ADVERTISEMENT

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനം നിമിത്തം സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഐപിഎൽ നടത്താനുള്ള നിർദ്ദേശത്തോട് വിയോജിച്ച് ചെന്നൈ സൂപ്പർ കിങ്സ്. രാജസ്ഥാൻ റോയൽസ് ഉൾപ്പെടെയുള്ള ഐപിഎൽ ടീമുകൾ ഈ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഐപിഎൽ നടത്തുന്നതിൽ ചെന്നൈ താൽപര്യക്കുറവ് അറിയിച്ചത്. ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഐപിഎൽ നടത്തിയാലും അത് ആഭ്യന്തര ക്രിക്കറ്റിലെ ട്വന്റി20 ലീഗായ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോലെയാകുമെന്ന് പേരു വെളിപ്പെടുത്താൻ തയാറാകാത്ത ചെന്നൈ സൂപ്പർ കിങ്സ് പ്രതിനിധി പറഞ്ഞു.

‘ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഐപിഎൽ നടത്തുന്നതിനോട് ചെന്നൈ സൂപ്പർ കിങ്സിന് യോജിപ്പില്ല. അങ്ങനെ ഐപിഎൽ നടത്തിയാലും അത് മറ്റൊരു സയ്യിദ് മുഷ്താഖ് അലി ട്രോഫിയാകും. സാഹചര്യങ്ങൾ വളരെ മോശമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ ഐപിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ബിസിസിഐയെ ബന്ധപ്പെട്ടിട്ടില്ല’ – ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ വെളിപ്പെടുത്തി.

ഐപിഎൽ നീട്ടിവച്ചതിൽപ്പിന്നെ അതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും ടീം വൃത്തങ്ങൾ വ്യക്തമാക്കി. അടുത്തകാലത്തൊന്നും പ്രശ്നങ്ങൾ മാറില്ലെന്ന് ഉറപ്പായതിനാൽ അത്തരം ചർച്ചകളിൽ കാര്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സമയമാകുമ്പോൾ ബിസിസിഐ ഉചിതമായ തീരുമാനമെടുക്കുമെന്നും ക്ലബ് വൃത്തങ്ങൾ പറഞ്ഞു.

നേരത്തെ, ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഐപിഎൽ നടത്താൻ തയാറാണെന്ന് രാജസ്ഥാൻ റോയൽസിന്റെ എക്സിക്യുട്ടിവ് ചെയർമാൻ രഞ്ജിത് ബർതാക്കൂർ വ്യക്തമാക്കിയിരുന്നു. ‘ഇന്ത്യക്കാർ മാത്രമുള്ളൊരു ഐപിഎല്ലിനെക്കുറിച്ച് മുൻപ് നമുക്ക് ചിന്തിക്കാനാകുമായിരുന്നില്ല. പക്ഷേ, സാഹചര്യങ്ങൾ അത് അനിവാര്യമാക്കിയിരിക്കുന്നു. നിലവിൽ മികച്ച ടീമിനെ ഇന്ത്യക്കാരിൽനിന്ന് കണ്ടെത്താവുന്നതേയുള്ളൂ. ഐപിഎൽ റദ്ദാക്കുന്നതിലും നല്ലത് ഇന്ത്യക്കാർ മാത്രമുള്ള ഐപിഎൽ നടത്തുന്നതാണ്’ – ഇതായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് നിർദ്ദേശത്തോട് വിയോജിച്ച് ചെന്നൈയുടെ രംഗപ്രവേശം.

അതിനിടെ, ഈ വർഷം ഐപിഎൽ മുടങ്ങിയാൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) 4000 കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകുമെന്ന് വെളിപ്പെടുത്തി ബിസിസിഐ ട്രഷറർ അരുൺ ധൂമൽ രംഗത്തെത്തി. ഇത് ബോർഡിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: CSK says no point in Indians only IPL, it will be like playing Mushtaq Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com