ADVERTISEMENT

ന്യൂ‍ഡൽഹി∙ ദേശീയ ടീമിലെത്തുന്ന താരങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ പിന്തുണ കൊടുത്ത് ഒരു സ്ഥിരം ടീമിനെ രൂപപ്പെടുത്താൻ ഇന്ത്യൻ ടീം മാനേജ്മെന്റിന് ഇപ്പോഴും സാധിക്കുന്നില്ലെന്ന വിമർശനവുമായി മുൻ പേസ് ബോളർ ആശിഷ് നെഹ്റ രംഗത്ത്. മികച്ച താരങ്ങളുണ്ടായിട്ടും ഓസ്ട്രേലിയയുടെയും വെസ്റ്റിൻഡീസിന്റെയും പ്രതാപകാലത്തെ ടീമിനൊപ്പമെത്താൻ കോലിക്കും സംഘത്തിനും സാധിക്കാത്തത് ഇതുകൊണ്ടാണെന്നും നെഹ്റ ചൂണ്ടിക്കാട്ടി. മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണിയുടെ പകരക്കാരനെന്ന നിലയിൽ ടീമിലെത്തിയ യുവതാരം ഋഷഭ് പന്ത് ഇപ്പോൾ സഹതാരങ്ങൾക്ക് വെള്ളം എത്തിക്കുന്ന ആളായി മാറിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നെഹ്റയുടെ വിമർശനം. ഡൽഹിയിലും ഇന്ത്യൻ ടീമിലും തന്റെ സഹതാരമായിരുന്ന ആകാശ് ചോപ്രയുടെ ‘ആകാശവാണി’ എന്ന പരിപാടിയിലാണ് നെഹ്റയുടെ തുറന്നുപറച്ചിൽ.

‘ഇപ്പോഴത്തെ ഇന്ത്യൻ ടീം ഓസ്ട്രേലിയൻ ടീമിൽനിന്നൊക്കെ വളരെ ദൂരെയാണ്. തുടർച്ചയായി മൂന്നു ലോകകപ്പ് നേടിയ, 1996ൽ ഫൈനലിലെത്തിയ, 18–19 ടെസ്റ്റ് മത്സരങ്ങൾ നാട്ടിലും വിദേശത്തും തുടർച്ചയായി ജയിച്ച ഓസ്ട്രേലിയൻ ടീമിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഇന്ത്യൻ ടീമിന് ആ നിലവാരത്തിലേക്ക് എത്താൻ കഴിയില്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, ടീമിനു ബലമേകാൻ ടീമിൽ സ്ഥിരാംഗങ്ങളായ ഒരു കൂട്ടം താരങ്ങൾ വേണം. ഭക്ഷണമേശയിൽ കുറേയധികം വിഭവങ്ങളുണ്ടെങ്കിൽ കഴിക്കുന്നയാൾക്ക് ഏതെടുക്കും എന്ന് സംശയമാകും. അതിലും നല്ലത് എണ്ണം കുറവെങ്കിലും രുചികരമായ വിഭവങ്ങളാണ്’ – നെഹ്റ വിശദീകരിച്ചു.

സമീപകാലം വരെ ഇന്ത്യൻ ടീമിൽ സ്ഥിരാംഗമായിരിക്കുകയും പിന്നീട് ലോകേഷ് രാഹുൽ വിക്കറ്റ് കീപ്പറായതോടെ ടീമിലെ സ്ഥാനം നഷ്ടമാകുകയും ചെയ്ത ഋഷഭ് പന്തിന്റെ കാര്യം നെഹ്റ ഉദാഹരണമായി എടുത്തുകാട്ടി. മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയെന്ന നിലയിൽ എതിരാളികളില്ലാതെ ടീമിലെത്തിയ പന്തിന്റ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്ന് നെഹ്റ ചൂണ്ടിക്കാട്ടി. ‘പ്രതിഭാധനരായ താരങ്ങൾ ടീമിലുണ്ട്. പക്ഷേ, അവരെ ദീർഘകാലാടിസ്ഥാനത്തിൽ പിന്തുണയ്ക്കാനാകണം. ഇന്ത്യൻ ബാറ്റിങ് നിരയിൽ അഞ്ച്, ആറ് സ്ഥാനങ്ങളുടെ കാര്യം വരുമ്പോൾ ഇപ്പോഴും ആരു കളിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. നിലവിൽ കെ.എൽ. രാഹുലാണ് ആ സ്ഥാനത്ത് കളിക്കുന്നത്. ധോണിയുടെ പകരക്കാരനാകാൻ കൊണ്ടുവന്ന ഋഷഭ് പന്ത് വെള്ളം കൊടുക്കുന്നു’ – നെഹ്റ ചൂണ്ടിക്കാട്ടി.

‘തനിക്ക് ലഭിച്ച അവസരങ്ങളിൽ ചിലത് പന്ത് പാഴാക്കിയെന്ന കാര്യത്തിൽ എനിക്കും സംശയമില്ല. എങ്കിൽക്കൂടി പന്തിനെ ടീമിൽ നിലനിർത്തണം. കാരണം, 22–23 വയസായപ്പോഴേക്കും തന്റെ പ്രതിഭയെന്തെന്ന് രാജ്യാന്തര വേദിയിൽപ്പോലും തെളിയിച്ച താരമാണ് പന്ത്’ – നെഹ്റ പറഞ്ഞു.

English Summary: Rishabh Pant was being prepared to replace MS Dhoni and now he is serving water: Ashish Nehra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com