ADVERTISEMENT

ന്യൂഡൽഹി∙ ഓവറിലെ അവസാന പന്തിൽ സിംഗിളെടുത്ത് സ്ട്രൈക്ക് നിലനിർത്തുന്നത് തന്റെ രീതിയാണെന്ന ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിന്റെ പരാമർശം തള്ളി ഇന്ത്യൻ താരം ശിഖർ ധവാൻ. ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും സിംഗിളെടുക്കുന്നത് ധവാന്റെ പതിവാണെന്ന് രോഹിത് ശർമയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് വാർണർ ചൂണ്ടിക്കാട്ടിയത്. രോഹിത് ഇത് ശരിവയ്ക്കുകയും ചെയ്തു. ഓപ്പണറാണെങ്കിലും ധവാന് മത്സരത്തിലെ ആദ്യ പന്തു നേരിടാൻ മടിയാണെന്ന് രോഹിത്തും വെളിപ്പെടുത്തിയിരുന്നു. വാർണറിന്റെ പരാമർശം തള്ളിയെങ്കിലും രോഹിത് പറഞ്ഞത് ശരിയാണെന്നായിരുന്നു ധവാന്റെ പ്രതികരണം.

മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിലാണ് വാർണറിന്റെയും രോഹിത്തിന്റെയും പരാമർശങ്ങളോട് ധവാൻ പ്രതികരിച്ചത്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി ഒരുമിച്ച് ഓപ്പൺ ചെയ്തിട്ടുള്ളവരാണ് ഡേവിഡ് വാർണറും ശിഖർ ധവാനും. അതേസമയം, ഇന്ത്യൻ ജഴ്സിയിൽ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ സ്ഥിരം ഓപ്പണർമാരാണ് രോഹിത്തും ധവാനും.

2013ൽ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് മത്സരത്തിൽ ആദ്യ പന്ത് നേരിട്ടത് രോഹിത് ശർമയാണെന്നും ഈ പതിവ് പിന്നീടുള്ള മത്സരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നുവെന്നും ധവാൻ വിശദീകരിച്ചു. ‘മത്സരത്തിലെ ആദ്യ പന്ത് നേരിടാൻ എനിക്ക് ഇഷ്ടമല്ല. എന്റെ ഓപ്പണിങ് പങ്കാളി യുവതാരമാണെങ്കിൽ ഞാൻ അദ്ദേഹത്തോട് ഇതേക്കുറിച്ച് സംസാരിക്കും. ആദ്യ പന്ത് നേരിടാൻ മടി പ്രകടിപ്പിച്ചാൽ തീർച്ചയായും ഞാൻ തന്നെ സ്ട്രൈക്ക് ചെയ്യും. 2013ൽ ഞാൻ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഒരു മത്സരത്തിലാണ് രോഹിത് ഓപ്പണറായെത്തുന്നത്. അന്ന് ഞാൻ ഇടവേളയ്ക്കു ശേഷം കളിക്കുകയായിരുന്നതിനാൽ രോഹിത്താണ് സ്ട്രൈക്ക് ചെയ്തത്. അതു പിന്നീട് പതിവായി മാറി’ – ധവാൻ വിശദീകരിച്ചു.

അതേസമയം, അവസാന പന്തിൽ സിംഗിളെടുക്കുന്ന ആളാണ് താനെന്ന ഡേവിഡ് വാർണറിന്റെ പരാമർശം ധവാൻ തള്ളിക്കളഞ്ഞു. ആ പറഞ്ഞത് ശരിയല്ലെന്ന് ധവാൻ വ്യക്തമാക്കി. ധവാന് പേസ് ബോളർമാരെ നേരിടാൻ മടിയാണെന്ന വാർണറിന്റെ പരാമർശത്തോടും ധവാൻ വിയോജിച്ചു.

‘ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടാകുമല്ലോ. ഇന്ത്യൻ ടീമിനുവേണ്ടി ഞാൻ ഓപ്പൺ ചെയ്യാൻ തുടങ്ങിയിട്ട് എട്ടു വർഷമായി. ആദ്യ പന്ത് നേരിട്ടില്ലെങ്കിൽക്കൂടി ഞാൻ പേസ് ബോളർമാരേ നേരിട്ടേ മതിയാകൂ. ആദ്യ ഓവറിൽ അല്ലെങ്കിൽ രണ്ടാം ഓവറിൽ തീർച്ചയായും പേസ് ബോളറെ നേരിടേണ്ടിവരും. ഇന്ത്യയ്ക്കായി മൂന്നു ഫോർമാറ്റിലും ഓപ്പൺ ചെയ്തിട്ടുള്ള ആളാണ് ഞാൻ. പേസ് ബോളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ അവരെ നേടിരുന്നത് തീർച്ചയായും ബുദ്ധിമുട്ടാണ്. പക്ഷേ, നമ്മൾ പൊരുതി നിൽക്കുകയാണ് ചെയ്യുക’ – ധവാൻ വിശദീകരിച്ചു.

English Summary: ‘I opened for Team India in all three formats’ – Shikhar Dhawan responds to David Warner’s ‘he doesn’t like to face pacers’ comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com