ADVERTISEMENT

ന്യൂഡൽഹി∙ ചരിത്രം കുറിച്ച ഏകദിന ഇരട്ടസെഞ്ചുറിയിലേക്കുള്ള കുതിപ്പിൽ സച്ചിൻ തെൻഡുൽക്കറിനെ 190കളിൽവച്ച് താൻ എൽബിയിൽ കുരുക്കിയിട്ടും കാണികളെ ഭയന്ന് അംപയർ ഔട്ട് അനുവദിച്ചില്ലെന്ന ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡെയ്‍ൽ സ്റ്റെയ്ന്റെ വെളിപ്പെടുത്തൽ കള്ളം? അതോ ഇന്ത്യൻ മണ്ണിൽ സച്ചിനെതിരെ ബോൾ ചെയ്യുമ്പോൾ ബോളർമാരും തീരുമാനങ്ങളെടുക്കുന്നതിൽ അംപയർമാരും അനുഭവിക്കുന്ന സമ്മർദ്ദം വിവരിക്കാൻ സ്റ്റെയ്ൻ കണ്ടെത്തിയ നിർദോഷമായ ഉദാഹരണമോ? രണ്ടായാലും സ്റ്റെയ്നിന്റെ പ്രസ്താവനയോടെ കൺഫ്യൂഷനിലായത് ആരാധകരാണ്.

2010 ഫെബ്രുവരി നാലിന് ഗ്വാളിയറിൽ ഏകദിനത്തിലെ ചരിത്ര ഇരട്ടസെഞ്ചുറിക്ക് അരികെ നിൽക്കെ താൻ സച്ചിനെ പുറത്താക്കിയെന്നായിരുന്നു സ്റ്റെയ്നിന്റെ വെളിപ്പെടുത്തൽ. 147 പന്തിൽ 25 ഫോറും മൂന്നു സിക്സും സഹിതമാണ് അന്ന് സച്ചിൻ ഇരട്ടസെഞ്ചുറിയിലെത്തിയത്. മത്സരത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 401 റൺസെടുത്ത ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 248 റൺസിന് പുറത്താക്കി 153 റൺസിന്റെ കൂറ്റൻ വിജയം ആഘോഷിക്കുകയും ചെയ്തു.

∙ സ്റ്റെയ്ൻ പറഞ്ഞത്

ഗ്വാളിയറിൽ ഇരട്ടസെഞ്ചുറിയിലെത്തും മുൻപ് സച്ചിൻ ഔട്ടായിരുന്നുവെന്നാണ് സ്റ്റെയ്ൻ വെളിപ്പെടുത്തിയത്. ജയിംസ് ആൻഡേഴ്സൻ, മുൻ ഇംഗ്ലണ്ട് താരങ്ങളായ നാസർ ഹുസൈൻ, റോബ് കീ എന്നിവർക്കൊപ്പം നടത്തിയ സ്കൈ സ്പോർട്സ് ക്രിക്കറ്റിന്റെ പോഡ്കാസ്റ്റിലാണ് സ്റ്റെയ്‌ൻ ഇക്കാര്യം പറ‍ഞ്ഞത്. സച്ചിന്‍ ഔട്ടാണെന്ന് വിധിച്ചാൽ അദ്ദേഹത്തിന്റെ ഇരട്ടസെഞ്ചുറി കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന ഗ്വാളിയറിലെ ആരാധകർ എങ്ങനെ പ്രതികരിക്കുമെന്ന സംശയം നിമിത്തം അംപയർ ഇയാൻ ഗൂൾഡ് ഔട്ട് അനുവദിച്ചില്ലെന്ന് സ്റ്റെയ്ൻ പറഞ്ഞിരുന്നു.

