ADVERTISEMENT

ന്യൂ‍ഡൽഹി∙ ലോകത്ത് എവിടെപ്പോയാലും ആരാധകരേറെയുള്ളവരാണ് വിരാട് കോലിയും സംഘവും. ഇന്ത്യയിൽ വച്ചാണ് കളിയെങ്കില്‍ പറയുകയും വേണ്ട. കൊറോണ വൈറസ് വ്യാപനത്തിനു മുന്നോടിയായി ന്യൂസീലൻഡിൽ പര്യടനത്തിനു പോയ ഇന്ത്യൻ ടീമിന് അവിടെനിന്ന് ലഭിച്ച പിന്തുണ ആതിഥേയ ടീമിനെപ്പോലും അദ്ഭുതപ്പെടുത്തിയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒട്ടും പിന്തുണ ലഭിക്കാത്ത ഒരു സ്ഥലമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ. ഇന്ത്യയേപ്പോലെ തന്നെ സ്വന്തം ടീമിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആരാധകരുള്ള ബംഗ്ലദേശാണ് ആ സ്ഥലം. ബംഗ്ലദേശ് താരം തമീ ഇക്ബാലുമായി നടത്തിയ ഫെയ്സ്ബുക് ലൈവ് ചാറ്റിലാണ് ഇന്ത്യയ്ക്ക് ഏറ്റവും കുറവ് പിന്തുണ ലഭിക്കുന്ന സ്ഥലം ബംഗ്ലദേശാണെന്ന് രോഹിത് ചൂണ്ടിക്കാട്ടിയത്.

‘ക്രിക്കറ്റിനെ വൈകാരിക തലത്തിൽക്കൂടി കാണുന്ന ആരാധകരുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലദേശും. അതുകൊണ്ടുതന്നെ നമ്മൾ കളിയിൽ വരുത്തുന്ന പിഴവുകൾ കടുത്ത വിമർശനങ്ങൾക്ക് കാരണമാകും. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് വിമർശനങ്ങൾ വരും. ഇന്ത്യയുടെ അതേ അവസ്ഥയാണ് ബംഗ്ലദേശിലുമെന്ന് എനിക്കറിയാം. ബംഗ്ലദേശിൽ ഞങ്ങൾ കളിക്കാനിറങ്ങുമ്പോൾ ആരാധകരുടെ പ്രതികരണം അവിശ്വസനീയമാണ്. എല്ലാവരും ബംഗ്ലദേശിനായി ആർത്തുവിളിക്കും. ലോകത്ത് ഇന്ത്യൻ ടീമിന് ഒട്ടും പിന്തുണ കിട്ടാത്ത ഒരു സ്ഥലമുണ്ടെങ്കിൽ അത് ബംഗ്ലദേശായിരിക്കും’ – രോഹിത് ചൂണ്ടിക്കാട്ടി.

‘ലോകത്ത് എവിടെ കളിക്കാൻ പോയാലും ഞങ്ങൾക്ക് വലിയ പിന്തുണ കിട്ടാറുണ്ട്. ബംഗ്ലദേശിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ. പക്ഷേ, അവിടുത്തെ ആരാധകർ നിങ്ങൾക്ക് പിന്നിൽ ഉറച്ചുനിൽക്കുമെന്ന് ഞങ്ങൾക്കറിയാം. ഇപ്പോഴത്തെ ബംഗ്ലദേശ് ടീം അടിമുടി മാറിയിട്ടുണ്ട്. ടീമിനുള്ളിൽത്തന്നെ ജയിക്കാനുള്ള ആവേശമെല്ലാം വന്നിട്ടുണ്ട്. 2019ലെ ഏകദിന ലോകകപ്പിൽ ഇതു ഞാൻ നേരിട്ടു കണ്ടതാണ്’ – രോഹിത് പറഞ്ഞു.

