sections
MORE

പ്രണയം പറയാൻ സച്ചിന് പേടി,അഞ്ജലിയുടെ ധൈര്യം തുണച്ചു; 25 നോട്ടൗട്ട്

Sachin-and-Anjali
സച്ചിനും അ‍‍ഞ്ജലിയും
SHARE

സച്ചിൻ തെൻഡുൽക്കറെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് എത്രയോ പെൺകുട്ടികൾ! പക്ഷേ, ആ ഭാഗ്യം സച്ചിനെക്കാൾ അഞ്ചര വയസ്സിനു മൂത്ത അഞ്ജലി മേത്തയ്ക്കായിരുന്നു. 30 വർഷം മുൻപാണു സച്ചിനും അ‍‍ഞ്ജലിയും ആദ്യമായി കണ്ടുമുട്ടിയത്. 5 വർഷത്തിനു ശേഷം വിവാഹം. സച്ചിന്റെ റെക്കോർഡുകൾപോലെ ഉറപ്പോടെ നിൽക്കുന്ന ഈ ദാമ്പത്യത്തിന് നാളെ 25 വർഷം പൂർത്തിയാകുന്നു. സച്ചിന്റെയും അഞ്ജലിയുടെയും ജീവിതത്തിന്റെ ഇന്നിങ്സിലൂടെ വീണ്ടും...

1990ലെ ഒരു തണുത്ത വെളുപ്പാൻകാലം. അമ്മയെ കൂട്ടിക്കൊണ്ടു പോകാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു അഞ്ജലിയും കൂട്ടുകാരിയും. അവിടെക്കണ്ട ചുരുണ്ട മുടിയുള്ള ഒരു സുന്ദരൻ പയ്യനെ അഞ്ജലിക്ക് ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടമായി. ‘അതാണ് സച്ചിൻ തെൻഡുൽക്കർ. ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്’– അഞ്ജലിയുടെ ചെവിയിൽ കൂട്ടുകാരി പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ച് കാര്യമായ അറിവൊന്നും ഇല്ലാതിരുന്നിട്ടും സച്ചിനോടൊന്നു സംസാരിക്കാൻ അ‍ഞ്ജലിക്ക് ആഗ്രഹം. ‘സച്ചിൻ, സച്ചിൻ’ എന്ന് ഉറക്കെ വിളിച്ച് അഞ്ജലി പിന്നാലെ ചെന്നെങ്കിലും സ്വതവേ നാണക്കാരനായ സച്ചിൻ ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. അതായിരുന്നു തുടക്കം!

അന്നു കണ്ടിരുന്നെങ്കിൽ

ഈ സംഭവത്തിനു 2 വർഷം മുൻപു പരസ്പരം കണ്ടുമുട്ടാനുള്ള സുവർണാവസരം അഞ്ജലി നഷ്ടപ്പെടുത്തിയിരുന്നു. സച്ചിൻ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിൽ കളിക്കുന്ന കാലം. ഗുജറാത്തി ബിസിനസുകാരനായ അച്ഛൻ ആനന്ദ് മേത്തയ്ക്കൊപ്പം അഞ്ജലിയും ഇംഗ്ലണ്ടിലുള്ള കാലത്ത് സച്ചിൻ അവിടെ ഒരു മത്സരം കളിക്കാനെത്തി. ക്രിക്കറ്റ് പ്രേമിയായ ആനന്ദ് മേത്ത, അവിടെ സെഞ്ചുറി നേടിയ പതിനഞ്ചുകാരൻ പയ്യനെ ശ്രദ്ധിച്ചു. സച്ചിനെ നേരിട്ട് അഭിനന്ദിക്കാൻ തീരുമാനിച്ച മേത്ത, മകളോടും ഒപ്പം വരാൻ ആവശ്യപ്പെട്ടു. എന്നാൽ, ക്രിക്കറ്റിൽ താൽപര്യമില്ലാതിരുന്ന അഞ്ജലി അച്ഛന്റെ ക്ഷണം നിരസിച്ചു: ‘ഒരുപക്ഷേ അന്നു സച്ചിനെ കണ്ടിരുന്നെങ്കിൽ അന്നുതൊട്ടു ഞങ്ങളുടെ പ്രണയം തുടങ്ങിയേനെ’– അഞ്ജലി പിന്നീടു പറഞ്ഞു.

sachin-car
സ്ട്രൈക്ക് അച്ഛനു കൈമാറൂ അമ്മേ... 2004ൽ പാക്കിസ്ഥാൻ പര്യടനത്തിനുശേഷം മുംബൈയിൽ മടങ്ങിയെത്തിയ സച്ചിൻ തെൻഡുൽക്കർ ഭാര്യ അഞ്ജലി, മക്കളായ സാറ, അർജുൻ എന്നിവർക്കൊപ്പം കാറിൽ വീട്ടിലേക്ക്.

സർ, ഒരു ഇന്റർവ്യൂ...