‘രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി സച്ചിൻ തെൻഡുൽക്കർ നേടിയത് ഞങ്ങൾക്കെതിരെയാണ്. ഗ്വാളിയറിൽവച്ച്. അന്ന് 190കളിൽവച്ച് ഞാൻ സച്ചിനെ എൽബിയിൽ കുരുക്കിയതാണ്. അന്ന് ഇയാൻ ഗൂൾഡായിരുന്നു അംപയർ. ഞാൻ അപ്പീൽ ചെയ്തെങ്കിലും അദ്ദേഹം അനുവദിച്ചില്ല. എന്റെ അപ്പീലിനോട് അംപയർ പ്രതികൂലമായി പ്രതികരിച്ചതോടെ ഇതെന്തുകൊണ്ടാണ് താങ്കൾ ഔട്ട് അനുവദിക്കാത്തതെന്ന രീതിയിൽ ഞാൻ അദ്ദേഹത്തെ നോക്കി. ‘ചുറ്റിലുമൊന്നു നോക്കൂ. ഇതെങ്ങാനും ഔട്ട് അനുവദിച്ചാൽ പിന്നെ ഞാൻ ഹോട്ടൽ മുറിയിലേക്ക് തിരികെ പോകേണ്ടി വരില്ല’ എന്ന അർഥത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം’ – സ്റ്റെയ്ൻ വിവരിച്ചു.

∙ എന്താണ് സത്യം?

എന്നാൽ, ആ മത്സരത്തിന്റെ ലഭ്യമായ കമന്ററികളിലൊന്നും 190നും 200നും ഇടയിൽ സ്റ്റെയ്നിന്റെ പന്ത് സച്ചിന്റെ പാഡിലിടിച്ചതായി പറയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ മത്സരത്തിലാകെ സച്ചിനെതിരെ സ്റ്റെയ്ൻ എറിഞ്ഞത് 31 പന്തുകളാണ്. കൃത്യമായി പറഞ്ഞാൽ സച്ചിന്റെ വ്യക്തിഗത സ്കോർ 190കളിൽ നിൽക്കെയാണ് വിക്കറ്റെടുത്തതെന്നാണ് സ്റ്റെയ്ൻ അവകാശപ്പെട്ടത്. എന്നാൽ, 190നും 200നും ഇടയിൽ സച്ചിനെതിരെ സ്റ്റെയ്ൻ ബോൾ ചെയ്തത് വെറും മൂന്നേ മൂന്നു പന്തുകൾ മാത്രമാണ്. അതിലൊന്നുപോലും സച്ചിന്റെ പാഡിൽ തട്ടിയിട്ടില്ല.

അതേസമയം, മത്സരത്തിലാകെ സ്റ്റെയ്ൻ സച്ചിനെതിരെ എറിഞ്ഞ 31 പന്തുകളിൽ ഒരെണ്ണം പാഡിലിടിച്ചിരുന്നു. അതും ഇന്ത്യൻ ഇന്നിങ്സിലെ ഏഴാം ഓവറിൽ. ഈ സമയം സച്ചിന്റെ വ്യക്തിഗത സ്കോർ 25 റൺസ് മാത്രയിരുന്നു. മാത്രമല്ല, പന്ത് സ്റ്റംപിൽ തൊടില്ലെന്ന് വ്യക്തമാകുകയും ചെയ്തു. സ്റ്റെയ്ൻ ബോൾ ചെയ്ത 31 പന്തിൽ 16 എണ്ണത്തിലും സച്ചിൻ റണ്ണെടുക്കാതെ വിടുകയാണ് ചെയ്തത്. ബാക്കി 15 പന്തിൽനിന്ന് ഏഴു ഫോറുകൾ സഹിതം നേടിയത് 37 റൺസും!

∙ സ്റ്റെയ്നിന് ഓർമപ്പിശക്?

2010–2011 കാലഘട്ടത്തിൽ സച്ചിനും ഡെയ്‍ൽ സ്റ്റെയ്നും നേർക്കുനേർ വന്ന ആറു മത്സരങ്ങളിൽ ഇയാൻ ഗൂൾഡ് ഓൺ–ഫീൽഡ് അംപയറായിരുന്നുവെന്നാണ് ക്രിക്ട്രാക്കർ എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ഇതിൽ നാലു ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും ഉൾപ്പെടുന്നു. ആ മത്സരങ്ങളിലെല്ലാം സച്ചിൻ സെഞ്ചുറിയും നേടി. ഇതിൽ സച്ചിന്റെ 50–ാം ടെസ്റ്റ് സെഞ്ചുറിയും ലോകകപ്പിലെ ആറു സെഞ്ചുറികളിൽ അവസാനത്തേതും മേൽപ്പറഞ്ഞ ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയും ഉൾപ്പെടുന്നു.

