കിക്കൊണ്ടിരുന്നാൽ വെറുതെ ഊർജം നഷ്ടമാകും’ – റസ്സൽ വിശദീകരിച്ചു. അവിശ്വസനീയമായ പ്രകടനത്തിനൊടുവിൽ കളിയിലെ കേമൻ പട്ടവും റസ്സലാണ് നേടിയത്.

English Summary: Andre Russell reveals how Virat Kohli’s animated celebration fuelled his 13-ball 48 knock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com