ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിൽ പേസ് ബോളറെന്ന വിലാസത്തിൽ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് അജിത് അഗാർക്കർ. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അഞ്ചാമത്തെ പേസ് ബോളർ. ഏറ്റവും വേഗത്തിൽ 50 ഏകദിന വിക്കറ്റ് പൂർത്തിയാക്കി റെക്കോർഡിട്ട താരം. സ്പിന്നർമാരെക്കൂടി പരിഗണിച്ചാലും ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഇന്നും ഒൻപതാം സ്ഥാനത്തുള്ള ബോളർ. രാജ്യാന്തര കരിയറിൽ 221 മത്സരങ്ങളിൽനിന്ന് അഗാർക്കർ എറിഞ്ഞിട്ടത് 349 വിക്കറ്റുകളാണ്. ഇതേ അഗാർക്കർ കരിയറിന്റെ ആരംഭകാലത്ത് അടുത്ത സച്ചിൻ തെൻഡുൽക്കറായി വാഴ്ത്തപ്പെട്ട താരമാണെന്ന് എത്ര പേർക്കറിയാം? സച്ചിന്റെ ബാല്യകാല പരിശീലകനായിരുന്ന രമാകാന്ത് അച്ഛരേക്കർ ഉൾപ്പെടെയുള്ളവർ അഗാർക്കർ രണ്ടാം സച്ചിനാകുന്നത് സ്വപ്നം കണ്ടിരുന്നവരാണ്!

ഇന്ത്യൻ ക്രിക്കറ്റിൽ അടുത്ത സച്ചിനെന്ന് വാഴ്ത്തപ്പെട്ട അഗാർക്കർ പിന്നെങ്ങനെ ഒരു പേസ് ബോളറായി? മുൻ ഇന്ത്യൻ താരവും ഇപ്പോൾ കമന്റേറ്ററുമായ ആകാശ് ചോപ്രയുമായുള്ള ഒരു അഭിമുഖത്തിൽ ചെറുപ്പകാലത്ത് ബാറ്റ്സ്മാനാകാൻ ആഗ്രഹിച്ച് പിന്നീട് ബോളറായി മാറിയ ആ സംഭവം അഗാർക്കർ ഓർത്തെടുത്തു. 

‘ചെറുപ്പത്തിൽ ഒരു ബാറ്റ്സ്മാനാകണമെന്നായിരുന്നു എന്റെ ആഗ്രഹം. സ്കൂളിൽ പഠിക്കുന്ന കാലത്ത് റൺസ് വാരുന്ന ബാറ്റ്സ്മാനായിരുന്നു ഞാൻ. എന്റെയും സച്ചിന്റെയും ബാല്യകാല പരിശീലകൻ ഒരാളായിരുന്നു – രമാകാന്ത് അച്ഛരേക്കർ. എന്റെ ബാറ്റിങ്ങിൽ എന്തോ പ്രത്യേകതയുണ്ടെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. അന്ന് അച്ഛരേക്കറിന്റെ പരിശീലനത്തിൽ പിറവിയെടുത്ത സൂപ്പർതാരമായി സച്ചിൻ മാറിയിരുന്നു. സച്ചിനു പിന്നാലെയെത്തിയ പ്രവീൺ ആംറെ ഉൾപ്പെടെയുള്ളവരും ആ അക്കാദമിയിൽനിന്നുതന്നെ’ – അഗാർക്കർ വിവരിച്ചു.

