ADVERTISEMENT

മുംബൈ∙ ക്രിക്കറ്റ് മത്സരത്തിനിടെ പന്തിൽ ഉമിനീർ പ്രയോഗിക്കുന്നതു വിലക്കിയ ഐസിസി നീക്കം നടപ്പാക്കാൻ പ്രയാസമേറിയതാണെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ പേസ് ബോളർ ബ്രെറ്റ് ലീ. വിരലിൽ ഉമിനീരെടുത്ത് പന്തിൽ പുരട്ടുന്നത് ചെറു പ്രായം മുതലേ തുടങ്ങി ഇതു വരെ തുടരുകയാണെങ്കിൽ ഒരു അര്‍ധ രാത്രി അതു മാറ്റുകയെന്നതു കഷ്ടമേറിയ കാര്യമാണ്.

ഇക്കാര്യത്തിൽ മുന്നറിയിപ്പുകൾ നൽകണം. ചില അവസരങ്ങളിൽ ഐസിസിയിൽനിന്ന് ദാക്ഷിണ്യം പ്രതീക്ഷിക്കുന്നതായും ഒരു സ്പോർട്സ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ ബ്രെറ്റ് ലീ പറഞ്ഞു. ഫീല്‍ഡർമാരുടെ കാര്യത്തിലും ഇതു ബാധകമാകുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലേസി പ്രതികരിച്ചു. സ്‍ലിപ്പിൽ ഫീൽഡ് ചെയ്യുമ്പോൾ പന്തു പിടിക്കുന്നതിനായി ഇടയ്ക്കിടെ വിരലിൽ ഉമിനീര് പുരട്ടാറുണ്ടെന്ന് ഡുപ്ലേസി പറഞ്ഞു. പന്തു ക്യാച്ച് ചെയ്യുന്നതിനായി റിക്കി പോണ്ടിങ്ങിനെ പോലുള്ള താരങ്ങൾ കയ്യിൽ തുപ്പാറുള്ളതായും ഡുപ്ലേസി വ്യക്തമാക്കി.

പന്തിൽ തുപ്പൽ പുരട്ടുന്നതിനു വിലക്ക് ഏർപ്പെടുത്തുമ്പോൾ അതിൽ കുറച്ചു നാൾ പരിശീലനം വേണ്ടിവരുമെന്ന് ഇന്ത്യൻ ഓഫ്– സ്പിന്നർ രവി ചന്ദ്രൻ അശ്വിനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതേസമയം ഐസിസിയുടെ നീക്കം ബോളർമാരെ ബാധിക്കില്ലെന്നാണ് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ക്രിസ് വോക്സ് പറയുന്നത്. ഉമിനീര് പന്തുകളിൽ ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ പന്ത് തിളങ്ങാൻ വേണ്ടി ബോളർമാര്‍ മറ്റേതെങ്കിലും മാർഗങ്ങൾ സ്വീകരിക്കുമെന്ന് വോക്സ് പറഞ്ഞു. പന്തില്‍ ഉമിനീര് പുരട്ടുന്നതു താരങ്ങളുടെ ശീലമാണ്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് ആരംഭിച്ച് കുറച്ചു പരിശീലിച്ചാൽ മാത്രമാകും ഇത് ഒഴിവാക്കാൻ സാധിക്കുക.

ഇതോടെ ബോളർമാരുടെ ജോലി കൂടുതല്‍ കഠിനമാകുമെന്നും വോക്സ് അഭിപ്രായപ്പെട്ടു. പന്തിൽ ഉമിനീര് പുരട്ടുന്നതു വിലക്കിയതിനു പുറമേ ക്രിക്കറ്റ് ഗ്രൗണ്ടിൽ മറ്റു പല പതിവുകൾക്കും ഐസിസി വിലങ്ങിടാൻ ഒരുങ്ങുകയാണ്. കളിക്കാരും അംപയര്‍മാരും ഗ്രൗണ്ടിൽ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്നാണു നിർദേശം. തൊപ്പി, ടവൽ, സൺ ഗ്ലാസ് തുടങ്ങിയ വസ്തുക്കൾ താരങ്ങൾ അംപയർമാർക്കോ, സഹതാരങ്ങൾക്കോ കൈമാറരുത്. അംപയർമാരും ഗ്ലൗസ് ധരിക്കണമെന്നും നിർദേശമുണ്ട്. വസ്തുക്കൾ താരങ്ങൾ ഉപയോഗിച്ചതിനു ശേഷം അണുവിമുക്തമാക്കും. പരിശീലനത്തിനിടെ ചേഞ്ചിങ് റൂമുകള്‍ ഉപയോഗിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.

English Summary: Non usage of saliva on balls will be hard to implement: feels Brett Lee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com