ഈ ആറു സെഞ്ചുറികളിൽ ഒരിക്കൽ 90കളിൽ വച്ച് സ്റ്റെയ്നിനെതിരെ സച്ചിൻ എൽബി അപ്പീൽ അതിജീവിച്ചു. 2010ലെ നാഗ്പുർ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് സച്ചിൻ 92ൽ നിൽക്കെ സ്റ്റെയ്നിന്റെ പന്ത് സച്ചിന്റെ പാഡിലിടിച്ചത്. അതുപക്ഷേ, ഔട്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിൽ സച്ചിനെ സെഞ്ചുറിക്കോ ഇരട്ടസെഞ്ചുറിക്കോ അരികിൽ എൽബിയിൽ കുരുക്കിയെന്ന സ്റ്റെയ്നിന്റെ വാദം കള്ളമെന്ന് വ്യക്തം.

പക്ഷേ, ഒരിക്കൽ സച്ചിനെ സ്റ്റെയ്ൻ എൽബിയിൽ കുരുക്കിയെങ്കിലും ഓൺ ഫീൽഡ് അംപയറായിരുന്ന ഗൂൾഡ് ഔട്ട് നൽകാതിരുന്നു. 2011ലെ കേപ്ടൗൺ ടെസ്റ്റിൽ. അന്നുപക്ഷേ സച്ചിൻ 49ൽ നിൽക്കുമ്പോഴായിരുന്നു സംഭവം. അതു സത്യത്തിൽ ഔട്ടായിരുന്നു.

∙ ഗ്വാളിയറിൽ സംഭവിച്ചത്

അന്ന് ഗ്വാളിയറിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ വീരേന്ദർ സേവാഗ് 11 പന്തിൽ ഒരു ഫോർ സഹിതം ഒൻപതു റൺസുമായി മടങ്ങിയെങ്കിലും പിന്നീട് വന്നവരെല്ലാം ചേർന്ന് ഇന്ത്യയെ 400 കടത്തി. ഇതിൽ പകുതിയോളം റൺസ് സച്ചിന്റെ ബാറ്റിൽനിന്ന് മാത്രമാണ് പിറന്നത്. 147 പന്തിൽ 25 ഫോറും മൂന്നു സിക്സും സഹിതം 200 റൺസാണ് സച്ചിൻ നേടിയത്. ഇന്നിങ്സിലെ അവസാന പന്തിലാണ് സച്ചിൻ ചരിത്രനേട്ടം സ്വന്തമാക്കിയത്.

സച്ചിനു പുറമെ വൺഡൗണായെത്തിയ ദിനേഷ് കാർത്തിക്, യൂസഫ് പഠാൻ, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെല്ലാം അന്ന് തിളങ്ങി. കാർത്തിക് 85 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം നേടിയത് 79 റൺസ്. പഠാൻ 23 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 36 റൺസ് നേടി. ഒടുവിൽ തകർത്തടിച്ച് കളിച്ച ധോണി 35 പന്തിൽ ഏഴു ഫോറും നാലു സിക്സും സഹിതം 68 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ സച്ചിൻ – കാർത്തിക് സഖ്യം 194 റൺസും മൂന്നാം വിക്കറ്റിൽ സച്ചിൻ – പഠാൻ സഖ്യം 81 റൺസും പിരിയാത്ത നാലാം വിക്കറ്റിൽ സച്ചിൻ – ധോണി സഖ്യം 101 റണ്‍സും കൂട്ടിച്ചേർത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി എ.ബി. ഡിവില്ലിയേഴ്സ് തകർപ്പൻ സെഞ്ചുറി കുറിച്ചെങ്കിലും ഇന്ത്യയുടെ സ്കോറിന്റെ ഏഴയലത്തുപോലും എത്താനായില്ല. ഡിവില്ലിയേഴ്സ് 101 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 114 റൺസുമായി പുറത്താകാതെ നിന്നു. ഒടുവിൽ 42.5 ഓവറിൽ ദക്ഷിണാഫ്രിക്ക 248 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്കായി മലയാളി താരം ശ്രീശാന്ത് മൂന്നു വിക്കറ്റെടുത്തു. ആശിഷ് നെഹ്റ, യൂസഫ് പഠാൻ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

English Summary: Stats Show Dale Steyn Lied About Dismissing Sachin Tendulkar While He Was In 190s Before Scoring 1st ODI 200

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com