ADVERTISEMENT

ലക്നൗ∙ കശ്മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്കു മറുപടിയുമായി യുപി മന്ത്രി. പാക്ക് അധിനിവേശ കശ്മീരിൽ ഉടൻ തന്നെ ഇന്ത്യയുടെ ത്രിവർണ പതാക പാറുമെന്ന് ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല പ്രതികരിച്ചു. അടുത്ത് തന്നെ പിഒകെ ഇന്ത്യയുടെ ഭാഗമാകും. ദേശീയ പതാകയും അവിടെ ഉയരും– ശുക്ല വ്യക്തമാക്കി.

രാജ്യത്തിനെതിരെ തോക്കു ചൂണ്ടുന്നവരെയെല്ലാം ഇന്ത്യൻ സൈന്യം ഇല്ലാതാക്കും. സർജിക്കൽ സ്ട്രൈക്ക് നടത്തിയ നരേന്ദ്ര മോദി സർക്കാരാണ് ഇതെന്ന് ഷാഹിദ് അഫ്രീദിയെപ്പോലുള്ളവർ ഓർക്കണം. പഴയതുപോലെ പാക്കിസ്ഥാൻ ഭൂപടം ചുരുങ്ങുന്ന സമയം വരികയാണ്. അഫ്രീദിയെപ്പോലൊരാളിൽനിന്ന് മര്യാദ പ്രതീക്ഷിക്കുന്നില്ലെന്നും യുപി മന്ത്രി പ്രതികരിച്ചു.

അടുത്തിടെ പാക്ക് അധീന കശ്മീർ സന്ദർശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തി വിവാദത്തിലായത്. ‘ഇന്ന് ഞാന്‍ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദർശിക്കണമെന്നു ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ മാത്രം വിന്യസിച്ചിരിക്കുന്നത്’ – അഫ്രീദി പറഞ്ഞു.

ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു. എന്നാൽ അഫ്രീദിയുടെ വാക്കുകൾക്കു മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നാണു സുരേഷ് റെയ്ന പ്രതികരിച്ചത്. മുഖ്യധാരയിൽ സജീവമായി നിൽക്കാൻ ഓരോരുത്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടാണിത്. അതും വല്ലവരുടെയും കാരുണ്യത്തിൽ ഇന്നും നിലനിൽക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് ഓർക്കണം.

കശ്മീരിനെ വെറുതെവിട്ട് വൻ തോൽവിയായ സ്വന്തം രാജ്യത്തിനു വേണ്ടി ആദ്യം എന്തെങ്കിലുമൊക്കെ ചെയ്യുന്നതല്ലേ നല്ലത്– കശ്മീർ സ്വദേശിയായ സുരേഷ് റെയ്ന പ്രതികരിച്ചു. ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, യുവരാജ് സിങ്, ശിഖർ ധവാൻ, ഗൗതം ഗംഭീർ എന്നിവരും അഫ്രീദിക്കു മറുപടിയുമായി എത്തിയിരുന്നു.

English Summary: Pak-occupied Kashmir would very soon be a part of India: UP minister tells Afridi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com