‘ബാറ്റിങ്ങിൽ ഞാൻ മികവു കാട്ടിയതോടെ ഞാൻ മറ്റൊരു സച്ചിനാകുമെന്ന് പ്രതീക്ഷിച്ച ഒട്ടേറെപ്പേരുണ്ടായിരുന്നു. ഇപ്പോൾ 16–ാം വയസ്സിൽ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചാൽ ഐപിഎല്ലിൽ അവസരം ലഭിക്കും. അവിടെനിന്ന് ദേശീയ ടീമിലെത്താം. അന്ന് ദേശീയ ടീമിലെത്താൻ ഇത്തരം ചവിട്ടുപടികളൊന്നുമില്ല. ഞാൻ ബാറ്റിങ്ങിൽ മികവു കാട്ടിയതോടെ മുംബൈയിൽ മികച്ചൊരു ബാറ്റ്സ്മാനുണ്ട് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഞാനാകട്ടെ, എങ്ങനെ കൂടുതൽ മികച്ച ബാറ്റ്സ്മാനാകാമെന്നുള്ള അന്വേഷണത്തിലായിരുന്നു’ – അഗാർക്കര്‍ പറഞ്ഞു.

‘അന്ന് സച്ചിൻ എനിക്ക് ഗ്ലൗസും പാഡുമൊക്കെ തന്നത് ഓർമയുണ്ട്. സച്ചിൻ പഠിച്ച സ്കൂളിലാണ് ഞാനും പഠിച്ചിരുന്നത്. കൊള്ളാവുന്ന രീതിയിൽ ബാറ്റ് ചെയ്യുന്ന ആളാണല്ലോ എന്നു കരുതിയാകണം സച്ചിൻ എനിക്ക് ഗ്ലൗസുകൾ സമ്മാനിച്ചത്. അന്ന് സച്ചിനെ എനിക്കത്ര പരിചയമുണ്ടായിരുന്നില്ല. അന്ന് സച്ചിൻ നൽകിയ പാഡൊന്നും ഞാൻ ഉപയോഗിച്ചില്ല. ഒരുപക്ഷേ, അതുപയോഗിച്ചിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തേപ്പോലെ നല്ലൊരു ബാറ്റ്സ്മാനേയേനെ’ – അഗാർക്കർ തമാശരൂപേണ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിൽ ബോളറെന്ന നിലയിലാണ് മേൽവിലാസമുണ്ടാക്കിയതെങ്കിലും സാക്ഷാൽ സച്ചിനുപോലും എത്തിപ്പിടിക്കാനാകാതെ പോയ ഒരു ബാറ്റിങ് റെക്കോർഡ് സ്വന്തമാക്കിയ താരമാണ് അഗാർക്കർ. ക്രിക്കറ്റിന്റെ മെക്ക എന്ന പേരിൽ വിഖ്യാതമായ ലോഡ്സ് മൈതാനത്ത് അഗാർക്കർ ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുണ്ട്. 2002ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇത്. കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന കരിയറിൽ സച്ചിന് ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് തികച്ച റെക്കോർഡ് ഒരു പതിറ്റാണ്ടോളം കൈവശം വച്ച വ്യക്തി കൂടിയാണ് അഗാർക്കർ. 1998ൽ ഏകദിന അരങ്ങേറ്റത്തിനു പിന്നാലെ 23 മത്സരങ്ങളിൽനിന്നാണ് അഗാർക്കർ 50 വിക്കറ്റ് തികച്ചത്. പിന്നീട് 2009ൽ ശ്രീലങ്കയുടെ അജാന്ത മെൻഡിസാണ് 19 കളികളിൽനിന്ന് 50 വിക്കറ്റ് തികച്ച് ഈ റെക്കോർഡ് മറികടന്നത്. എങ്കിലും റെക്കോർഡ് ബുക്കിൽ ഇപ്പോഴും രണ്ടാമത് അഗാർക്കർ തന്നെ. ബാറ്റിങ്ങിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിരുന്ന അഗാർക്കറിന് ഏകദിനത്തിൽ 50 വിക്കറ്റ് പൂർത്തിയാക്കുന്ന സമയത്ത് മൂന്ന് അർധസെഞ്ചുറികളും സ്വന്തം പേരിലുണ്ടായിരുന്നു.

English Summary: ‘It started because I wanted to be a batsman’: Former India bowler reveals why he was dubbed ‘next Sachin Tendulkar’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com