ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുമ്പോൾ ഒരിക്കൽ മഹേന്ദ്രസിങ് ധോണിയുടെ വിക്കറ്റെടുത്തശേഷം ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ ടീം മാനേജ്മെന്റ് ഒരിക്കലും തനിക്ക് അവസരം നൽകിയിട്ടില്ലെന്ന് മലയാളി താരം എസ്.ശ്രീശാന്ത്. ഹലോ ആപ്പിലെ ഒരു ലൈവ് സെഷനിലാണ് ശ്രീശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കളിയിൽ അവസരം നൽകാതിരുന്നതിന്റെ പേരിൽ ശ്രീശാന്ത് തന്നെയും രാഹുൽ ദ്രാവിഡിനെയും ചീത്തവിളിച്ചതായി രാജസ്ഥാൻ റോയൽസിന്റെ മുൻ പരിശീലകൻ പാഡി അപ്ടൺ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ധോണിയെ പുറത്താക്കിയശേഷം ചെന്നൈയ്‌ക്കെതിരെ തന്നെ ഒരിക്കലും കളിപ്പിക്കാതിരുന്നതിനെക്കുറിച്ച് ശ്രീശാന്ത് പ്രതികരിച്ചത്. ഇരുവരോടും ദേഷ്യപ്പെട്ടുവെന്ന ആരോപണം നിഷേധിച്ച ശ്രീശാന്ത്, കളിപ്പിക്കാത്തതിനെ ചോദ്യം ചെയ്തിരുന്നതായി സമ്മതിച്ചു.

‘സത്യമാണ്. ചെന്നൈയ്ക്കെതിരെ വീണ്ടും കളിക്കാനും വിജയം സമ്മാനിക്കാനും ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നിട്ടും എന്നെ എന്തിനാണ് പുറത്തിരുത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഡർബനിൽ നടന്ന ഒരു മത്സരത്തിൽ ധോണിക്കെതിരെ ബോൾ ചെയ്ത് ഞാൻ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അതിനുശേഷം ചെന്നൈയ്‌ക്കെതിരെ കളിക്കാൻ രാജസ്ഥാൻ മാനേജ്മെന്റ് എനിക്ക് ഒരിക്കലും അവസരം തന്നില്ല. അവർ ഒരിക്കലും അതിന് കൃത്യമായ കാരണം പോലും പറഞ്ഞില്ല’ – ശ്രീശാന്ത് വെളിപ്പെടുത്തി.

‘എനിക്ക് ധോണിയോടോ ചെന്നൈ സൂപ്പർ കിങ്സിനോടോ യാതൊരു വൈരാഗ്യവുമില്ല. പക്ഷേ, ആ കളറിനോട് ഒരു ഇഷ്ടക്കുറവുണ്ട്. ചെന്നൈയുടെ ജഴ്സി കാണുമ്പോൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയാണ് ഓർമ വരിക. അത്രമാത്രം’ – ശ്രീശാന്ത് പറഞ്ഞു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ദ് ബെയർഫൂട്ട് കോച്ച്’ എന്ന പുസ്തകത്തിലാണ് ശ്രീശാന്ത് തന്നെയും ദ്രാവിഡിനെയും ചീത്തവിളിച്ച സംഭവം അപ്ടൺ പരസ്യമാക്കിയത്. സംഭവം ഇങ്ങനെ: 2013ൽ രാജസ്ഥാൻ റോയൽസ് മുഖ്യപരിശീലകനായി അപ്ടൺ നിയമിതനായി. പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്ന് ശ്രീശാന്ത് അപ്ടണിനെയും അന്നത്തെ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെയും പരസ്യമായി ചീത്ത വിളിച്ചു. ശ്രീശാന്തിന്റെ ഈ സ്വഭാവമാണ് താരത്തിനു ടീമിൽ സ്ഥാനം നഷ്ടപ്പെടാൻ കാരണമെന്നും അപ്ടൺ കുറിച്ചു. ഗാരി കിർസ്‌റ്റൻ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന കാലത്ത് ഇന്ത്യയുടെ മെന്റൽ കണ്ടീഷനിങ് കോച്ചായിരുന്നു പാഡി.

അതേസമയം, അപ്ടന്റെ വാദങ്ങളെ ലൈവ് സെഷനിൽ ശ്രീശാന്ത് തള്ളിക്കളഞ്ഞു. ‘രാഹുൽ ദ്രാവിഡിനേപ്പോലൊരു താരത്തോട് അപമര്യാദയായി പെരുമാറാൻ മാത്രം വിഡ്ഢിയല്ല ഞാൻ. ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്നു അദ്ദേഹം. ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ പുറത്തിരുത്തിയതാണ് എന്നെ ചൊടിപ്പിച്ചത്. പുറത്തിരുത്താനുള്ള കാരണം അന്വേഷിക്കുക മാത്രമേ ഞാൻ ചെയ്തുള്ളൂ’ – ശ്രീശാന്ത് പറഞ്ഞു.

പാഡി അപ്ടണോട് അന്ന് ടീമിലെ ഒട്ടുമിക്ക താരങ്ങൾക്കും താൽപര്യമില്ലായിരുന്നുവെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. ‘അന്ന് ടീമിലെ മികച്ച താരങ്ങൾക്കും അപ്ടനോട് താൽപര്യമുണ്ടായിരുന്നില്ല. കളിക്കാർക്ക് അദ്ദേഹം അത്ര വലിയ സംഭവമൊന്നുമായിരുന്നില്ല. ഞാൻ പക്ഷേ, അദ്ദേഹത്തോട് സ്ഥിരമായി സംസാരിച്ചിരുന്നു. എന്നിട്ടും ഇങ്ങനെയൊക്കെ എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് അറിയില്ല. അതു വിശദീകരിക്കേണ്ടത് അദ്ദേഹമാണ്’ – ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റിൽനിന്ന് വിരമിച്ചുകഴിയുമ്പോൾ താൻ ഉറപ്പായും ആത്മകഥ എഴുതുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

English Summary: Rajasthan Royals never let me play against Chennai Super Kings after I took MS Dhoni's wicket, says Sreesanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com