സച്ചിനെ വീണ്ടും കാണാനുള്ള അഞ്ജലിയുടെ പരിശ്രമങ്ങളെല്ലാം പാഴായി. സച്ചിന്റെ വീട്ടിലെ നമ്പർ ഒപ്പിച്ചെടുത്ത് ഒന്നു രണ്ടു തവണ സംസാരിച്ചെങ്കിലും നേരിട്ടു കാണുന്നതു നീണ്ടുപോയി. അങ്ങനെ അഞ്ജലി ഒരു സാഹസത്തിനു മുതിർന്നു. സുഹൃത്തായ പത്രപ്രവർത്തകന്റെ ഐഡി കാർഡുമായി ജേണലിസ്റ്റ് എന്ന വ്യാജേന അ‍ഞ്ജലി സച്ചിന്റെ വീട്ടിലെത്തി. അഞ്ജലിയെ കണ്ടപ്പോൾതന്നെ സച്ചിനു കാര്യം മനസ്സിലായി. മണിക്കൂറുകളോളം സംസാരിച്ച ശേഷമാണ് അന്നവർ പിരിഞ്ഞത്.  

പ്രണയദൂത്

മൊബൈൽ ഫോണുകൾ ഇല്ലാത്ത കാലം. സച്ചിൻ – അഞ്ജലി പ്രണയത്തിനു ദൂതൻ തപാൽ വകുപ്പായിരുന്നു. സച്ചിൻ എപ്പോഴും പര്യടനങ്ങളിലായിരുന്നതിനാൽ കൃത്യമായ വിലാസം ലഭിക്കാനും ബുദ്ധിമുട്ടായിരുന്നു. ചില കത്തുകൾ വിലാസത്തിൽ എത്തുമ്പോഴേക്കും സച്ചിൻ അടുത്ത പര്യടനത്തിനു പോയിരിക്കും. വീട്ടിലേക്കു കത്തയച്ചാൽ മറ്റുള്ളവർ അറിയുമെന്ന പേടിയും. സച്ചിനോടു രാത്രി സംസാരിക്കാനായി ഹോസ്റ്റലിൽനിന്നു 3 കിലോമീറ്റോളം നടന്ന് ടെലിഫോൺ ബൂത്തിൽ പോയിട്ടുള്ള കാര്യവും അ‍ഞ്ജലി പിന്നീടു പറഞ്ഞിട്ടുണ്ട്.

sachin-family
സച്ചിൻ, ഭാര്യ അഞ്ജലി, മകൾ സാറ, മകൻ അർജുൻ എന്നിവർ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തശേഷം (ഫയൽ ചിത്രം).

സച്ചിന്റെ പ്രിയ അഞ്ജലി

തന്റെ ക്രിക്കറ്റ് കരിയറിൽ താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് അഞ്ജലിയോടാണെന്നു സച്ചിൻ പലതവണ പറഞ്ഞിട്ടുണ്ട്. മുംബൈയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ധയായിരുന്ന അഞ്ജലി, വിവാഹത്തോടെ ഡോക്ടർ ജോലി ഉപേക്ഷിച്ച് കുടുംബസ്ഥയുടെ റോളിലേക്കു മാറി.   കുടുംബത്തിനും വേണ്ടി കരിയർ ഉപേക്ഷിക്കേണ്ടി വന്നതിൽ തെല്ലും പരിഭവമില്ലെന്നാണ് അഞ്ജലി പറയുന്നത്. മൂത്തമകൾ ഇരുപത്തിരണ്ടുകാരി സാറ ലണ്ടനിൽനിന്ന് എംബിബിഎസ് നേടി. ഇളയമകൻ ഇരുപതുകാരൻ അർജുൻ ഇടംകയ്യൻ പേസറാണ്; ഇന്ത്യൻ അണ്ടർ 19 ടീമിൽ വരെയെത്തി നിൽക്കുന്നു.

സച്ചിന്റെ പേടി, അഞ്ജലിയുടെ ധൈര്യം

Sachin-Tendulkar-and-Anjali

സച്ചിൻ ന്യൂസീലൻഡ് പര്യടനത്തിലായിരുന്ന സമയത്ത് അ‍ഞ്ജലിക്കു വേറെ കല്യാണാലോചനകൾ വന്നുതുടങ്ങി. അതോടെ, ‍അഞ്ജലി പ്രണയം വീട്ടിൽ അറിയിച്ചു. എന്നാൽ, വീട്ടിൽ കാര്യം അവതരിപ്പിക്കാൻ സച്ചിനു പേടിയായിരുന്നു. ഒടുവിൽ ആ ചുമതലയും അഞ്ജലി ഏറ്റെടുത്തു. സച്ചിന്റെ വീട്ടുകാരെ കണ്ട് കാര്യം അവതരിപ്പിച്ച് സമ്മതം വാങ്ങി. 1995 മേയ് 25നായിരുന്നു സച്ചിൻ – അഞ്ജലി വിവാഹം. അപ്പോൾ സച്ചിനു പ്രായം 22; അഞ്ജലിക്ക് ഇരുപത്തിയെട്ടും.

∙ അഞ്ജലീ, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാർട്നർഷിപ് നിനക്കൊപ്പമാണ്. (2013 നവംബർ 16നു മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിൻ നടത്തിയ വിരമിക്കൽ പ്രഭാഷണത്തിൽനിന്ന്) 

English Summary: Sachin Tendulkar Anjali 25th wedding anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA