ADVERTISEMENT

ടീം ഇന്ത്യയുടെ മുഖ്യപരിശീലകൻ രവി ശാസ്ത്രിയാണ് വീണ്ടും ആ ചർച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിന്റെ കാര്യത്തിൽ തന്റെ അഭിപ്രായം കഴിഞ്ഞ ദിവസം ശാസ്ത്രി ഒരു ഓൺലൈൻ ചർച്ചയ്ക്കിടെ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം വീണ്ടും ചർച്ചയായത്. പരിശീലകൻ എന്ന നിലയിൽ താൻകൂടി ഭാഗമായ വിരാട് കോലിയുടെ ടീം ഇന്ത്യയോട് കിടപിടിക്കുന്ന ടീമാണ് കളിക്കാരനെന്ന നിലയിൽ താൻ ഭാഗമായിരുന്ന 1985ലെ ടീമെന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്. സോണി ടെൻ പിറ്റ്സ്റ്റോപ് ഷോയുടെ ഫെയ്സ്ബുക്ക് ചാനൽ ചർച്ചയിലാണ് ശാസ്ത്രി മികച്ച ടീമേതെന്ന് വെളിപ്പെടുത്തിയത്. 

സത്യത്തിൽ എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ഏതാണ് എന്ന ചർച്ചയ്ക്ക് പഴക്കമേറെയാണ്. 1983ൽ ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച കപിലിന്റെ ചെകുത്താൻ കൂട്ടമാണ് ഏറ്റവും മികച്ച ടീമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതല്ല, 2011ൽ ഏകദിന ലോകകപ്പ് വീണ്ടും ഇന്ത്യയിലെത്തിച്ച മഹേന്ദ്രസിങ് ധോണിയുടെ ടീമാണ് മികച്ചതെന്നു വാദിക്കുന്നവരും കുറവല്ല. എന്നാൽ ശാസ്ത്രി ഫുൾമാർക്ക് നൽകുന്നത് 35 വർഷം മുൻപ് സുനിൽ ഗാവസ്കർ നയിച്ച ഏകദിന ടീമിനാണ്. 1983ൽ പ്രൂഡൻഷ്യൽ ലോകകപ്പ് നേടിയ കപിൽദേവിന്റെ ചെകുത്താൻ കൂട്ടത്തേക്കാളും മികവ് 1985ലെ ടീമിനായിരുന്നു എന്നാണ് ശാസ്ത്രിയുടെ പക്ഷം. 1985ൽ ബെൻസൺ ആൻഡ് ഹെഡ്‌ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമായിരുന്നു അത്. 

1983, 1985 ടീമുകൾ തമ്മിലുള്ള താരതമ്യം പലപ്പോഴും ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്ക് ആദ്യമായി ഒരു ഏകദിന ക്രിക്കറ്റ് കിരീടമെത്തിച്ചത് കപിൽദേവും കൂട്ടരുമാണ്, 1983ൽ. രണ്ടു വർഷം തികയും മുൻപായിരുന്നു 1985ലെ നേട്ടം, മെൽബണിൽവച്ച്. എട്ടു ടീമുകൾ പങ്കെടുത്ത ലോകകപ്പിലായിരുന്നു 1983ലെ വിജയമെങ്കിൽ, 1985ലെ ബെൻസൺ ആൻഡ് ഹെഡ്‌ജസ് ചാംപ്യൻഷിപ്പിൽ ഏഴു ടീമുകൾ മാത്രമാണ് പങ്കെടുത്തത്. കുഞ്ഞൻ ടീമായിരുന്ന സിംബാബ്‍വെയാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കാതിരുന്നത് എന്നതുകൊണ്ട് പോരാട്ടവീര്യം കുറച്ചു കാണാനാവില്ല.

ലോകകപ്പിലെ പ്രാഥമിക റൗണ്ടിൽ ആറു മൽസരങ്ങളിൽ ഇന്ത്യയ്ക്ക് നാലു ജയം. ഇതിൽ കരുത്തരായ ഓസ്ട്രേലിയയെയും വെസ്റ്റിൻഡീസിനെയും ഓരോ മൽസരത്തിൽ തോൽപിച്ചിരുന്നു. ഇന്ത്യ ഓരോ മൽസരങ്ങളിൽ ഇവരോടു തോൽക്കുകയും ചെയ്തു. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ജയിച്ചു. ഫൈനലിൽ അക്കാലത്തെ ക്രിക്കറ്റ് രാജാക്കൻമാരായിരുന്ന വെസ്റ്റിൻഡീസിനെ തോൽപ്പിച്ചതാണ് 1983 ലോകകപ്പിലെ ആധികാരിക നേട്ടമായി ഇന്നും വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റിന്റെ മെക്ക എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോഡ്സിലായിരുന്നു ആ കിരീടധാരണം എന്നതും നേട്ടത്തിന്റെ വലുപ്പം വിളിച്ചോതുന്നു. 

കപിൽ ദേവ് ടീമംഗങ്ങൾക്കൊപ്പം.
കപിൽ ദേവ് ടീമംഗങ്ങൾക്കൊപ്പം.

ഇനി, ഇന്ത്യൻ ക്രിക്കറ്റിന് 1983ലെ ലോകകപ്പ് വിജയത്തിനൊപ്പം പ്രധാനപ്പെട്ട ബെൻസൺ ആൻഡ് ഹെഡ്‌ജസ് കിരീട വിജയത്തിലേക്ക്. 1983ലെ ലോകകപ്പ് നേട്ടത്തെ പലരും യാദൃശ്‌ചികം എന്നു വിശേഷിപ്പിക്കുമ്പോൾ ബെൻസൺ ആൻഡ് ഹെഡ്‌ജസ് ലോകകിരീടനേട്ടം ആധികാരികമായ വിജയം തന്നെയായിരുന്നു. ആ വിജയത്തിന്റെ 35–ാം വാർഷികമായിരുന്നു മാർച്ച് 10ന്.

ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനത്തിന്റെ 150–ാം വാർഷികത്തോടനുബന്ധിച്ചാണ് ഏഴു രാജ്യങ്ങളെ പങ്കെടുപ്പിച്ച് ലോകക്രിക്കറ്റ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചത്. പ്രശസ്‌തരായ ബെൻസൺ ആൻഡ് ഹെഡ്‌ജസ് കമ്പനിയായിരുന്നു സ്‌പോൺസർമാർ. 1985 ഫെബ്രുവരി 17നാണ് ടൂർണമെന്റിന് തുടക്കമായത്. അന്ന് ലോകകപ്പ് ജേതാക്കൾ എന്ന നിലയിൽ ഇന്ത്യ ക്രിക്കറ്റ് ശക്‌തിയായി കഴിഞ്ഞിരുന്നെങ്കിലും വെസ്‌റ്റിൻഡീസിനായിരുന്നു കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. പ്രാഥമിക റൗണ്ടിൽ ആതിഥേയരായ ഓസ്ട്രേലിയ, പരമ്പരാഗത വൈരികളായ പാക്കിസ്ഥാൻ, ക്രിക്കറ്റിനു ജന്മം നൽകിയ ഇംഗ്ലണ്ട് എന്നിവരെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. സെമിയിൽ ന്യൂസീലൻഡിനെതിരെ ഏഴു വിക്കറ്റ് ജയം. മറ്റൊരു സെമിയിൽ വെസ്റ്റീൻഡീസിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ച് പാക്കിസ്ഥാനും ഫൈനലിൽ കടന്നു.

ക്രിക്കറ്റ് ലോകം കാത്തിരുന്ന ഫൈനൽ മാർച്ച് പത്ത്, ഞായറാഴ്‌ച. ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ അന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടുമ്പോൾ സ്‌റ്റേഡിയത്തിലെ കാണികളുടെ എണ്ണം 35,296. ആതിഥേയ രാഷ്‌ട്രം പങ്കെടുക്കാതെ ഓസ്‌ട്രേലിയയിൽ ഇത്രയേറെ കാണികൾ ക്രിക്കറ്റ് കാണാനെത്തിയത് അപൂർവ സംഭവമാണ്. ടോസ് നേടിയ പാക്ക് ക്യാപ്‌റ്റൻ ജാവേദ് മിയാൻദാദ് ബാറ്റിങ് തിരഞ്ഞെടുത്തു. കപിൽദേവിന്റെയും ശിവരാമകൃഷ്‌ണന്റെയും മൂർച്ചയേറിയ ബോളിങ്ങിനുമുന്നിൽ പാക്ക് പട തകർന്നടിഞ്ഞു. പിടിച്ചുനിന്നത് മിയാൻദാദും ഇമ്രാൻ ഖാനും മാത്രം. 50 ഓവർ പൂർത്തിയാകുമ്പോൾ പാക്കിസ്‌ഥാൻ നേടിയത് വെറും 176 റൺസ്. അതും ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ.

