ADVERTISEMENT

മുംബൈ∙ സിലക്ടർമാർ വേണ്ടപോലെ വിളിക്കുകയും ടീമിൽ ഇടം ഉറപ്പു നൽകുകയും ചെയ്താൽ വിരമിക്കൽ തീരുമാനം ഉടനടി പിൻവലിച്ച് ഇന്ത്യയ്ക്കായി കളിക്കാൻ തയാറാകുമെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഇക്കാര്യത്തിൽ സിലക്ടർമാർ നടത്തുന്ന ആശയവിനിമയാണ് പ്രധാനമെന്ന് പഠാൻ ചൂണ്ടിക്കാട്ടി. താരങ്ങളെ ടീമിൽനിന്ന് തഴയുമ്പോൾ കാരണം ബോധ്യപ്പെടുത്തുന്ന കാര്യത്തിൽ സിലക്ടർമാർക്കു പിഴവു പറ്റുന്നുവെന്ന ആരോപണത്തിന്റെ വെളിച്ചത്തിൽ സുരേഷ് റെയ്നയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് പഠാന്റെ പ്രതികരണം. 2012നുശേഷം ഇന്ത്യൻ ജഴ്സിയണിയാൻ ഭാഗ്യം സിദ്ധിക്കാതെ പോയ മുപ്പത്തഞ്ചുകാരനായ പഠാൻ ഈ വർഷം ആദ്യം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചിരുന്നു.

ദേശീയ ടീമിൽനിന്ന് ഒഴിവാക്കിയ സമയത്ത് സിലക്ടർമാർ ഇക്കാര്യം വേണ്ടവിധം അറിയിച്ചില്ലെന്ന് അടുത്തിടെ ഒരു ലൈവ് ചാറ്റിൽ സുരേഷ് റെയ്ന വെളിപ്പെടുത്തിയിരുന്നു. മുതിർന്ന താരങ്ങളെ കൈകാര്യം ചെയ്യുമ്പോൾ സിലക്ടർമാർ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടർന്ന് താരങ്ങളുമായി വേണ്ടവിധത്തിൽ ആശയവിനിമയം നടത്തുന്നതിൽ സിലക്ടർമാർക്ക് വീഴ്ച വരുന്നതായി ആരോപണം ഉയരുകയും ചെയ്തു. ഇക്കാര്യം ചർച്ചയായപ്പോഴാണ് സിലക്ടർമാർ ‘വേണ്ടവിധം’ ആവശ്യപ്പെട്ടാൽ വിരമിക്കൽ തീരുമാനം പുനഃപരിശോധിക്കാൻപോലും തയാറാണെന്ന് പഠാൻ പറഞ്ഞത്.

‘ആശയവിനിമയം എക്കാലവും സുപ്രധാനമാണ്. അവർ (സിലക്ടർമാർ) എന്ന സമീപിച്ച് ‘ഇർഫാൻ താങ്കൾ വിരമിച്ചെങ്കിലും ഒരു വർഷം കൂടി ദേശീയ ടീമിനായി കളിക്കാൻ തയാറാകൂ’ എന്ന് പറഞ്ഞാൽ മറ്റെല്ലാം അതിനുവേണ്ടി ഞാൻ മാറ്റിവയ്ക്കും. എന്റെ പൂർണഹൃദയവും ആത്മാവും അതിനുവേണ്ടി സമർപ്പിക്കും. പക്ഷേ, ഇക്കാര്യം ആരു പറയുമെന്നതാണ് പ്രധാനം. സുരേഷ് റെയ്ന, ലോകകപ്പിന് ഇനിയും ആറു മാസം കൂടിയുണ്ട്. ഇതിനിടെ നിങ്ങൾ മികച്ച പ്രകടം കാഴ്ചവച്ച് ഫോം തെളിയിച്ചാൽ തീർച്ചയായും ടീമിലേക്കു പരിഗണിക്കും’ എന്ന് സിലക്ടർമാർ പറഞ്ഞാൽ നിങ്ങൾ അതിനുവേണ്ടി എന്തും ചെയ്യില്ലേ?’ – പഠാൻ റെയ്നയോടു ചോദിച്ചു.

‘തീർച്ചയായും’ എന്ന് മറുപടി നൽകിയ സുരേഷ് റെയ്ന, സിലക്ടർമാർ തന്നോടു കാട്ടിയ നീതികേടിനെതിരെ ഒരിക്കൽക്കൂടി ശബ്ദമുയർത്തി. ടീമിൽനിന്ന് പുറത്താക്കുന്ന സമയത്ത് സിലക്ടർമാർ ഇക്കാര്യത്തെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞില്ലെന്ന റെയ്നയുടെ വിമർശനം അന്ന് ചീഫ് സിലക്ടറായിരുന്ന എം.എസ്.കെ. പ്രസാദ് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. റെയ്നയെ റൂമിലേക്കു വിളിച്ച് തിരിച്ചുവരവിനുള്ള സാധ്യതകൾ അക്കമിട്ട് വിശദീകരിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ, പ്രസാദിന്റെ അവകാശവാദം റെയ്നയും തള്ളി.

