ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ഭീതി കുറയുന്നതോടെ ക്രിക്കറ്റും കളിക്കളത്തിലേക്ക്. ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സന്നദ്ധത അറിയിച്ചതായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു. ഇതിനു പിന്നാലെ ഒക്ടോബറിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനും സാധ്യത തെളിയ‍ുന്നുണ്ട്. മൺസൂൺ (ജൂൺ–സെപ്റ്റംബർ) കഴിയുന്നതോടെ ക്രിക്കറ്റ് പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷ ബിസിസിഐ സിഇഒ: രാഹുൽ ജോഹ്‌റി പങ്കുവച്ചു. 

ദക്ഷിണാഫ്രിക്കയിലേക്ക് 

ദക്ഷിണാഫ്രിക്കൻ‍ പര്യടനത്തിന് ഇന്ത്യ സന്നദ്ധത അറിയിച്ച കാര്യം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ (സിഎസ്എ) ആക്ടിങ് ചീഫ് എക്സിക്യുട്ടീവ് ജാക്വസ് ഫോൾ ആണ് അറിയിച്ചത്. മൂന്നു ട്വന്റി20 മൽസരങ്ങൾ ഉൾപ്പെടുന്ന പരമ്പര ഓഗസ്റ്റ് അവസാനമായിരിക്കുമെന്ന് ഫോൾ വെളിപ്പെടുത്തി. കോവിഡിനു മുൻപേ ഇരുരാജ്യങ്ങളും തീരുമാനിച്ച പരമ്പരയാണിത്. ഇരുരാജ്യങ്ങളിലെയും സർക്കാർ അനുവദിക്കുന്ന പക്ഷം പരമ്പര യാഥാർഥ്യമാകും. ഇതേക്കുറിച്ച് ദക്ഷിണാഫ്രിക്കൻ സർക്കാരുമായി സംസാരിച്ചു കഴിഞ്ഞതായും ഫോൾ പറഞ്ഞു. 

 ഐപിഎൽ മാമാങ്കം 

ഐപിഎല്ലിന്റെ 13–ാം പതിപ്പ് നടത്താൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് ബിസിസിഐ പരമ്പരയ്ക്കു സമ്മതിച്ചതെന്നാണ് സൂചന. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് റദ്ദാക്കിയാൽ ആ കാലയളവിലാകും (ഒക്ടോബർ–നവംബർ) ഐപിഎൽ നടക്കുക. കഴിഞ്ഞ ദിവസം ഒരു വെബിനാറിൽ സംസാരിക്കവെയാണ് ബിസിസിഐ സിഇഒ: രാഹുൽ ജോഹ്‌‌റി ഐപിഎല്ലിനെക്കുറിച്ച് മനസ്സു തുറന്നത്.

‘‘ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കളിക്കാർ ഒന്നിച്ചു കളിക്കുന്നു എന്നതാണ് ഐപിഎല്ലിന്റെ ആകർഷണം. ഇപ്പോൾ വെല്ലുവിളിയും അതു തന്നെ. അതു കൊണ്ടു തന്നെ കുറേ കാര്യങ്ങൾ ആലോചിക്കാനുണ്ട്. എങ്കിലും മൺസൂൺ കഴിയുമ്പോൾ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് ഞങ്ങളുടെ ശുഭാപ്തി വിശ്വാസം.’– ജോഹ്‌റി പറഞ്ഞു.

സൗരവ് ഗാംഗുലി ഐസിസി പ്രസിഡന്റാവണം: സ്മിത്ത്

ജൊഹാനസ്ബർഗ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പുതിയ അധ്യക്ഷനായി സൗരവ് ഗാംഗുലി വരണമെന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഡയറക്ടറും മുൻ ക്യാപ്റ്റനുമായ ഗ്രെയിം സ്മിത്ത്. സിഎഎസിന്റെ സിഇഒ ജാക്വസ് ഫോളും സ്മിത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. 

കോവിഡ് സാഹചര്യത്തിൽ നിലവിലെ ഐസിസി അധ്യക്ഷൻ ശശാങ്ക് മനോഹറിന്റെ കാലാവധി രണ്ടുമാസത്തേക്കു കൂടി നീട്ടി നൽകാനാണ് സാധ്യത. 

ഇതിനു ശേഷം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ മുൻ ചെയർമാൻ കോളിൻ ഗ്രേവ്സ് ഐസിസി അധ്യക്ഷനാകുമെന്നായിരുന്നു ഇതുവരെയുള്ള സൂചന. എന്നാൽ, ഗാംഗുലിയുടെ പേരുകൂടി വന്നതോടെ പുതിയ നീക്കങ്ങൾക്കു വഴി തുറന്നു. 

ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് സൗരവ് ഗാംഗുലിയുടെ കാലാവധി ജൂണിൽ അവസാനിക്കുകയാണ്. ജസ്റ്റിസ് ലോധ കമ്മിറ്റി ശുപാർശയുടെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ഭരണത്തിൽ ഒരാൾക്ക് തുടർച്ചയായി ആറുവർഷത്തിൽ അധികം പാടില്ലെന്നതിനാലാണ് ഇത്. 

പന്തിൽ തുപ്പൽ പുരട്ടാതിരിക്കാൻ പ്രത്യേക പരിശീലനം വേണം: അശ്വിൻ 

ന്യൂഡൽഹി ∙ പന്തിൽ തുപ്പലു പുരട്ടാതെ കളിക്കാൻ പ്രത്യേക പരിശീലനം വേണ്ടിവരുമെന്ന് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. ചെറുപ്പം മുതൽ ശീലിച്ച ഒരു കാര്യം പെട്ടെന്ന് നിർത്താൻ പറയുമ്പോൾ അതിന്റേതായ ബുദ്ധിമുട്ടുണ്ട്. അറിയാതെ സംഭവിച്ചു പോകുന്ന ഒന്നാണിത്. പന്തിൽ തുപ്പലു പുരട്ടാതിരിക്കാൻ ഇനിമുതൽ പ്രത്യേക പരിശീലനം തന്നെ ആവശ്യമാണ്. – അശ്വിൻ പറഞ്ഞു. കോവിഡിനു ശേഷം ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ, പന്തിനു തിളക്കം വരുത്താൻ തുപ്പലും വിയർപ്പും പുരട്ടുന്നത് ഒഴിവാക്കണമെന്ന് അനിൽ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് സമിതി നിർദേശിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com