ADVERTISEMENT

ഇസ്‍ലാമബാദ്∙ കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലുണ്ടായ വിമാന അപകടത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം യാസിർ ഷാ മരിച്ചതായി വ്യാജ പ്രചാരണം. സമൂഹമാധ്യമങ്ങളിൽ‌ താരത്തിന് ആദരാഞ്ജലികളർപ്പിച്ച് നൂറു കണക്കിന് പേരാണ് പോസ്റ്റുകളിട്ടത്. ഇതോടെ താൻ മരിച്ചിട്ടില്ലെന്നും വീട്ടിൽ സുരക്ഷിതനായി ഇരിക്കുകയാണെന്നും വ്യക്തമാക്കി താരം തന്നെ രംഗത്തെത്തി. കറാച്ചിക്ക് സമീപം പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ യാത്രാ വിമാനം വെള്ളിയാഴ്ചയാണു തകർന്നുവീണത്.

ജീവനക്കാരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 107 യാത്രക്കാരും മരിച്ചു. ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണു വിമാനം അപകടത്തിൽപെട്ടത്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലായതാണു അപകടകാരണം. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം യാസിർ ഷാ വിമാനത്തിലുണ്ടായതായും അദ്ദേഹം മരണപ്പെട്ടതായും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ജീവനോടെയുള്ള താരത്തിന്റെ ‘മരണ വാർത്ത’ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെയാണു നിലപാട് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയത്.

കറാച്ചിയിലേക്കു വരികയായിരുന്ന പിഐഎ യാത്രാ വിമാനത്തിൽ താൻ ഇല്ലായിരുന്നെന്നും വീട്ടിൽ സുരക്ഷിതനായി കഴിയുകയാണെന്നും താരം ട്വിറ്ററിൽ പ്രതികരിച്ചു. വിമാന അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ജീവന്‍ നഷ്ടമായവരുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതായും യാസിർ ഷാ ട്വിറ്ററിൽ അറിയിച്ചു. എന്നാൽ പിന്നീട് ഈ ട്വീറ്റ് ഡിലിറ്റ് ചെയ്ത താരം മറ്റൊരു കുറിപ്പുമായെത്തി. ദൈവത്തിന് നന്ദി, ഞാൻ സുരക്ഷിതനായി വീട്ടിലുണ്ട്. വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കു വേണ്ടി പ്രാർഥിക്കാം, ദൈവം അവരെ അനുഗ്രഹിക്കട്ടെ– താരം കുറിച്ചു.

ഫെബ്രുവരിയിൽ ബംഗ്ലദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് യാസിർ ഷാ ഒടുവിൽ പാക്ക് ജഴ്സി അണിഞ്ഞത്. പാക്കിസ്ഥാൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ പാക്കിസ്ഥാൻ സൂപ്പർ ലീഗിലും കളിച്ചിട്ടുണ്ട്. പെഷവാര്‍ സൽമിക്കായി നാല് മൽസരങ്ങൾ കളിച്ച താരം മൂന്നു വിക്കറ്റ് നേടിയിട്ടുണ്ട്. ഓഗസ്റ്റിൽ നടക്കുമെന്നു കരുതുന്ന ഇംഗ്ലണ്ട് പര്യടനത്തിലും പാക്കിസ്ഥാൻ ടീമിനുവേണ്ടി ഷാ കളിച്ചേക്കും.

English Summary: Rumours of Yasir Shah’s death in plane crash surface on social media; cricketer himself clarifies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com