ADVERTISEMENT

ധാക്ക∙ കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്രസിങ് ധോണിയുടെ സ്റ്റംപിങ് ശ്രമത്തിൽനിന്ന് രക്ഷപ്പെട്ട സംഭവം വിവരിച്ച് ബംഗ്ലദേശ് താരം സാബിർ റഹ്മാൻ. 2016ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഒരു റണ്ണിനു ജയിച്ച ബംഗ്ലദേശിനെതിരായ മത്സരത്തിൽ നിർണായകമായി മാറിയത് സാബർ റഹ്മാനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ ധോണിയുടെ നീക്കമായിരുന്നു. ഇത്തവണ പക്ഷേ, സാബിർ ക്രീസിനു പുറത്തുനിൽക്കെ ധോണിക്ക് സ്റ്റംപിങ്ങിന് അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ക്രീസിൽ കുത്തിയതിനു പിന്നാലെ ‘ഇന്ന് നടക്കില്ല ധോണി’ എന്ന് താൻ പറഞ്ഞ കാര്യവും സാബിർ അനുസ്മരിച്ചു.

‘2016ലെ ട്വന്റി20 ലോകകപ്പിൽ ബെംഗളൂരുവിൽവച്ച് ധോണി എന്നെ സ്റ്റംപ് ചെയ്ത് പുറത്താക്കിയിരുന്നു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിലും എന്നെ സ്റ്റംപ് ചെയ്യാൻ ധോണിക്ക് അവസരം കിട്ടി. ഇത്തവണ ധോണി സ്റ്റംപിളക്കുന്നതിനു മുൻപ് ഞാൻ ക്രീസിലേക്ക് ചാടിവീണു. എന്നിട്ട് പറഞ്ഞു; ഇന്ന് നടക്കില്ല ധോണീ’ – ക്രിക്ഫ്രെൻസിയുമായുള്ള ഫെയ്സ്ബുക് ലൈവ് സെഷനിൽ സാബിർ വിവരിച്ചു.

മത്സരത്തിനിടെ യുസ്‌വേന്ദ്ര ചെഹലിന്റെ പന്തു നേരിടാൻ ക്രീസിൽനിന്ന് വെളിയിലേക്ക് ചാടിയിറങ്ങിയ സംഭവത്തേക്കുറിച്ചായിരുന്നു സാബിറിന്റെ പരാമർശം. പന്ത് പക്ഷേ ബാറ്റിനടിയിലൂടെ വിക്കറ്റ് കീപ്പർ ധോണിയുടെ കൈകളിലേക്ക് പോയി. ധോണി പന്ത് പിടിച്ചെടുത്ത് സ്റ്റംപിളക്കാൻ ശ്രമിക്കുമ്പോഴേക്കും സാബിർ വീണുകിടന്നിട്ടാണെങ്കിലും ക്രീസിൽ കുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ‘ഇന്ന് നടക്കില്ല ധോണീ’ എന്ന് താരം പ്രതികരിച്ചത്.

നേരത്തെ, 2016 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുമായി നേർക്കുനേർ വന്നപ്പോൾ ഒരു ഘട്ടത്തിൽ സാബിറിന്റെ ബാറ്റിങ് ബംഗ്ലദേശിനെ വിജയിപ്പിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, 15 പന്തിൽ 26 റൺസെടുത്ത സാബിറിനെ നിർണായക ഘട്ടത്തിൽ സ്റ്റംപിങ്ങിലൂടെ മടക്കിയ ധോണിയാണ് ഇന്ത്യയെ കാത്തത്. ഈ മത്സരം ഒരു റണ്ണിനാണ് ഇന്ത്യ ജയിച്ചത്.

ധോണിയുടെ ബാറ്റിങ്ങിന്റെ രഹസ്യമെന്താണെന്ന് ഒരിക്കൽ അദ്ദേഹത്തോട് നേരിട്ടു ചോദിച്ച കാര്യവും സാബിർ അനുസ്മരിച്ചു. ‘എന്താണ് ആ ബാറ്റിങ്ങിന്റെ രഹസ്യമെന്ന് ഒരിക്കൽ ഞാൻ ധോണിയോട് ആരാഞ്ഞു. ഞങ്ങളെല്ലാം പന്ത് അതിർത്തി കടത്താൻ ബുദ്ധിമുട്ടുമ്പോൾ വളരെ അനായാസമാണ് ധോണി പന്തുകൾ ഗാലറിയിലെത്തിച്ചിരുന്നത്. ആത്മവിശ്വാസമാണ് എല്ലാറ്റിനും അടിസ്ഥാനമെന്നായിരുന്നു അന്ന് ധോണിയുടെ മറുപടി’ – സാബിർ പറഞ്ഞു.

‘ഒരിക്കൽ ഇന്ത്യയ്‌ക്കതിരായ മത്സരത്തിൽ ഉപയോഗിക്കാൻ ധോണിയുടെ ബാറ്റ് തരാമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ബാറ്റു തരാം, പക്ഷേ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ഉപയോഗിക്കരുതെന്നായിരുന്നു ധോണിയുടെ നിർദ്ദേശം. അതുകൊണ്ട് ആ ബാറ്റുപയോഗിച്ച് മറ്റു ടീമുകൾക്കെതിരെ ഞാന്‍ കളിച്ചു’ – സാബിർ വെളിപ്പെടുത്തി.

English Summary: What Sabbir Rahman told MS Dhoni in 2019 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com