kapil-dev-1987-world-cup

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ഇന്ത്യയ്ക്ക് മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സമ്മാനിച്ച് ശാസ്‌ത്രി– കെ. ശ്രീകാന്ത് സഖ്യം നേടിയത് 103 റൺസ്. 17 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. 32,000 ഡോളറാണ് അന്ന് ഇന്ത്യയ്‌ക്ക് സമ്മാനമായി ലഭിച്ചത്. ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് രവി ശാസ്‌ത്രി ചാംപ്യൻമാരുടെ ചാംപ്യനായി തിരഞ്ഞെടുക്കപ്പെട്ടു. അതിന് ശാസ്‌ത്രിക്ക് ലഭിച്ചതാകട്ടെ മിന്നിത്തിളങ്ങുന്ന ഒരു ഔഡി 100 കാർ. ഇതിന്റെ വില അന്ന് 14,000 ഡോളറായിരുന്നു. 

1983, 1985 ടീമുകളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല. 1983 ലോകകപ്പ് കളിച്ച 70 ശതമാനം താരങ്ങളും 1985ലും ഇന്ത്യയ്ക്കു കളിച്ചവരാണ്. 1983ൽ ടീമിലില്ലാതിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ, സദാനന്ദ വിശ്വനാഥ്, എൽ. ശിവരാമകൃഷ്ണൻ, ചേതൻ ശർമ എന്നിവരാണ് 1985ൽ കളിച്ചത്. 1983ൽ കളിച്ച ബൽവിന്ദർ സന്ധു, സയ്യിദ് കിർമാനി, യശ്പാൽ ശർമ, കീർത്തി ആസാദ്, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവർ 1985ൽ ടീമിലില്ലായിരുന്നു. 1983ൽ കപിൽദേവായിരുന്നു നായകനെങ്കിൽ മറ്റൊരു മഹാരഥനായിരുന്നു 85ൽ ക്യാപ്റ്റൻ; സാക്ഷാൽ സുനിൽ ഗാവസ്കർ.

ശാസ്ത്രിയുടെ മികച്ച ടീമിന് നേരത്തെതന്നെ അംഗീകാരം കിട്ടിയതാണെന്ന പ്രത്യേകതയുമുണ്ട്. ക്രിക്കറ്റിലെ ആധികാരിക ഗ്രന്ഥമായ വിസ്‌ഡൻ അൽമനാക് ഏറ്റവും മികച്ച ഇന്ത്യൻ ടീമായി തിരഞ്ഞെടുത്തത് 1985ലെ സുനിൽ ഗാവസ്‌കറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെത്തന്നെയാണ്. 2002ലായിരുന്നു അത്. ഇന്ത്യൻ ക്രിക്കറ്റിന്റെ അവിസ്‌മരണീയ നിമിഷങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ടാണ് 1985ലെ ടീമിനെ നൂറ്റാണ്ടിന്റെ ഇന്ത്യൻ ടീമായി വിസ്‌ഡൻ അന്നു പ്രഖ്യാപിച്ചത്.

ക്യാപ്‌റ്റനെന്ന നിലയിൽ ഗാവസ്‌കറുടെ അവസാന മൽസരവും 1985ലെ ടൂർണമെന്റിലായിരുന്നു. നേരത്തെ തീരുമാനിച്ചുറപ്പിച്ച വിടവാങ്ങൽ ലിറ്റിൽ മാസ്‌റ്റർ വച്ചുതാമസിപ്പിച്ചില്ല. തന്നെ നായകസ്‌ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് നേരത്തെതന്നെ ഗാവസ്‌കർ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. പിറ്റേന്നുതന്നെ കപിൽ ദേവിനെ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുക്കുകയും ചെയ്‌തു.

English Summary: Ravi Shastri says that team of 1985 was stronger than current team under Virat Kohli; What is the truth?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com