‘ഞാൻ തീർത്തും മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നും ടീമിൽനിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് എന്നോടു സംസാരിച്ചിരുന്നുവെന്നും കഴിഞ്ഞ ദിവസം പ്രസാദ് പറഞ്ഞതുകണ്ടു. അത് നുണയാണ്. അദ്ദേഹം എന്നോട് സംസാരിച്ചിട്ടേയില്ല. എന്റെ സമയം വരുമ്പോൾ ഞാൻ കളിച്ചോളാം’ – റെയ്ന വിശദീകരിച്ചു.

∙ കളിച്ചുതീരാതെ കളമൊഴിഞ്ഞ പഠാൻ

സ്വിങ് ബോളിങ്ങിന്റെ മാന്ത്രികതയുമായി ഇന്ത്യൻ ക്രിക്കറ്റിനെ വിസ്മയിപ്പിച്ച ഇർഫാൻ പഠാൻ ഈ വർഷം ആദ്യമാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ഏഴു വർഷം മുൻപാണ് അവസാന രാജ്യാന്തര മത്സരം കളിച്ചതെങ്കിലും പഠാൻ (35) ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ജനുവരിയിലാണെന്നു മാത്രം. 2007 ൽ പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യ ഉയർത്തുമ്പോൾ കലാശക്കളിയിൽ മാൻ ഓഫ് ദ് മാച്ച് പഠാനായിരുന്നു. ഫൈനലിൽ പാക്കിസ്ഥാനെതിരെ 16 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പഠാന്റെ പ്രകടനം ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായി.

രാജ്യത്തിനു വേണ്ടി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി 20 മത്സരങ്ങളും കളിച്ചു.ആകെ 301 രാജ്യാന്തര വിക്കറ്റുകൾ കൊയ്തു. 2003 ൽ ഓസ്ട്രേലിയയ്ക്കെതിരെ അഡ്ലെയ്ഡ് ടെസ്റ്റിൽ അരങ്ങേറുമ്പോൾ പഠാനു പ്രായം 19 മാത്രം. വഡോദരയിലെ കൊച്ചു വീട്ടിൽ ഒരു മദ്രസ അധ്യാപകന്റെ മകനായി ജനിച്ച ഇർഫാൻ പഠാന്റെ ഇന്ത്യൻ ടീം അരങ്ങേറ്റം ആരാധകരുടെ ആവേശമായിരുന്നു അന്ന്. പിന്നീട് സഹോദരൻ യൂസഫ് പഠാൻ കൂടി ഇന്ത്യൻ ടീമിലെത്തിയതോടെ പഠാൻ സഹോദരൻമാർ ഹിറ്റ്മേക്കേഴ്സായി.2012 ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലാണ് പഠാൻ ഒടുവിൽ രാജ്യാന്തര മത്സരം കളിച്ചത്.

ടെസ്റ്റിൽ ഹാട്രിക് നേടിയ മൂന്ന് ഇന്ത്യൻ ബോളർമാരിലൊരാളാണ് പഠാൻ. അപാരമായ പേസ് ഇല്ലായിരുന്നെങ്കിലും പന്തിനെ സ്വിങ് ചെയ്യാനുള്ള കഴിവുകൊണ്ടാണ് പഠാൻ മികവുകാട്ടിയത്. ബാറ്റിങ്ങിലും മിന്നലാക്രമണം നടത്തിയ പഠാൻ കപിൽദേവിന്റെ പിൻമുറക്കാരനാണെന്നും ക്രിക്കറ്റ് ലോകം വാഴ്ത്തി.ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണറായും മൂന്നാമനായും ബാറ്റേന്തി. ഫോമിൽ വിരാജിക്കുമ്പോൾ ഇന്ത്യൻ ടീം കോച്ച് ആയിരുന്ന ഗ്രെഗ് ചാപ്പലാണ് ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകിയത്. 2010 നു ശേഷം കാര്യമായി തിളങ്ങാനായില്ല. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഐപിഎല്ലിൽ പഠാൻ നിറം മങ്ങി. 2017നുശേഷം പഠാനെ ലേലത്തിൽപോലും ആരുമെടുത്തില്ല.

English Summary: Come and tell me you have 1 year: Irfan Pathan ready to come out of retirement if ‘communication’ is made

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com