ഐസിസി ടൂർണമെന്റുകളിൽ ബംഗ്ലദേശിനെതിരെ മികച്ച റെക്കോർഡുള്ള താരമാണ് രോഹിത്. 2015, 2019 എന്നീ ഏകദിന ലോകകപ്പുകളിലും 2017ലെ ചാംപ്യൻസ് ട്രോഫിയിലും ബംഗ്ലദേശിനെതിരെ രോഹിത് സെഞ്ചുറി നേടിയിരുന്നു. രോഹിത് ശർമയുടെ മിന്നുന്ന ഫോമിന്റെ കൂടി സഹായത്തിലാണ് ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ ബംഗ്ലദേശിനെ തുടർച്ചയായി പരാജയപ്പെടുത്തിയത്.

2019ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ രോഹിത് ശർമയുടെ ക്യാച്ച് കൈവിട്ട തനിക്കെതിരെ ബംഗ്ലദേശിൽനിന്ന് കടുത്ത ട്രോളുകളാണ് ഉണ്ടായതെന്ന് തമിം ഇക്ബാൽ വെളിപ്പെടുത്തി. ‘അന്ന് ക്യാച്ച് വിട്ടതിന് ആരാധകർ എനിക്കെതിരെ ട്രോളുകൾ പടച്ചുവിട്ടത് മറക്കാനാകില്ല. ആ ക്യാച്ച് കൈവിട്ടശേഷം എങ്ങനെയെങ്കിലും നിങ്ങളൊന്ന് ഔട്ടാകാൻ വേണ്ടി ഞാൻ പ്രാർഥിക്കുകയായിരുന്നു. പക്ഷേ താങ്കളുടെ സ്കോർ 40 കടന്നതോടെ എന്റെ പ്രതീക്ഷയെല്ലാം പോയി. പിന്നെയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് അറിയാമായിരുന്നു’ – തമിം പറഞ്ഞു.

ലോകകപ്പിൽ ബംഗ്ലദേശിനെതിരെ രോഹിത് ശർമ വെറും ഒൻപതു റണ്‍സെടുത്തു നിൽക്കെയാണ് തമിം ഇക്ബാൽ ക്യാച്ച് കൈവിട്ടത്. തുടർന്ന് തകർത്തടിച്ചു മുന്നേറിയ രോഹിത് സെഞ്ചുറി പൂർത്തിയാക്കിയാണ് മടങ്ങിയത്. 104 റൺസെടുത്ത രോഹിത്തിന്റെ മികവിൽ 314 റൺസ് നേടിയ ഇന്ത്യ 28 റൺസിനാണ് ബംഗ്ലദേശിനെ തകർത്തത്. കളിയിലെ കേമനായത് രോഹിത് തന്നെ.

ബംഗ്ലദേശിനെതിരെ രോഹിത്തിനുള്ള മികച്ച റെക്കോർഡിനെക്കുറിച്ചും തമിം ഇക്ബാൽ സംസാരിച്ചു; ‘രോഹിത് ഭായ്, എന്തിനാണ് നിങ്ങൾ ഞങ്ങളോട് ഇത്ര ക്രൂരമായി പെരുമാറുന്നത്? 2015ലെ ഏകദിന ലോകകപ്പ് ക്വാർട്ടറിൽ നിങ്ങൾ ഞങ്ങൾക്കെതിരെ സെഞ്ചുറി നേടി, 2017ലെ ചാംപ്യൻസ് ട്രോഫി സെമിയിലും നിങ്ങൾ ഞങ്ങൾക്കെതിരെ സെഞ്ചുറിയടിച്ചു. 2019ലെ ലോകകപ്പിൽ ഞാൻ ക്യാച്ച് കൈവിട്ടതുകൊണ്ടാണെങ്കിലും അന്നും നിങ്ങൾ സെഞ്ചുറി നേടി’ – തമിം ചൂണ്ടിക്കാട്ടി.

English Summary: Bangladesh is the only place where we don't get any support: Rohit Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com