sections
MORE

ഐസിസി തലപ്പത്തേക്ക് സൗരവ് ഗാംഗുലി; ക്രിക്കറ്റില്‍ വീണ്ടും ദാദാ യുഗം?

Sourav Ganguly
SHARE

മുംബൈ ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തുനിന്ന് ഇന്ത്യക്കാരൻ ശശാങ്ക് മനോഹർ സ്ഥാനമൊഴിയുമ്പോൾ ആ പദവിയിലേക്കു കറുത്ത കുതിരയായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി എത്തുമോ? ഇതാണിപ്പോൾ ക്രിക്കറ്റ് ഭരണവൃത്തങ്ങളിലെ പ്രധാന ചർച്ചാവിഷയം. 3–ാം തവണയും ചെയർമാനായി തനിക്കു താൽപര്യമില്ലെന്നു ശശാങ്ക് മനോഹർ അറിയിച്ചതോടെ ഇംഗ്ലിഷ് ക്രിക്കറ്റ് തലവൻ കോളിൻ ഗ്രേവ്സ് ആ സ്ഥാനത്തേക്കു വരുമെന്നായിരുന്നു സൂചന. എന്നാൽ, കോവിഡ്മൂലം സർവകാര്യങ്ങളും തകിടംമറിഞ്ഞതോടെ ഗാംഗുലിയെ മുൻനിർത്തി ബിസിസിഐ രംഗത്തിറങ്ങിയേക്കും. 

രാജ്യാന്തര ക്രിക്കറ്റ് ഭരണം കൈപ്പിടിയിലൊതുക്കാൻ കിട്ടുന്ന സുവർണാവസരം ഗാംഗുലിയിലൂടെ പ്രയോജനപ്പെടുത്താമെന്നാണു ചിന്ത. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഡയറക്ടറും മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനുമായ ഗ്രെയിം സ്മിത്തും സിഇഒ ജാക് ഫോളും ഐസിസി തലപ്പത്തേക്കു ഗാംഗുലി വരണമെന്ന അഭിപ്രായപ്പെട്ടതോടെ ചർച്ചകൾക്കു ചൂടുപിടിച്ചു കഴിഞ്ഞു. ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ.ശ്രീനിവാസൻ എന്നിവരാണു മുൻപ് ഐസിസിയെ നയിച്ചിട്ടുള്ള ഇന്ത്യക്കാർ. ഗാംഗുലി മത്സരിച്ചാൽ ഇംഗ്ലിഷ്, പാക്ക് ക്രിക്കറ്റ് ബോർഡുകൾ ഒഴികെയുള്ളവയുടെ പിന്തുണ ഇന്ത്യയ്ക്കു ലഭിച്ചേക്കുമെന്നാണു ബിസിസിഐയുടെ പ്രതീക്ഷ. 

യോഗ്യത

ഐസിസി ബോർഡ് യോഗത്തിൽ ഒരു പ്രാവശ്യമെങ്കിലും പങ്കെടുത്തവർക്കു (ഐസിസി ഡയറക്ടർ) മാത്രമേ ചെയർമാൻ സ്ഥാനത്തേക്കു മത്സരിക്കാൻ കഴിയൂ. വിഡിയോ കോൺഫറൻസിലൂടെ ഗാംഗുലി ഒരുതവണ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഐസിസി ബോർഡിലെ 15 ഡയറക്ടർമാരിൽ ഓരോരുത്തർക്കും ഒരു സ്ഥാനാർഥിയെ ചെയർമാൻ സ്ഥാനത്തേക്കു നാമനി‍ർദേശം ചെയ്യാം. രണ്ടോ അതിലധികമോ വോട്ട് കിട്ടുന്നവർക്കു ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഐസിസി വാർഷിക സമ്മേളനത്തിൽ വോട്ടെടുപ്പ് നടക്കും. 

കാലാവധി 

കഴിഞ്ഞ ഒക്ടോബറിൽ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗാംഗുലിയുടെ ഔദ്യോഗിക കാലാവധി ഈ ജൂലൈയിൽ അവസാനിക്കും. അതിനുശേഷം 3 വർഷം കൂളിങ് ഓഫ് പീരിയഡാണ്. മുൻപ് 5 വർഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയിൽ ഇരുന്നതിനാലാണിത്. നിലവിലെ നിയമപ്രകാരം തുടർച്ചയായി 6 വർഷമേ ഒരാൾക്കു കായിക ഭരണപദവിയിൽ തുടരാൻ കഴിയൂ. എന്നാൽ, ഐസിസി നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് ഇന്ത്യയിലെ നിയന്ത്രണം ബാധകമല്ലതാനും. 

പിന്തുണ

ക്രിക്കറ്റിന്റെ വികസനത്തിനു ഗാംഗുലിയെപ്പോലെ നേതൃഗുണമുള്ളവർ വേണമെന്നായിരുന്നു ഐസിസി തലപ്പത്തേക്കു ഗാംഗുലിയെ പിന്തുണച്ചുകൊണ്ട് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് പറഞ്ഞത്. ഗാംഗുലിയെപ്പോലെ ക്രിക്കറ്റിൽ പരിചയമുള്ള ഒരാൾക്കു വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും – സ്മിത്ത് പറഞ്ഞു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ഗവറും നേരത്തേ ഗാംഗുലിയെ പിന്തുണച്ചിരുന്നു. ‘ബിസിസിഐയെപ്പോലെ രാഷ്ട്രീയ ചരടുവലികൾ നിറഞ്ഞ ഒരു ഭരണസമിതിയെ നിയന്ത്രിക്കുന്ന ഗാംഗുലിക്ക് അനായാസം ഐസിസിയെ നയിക്കാൻ കഴിയും; വികസനം കൊണ്ടുവരാനും’ – ഗവർ പറഞ്ഞു. 

സ്മിത്തിനെ തള്ളി ദക്ഷിണാഫ്രിക്ക

ഗാംഗുലിയെ പിന്തുണച്ചുകൊണ്ടുള്ള ഗ്രെയിം സ്മിത്തിന്റെ പ്രസ്താവന തങ്ങളുടെ ഔദ്യോഗിക നിലപാടായി ചിത്രീകരിക്കരുതെന്നു വിശദീകരിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് രംഗത്തിറങ്ങി. ‘ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പു വരാൻ പോകുന്നതേയുള്ളൂ. സ്മിത്തിന്റേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ പൊതു അഭിപ്രായമായി അതിനെ വ്യാഖ്യാനിക്കേണ്ടതില്ല’ – പ്രസിഡന്റ് ക്രിസ് നെൻസാനി പ്രസ്താവനയിൽ പറഞ്ഞു.

English Summary: Ganguly to be next ICC chairman; rumours

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA