ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹാട്രിക് നേടിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും എല്ലാം ഇപ്പോഴും ഒരു സ്വപ്നം പോലെയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുമൊത്തുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് രോഹിത് തന്റെ ഐപിഎൽ ഹാട്രിക്കിനെക്കുറിച്ച് മനസ്സു തുറന്നത്. ഐപിഎല്ലിൽ സെഞ്ചുറിയും ഹാട്രിക്കും നേടിയിട്ടുള്ള ഒരേയൊരു താരമാണ് രോഹിത് ശർമ. ക്യാപ്റ്റനെന്ന നിലയിൽ പലകുറി കിരീടവിജയത്തിലേക്കു നയിച്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് രോഹിത്തിന്റെ ഐപിഎൽ ഹാട്രിക് എന്ന പ്രത്യേകതയുമുണ്ട്.

ഇൻസ്റ്റഗ്രാം ചാറ്റിനിടെ രോഹിത്തിന്റെ ഹാട്രിക്കിന്റെ കാര്യം ഡേവിഡ് വാർണറാണ് ഓർമിപ്പിച്ചത്. വാർണറിന്റെ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ഡെക്കാൻ ചാർജേഴ്സ് ആയിരുന്ന കാലത്താണ് അവർക്കായി മുംബൈയ്ക്കെതിരെ രോഹിത് ഹാട്രിക്ക് നേടിയത്. ‘ഇപ്പോഴും എനിക്കത് വിശ്വസിക്കാൻ പ്രയാസമാണ്. ഡെക്കാൻ ചാർജേഴ്സിൽ കളിക്കുമ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ ഹാട്രിക് നേടിയത് എങ്ങനെ വിശ്വസിക്കും? അന്ന് എങ്ങനെയാണ് ഞാൻ ബോൾ ചെയ്തിരുന്നതെന്നു പോലും ഓർമയില്ല. അതിനുശേഷം എനിക്ക് വിരലിനേറ്റ പരുക്കുമൂലം പന്തു പിടിക്കുന്നതിൽ ബുദ്ധിമുട്ടു വന്നു. എന്തായാലും ഇപ്പോൾ ബോൾ ചെയ്യാത്തതാണ് നല്ലതെന്ന് തോന്നുന്നു’ – രോഹിത് പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിൽ പൊതുവെ ബോൾ ചെയ്യാറില്ലാത്ത രോഹിത്, മൂന്നു ഫോർമാറ്റിലും വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റിൽ രണ്ട്, ഏകദിനത്തിൽ എട്ട്, ട്വന്റി20യിൽ ഒന്ന് എന്നിങ്ങനെയാണ് രോഹിത്തിന്റെ വിക്കറ്റ് നേട്ടം. ഐപിഎല്ലിൽ ഏറ്റവും കുടുതൽ കിരീടനേട്ടത്തിൽ പങ്കാളിയായ താരം കൂടിയാണ് രോഹിത്. ഡെക്കാൻ ചാർജേഴ്സിനൊപ്പം ഒന്നും മുംബൈയ്‌ക്കൊപ്പം നാലും. ഇതിൽ കഴിഞ്ഞ സീസണിൽ രോഹിത്തിന്റെ കീഴിലാണ് മുംബൈ നാലാം കിരീടം ചൂടിയത്.

∙ രോഹിത്തിന്റെ ഹാട്രിക്!

2009ൽ ദക്ഷിണാഫ്രിക്കയിൽ ഐപിഎൽ നടന്ന അവസരത്തിലാണ് മുംബൈയ്ക്കെതിരെ ഡെക്കാൻ ചാർജേഴ്സ് താരമായിരുന്ന രോഹിത് ഹാട്രിക് നേടിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡെക്കാൻ ചാർജേഴ്സ് നായകൻ ആദം ഗിൽക്രിസ്റ്റ് ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. നിശ്ചിത 20 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ്. 36 പന്തിൽ രണ്ടു ഫോറു ഒരു സിക്സും സഹിതം 38 റൺസെടുത്ത രോഹിത്തായിരുന്നു അവരുടെ ടോപ് സ്കോറർ.

മറപുടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 15 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിൽ നിൽക്കെയാണ് രോഹിത് ആദ്യം പന്തുമായി എത്തുന്നത്. ക്രീസിൽ ജീൻ പോൾ ഡുമിനിയും (43 പന്തിൽ 48) മലയാളിയായ അഭിഷേക് നായരും (ഒന്ന്). ഓവറിലെ ആദ്യ നാലു പന്തിൽ മൂന്നു റൺസ് മാത്രം വഴങ്ങിയ രോഹിത്, അഞ്ചാം പന്തിൽ അഭിഷേക് നായരെയും (നാലു പന്തിൽ ഒന്ന്), അവസാന പന്തിൽ ഹർഭജൻ സിങ്ങിനെയും (0) പുറത്താക്കി. ഇരുവരെയും ക്ലീൻ ബൗൾഡാക്കുകയായിരുന്നു രോഹിത്. തൊട്ടടുത്ത ഓവറിൽ തിരുമലഷെട്ടി സുമൻ വഴങ്ങിയത് അഞ്ച് റൺസ്.

ഇതിനു പിന്നാലെ ഒരിക്കൽക്കൂടി 18–ാം ഓവർ ബോൾചെയ്യാൻ ഗിൽക്രിസ്റ്റ് രോഹിത്തിനെ വിളിച്ചു. ആദ്യ പന്തിൽത്തന്നെ അർധസെഞ്ചുറിയുമായി ഡുമിനി പുറത്ത്! 48 പന്തിൽ ഏഴു ഫോറുകൾ സഹിതം 52 റണ്‍സെടുത്ത ഡുമിനിയെ ഗിൽക്രിസ്റ്റ് ക്യാച്ചെടുത്തു മടക്കി. ഇതേ ഓവറിൽ സൗരഭ് തിവാരിയെയും പുറത്താക്കിയ രോഹിത്, രണ്ട് ഓവറിൽ ആറു റൺസ് വഴങ്ങി വീഴ്ത്തിയത് നാലു വിക്കറ്റ്. മുംബൈ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 126 റൺസിൽ ഒതുങ്ങിയതോടെ ഡെക്കാൻ ചാർജേഴ്സിന് 19 റൺസ് വിജയം. രോഹിത് കളിയിലെ കേമനുമായി.

രോഹിത്തിന്റെ ഹാട്രിക് നേട്ടം വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

Engish Summary: Can't believe I have a hat-trick in IPL: Rohit Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com