ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയുമൊത്തുള്ള ക്രിക്കറ്റ് അനുഭവങ്ങൾ പങ്കുവച്ച് ശിഖർ ധവാൻ. മുരളി വിജയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹത്തോടൊപ്പം തമാശകൾ പറയാൻ കാത്തിരിക്കുകയാണെന്നും ധവാൻ പറഞ്ഞു. രവിചന്ദ്രൻ അശ്വിനുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് ധവാൻ മുരളിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ചത്. റൺസ് ഓടിയെടുക്കുന്നതിനെച്ചൊല്ലി മുരളി വിജയുമായി തർക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ അതു പെട്ടെന്നു തന്നെ ശരിയാകാറുണ്ടെന്നും ധവാൻ വ്യക്തമാക്കി.

ശിഖർ ധവാൻ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മൽസരത്തിൽ 289 റൺസിന്റെ കൂട്ടുകെട്ടാണ് മുരളി വിജയ്ക്കൊപ്പം ഉണ്ടാക്കിയത്. 24 ടെസ്റ്റുകളിലാണ് ഇരുവരും ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തിട്ടുള്ളത്. മുരളി വിജയുടെ ഗ്രൗണ്ടിലെയും പുറത്തെയും സ്വഭാവം ആകർഷകമാണ്. എനിക്ക് അദ്ദേഹത്തെ വളരെ അടുത്ത് അറിയാം. എന്റെ ഭാര്യയെപ്പോലെയാണ് മുരളി വിജയെന്ന് അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്. ഒരു പ്രശ്നമുണ്ടെങ്കിൽ തന്നെ അതു പെട്ടെന്നു മാറും. മുരളി വിജയെ മനസിലാക്കാൻ‌ ഏറെ ബുദ്ധിമുട്ടാണ്. ക്ഷമയോടെ ഇരുന്നാൽ മാത്രമേ അതു സാധിക്കൂവെന്നും ധവാന്‍ പറഞ്ഞു.

മുരളി വിജയ്ക്കൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഞങ്ങൾ ഇരുവരും ഒരുമിച്ചു നന്നായി ബാറ്റു ചെയ്യുന്നു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അദ്ദേഹത്തോടൊപ്പം സമയം ചെലവിടാനാണു കാത്തിരിക്കുന്നത്. ചില സമയങ്ങളിൽ മുരളി വിജയ് പറയുന്നത് എന്താണെന്നു മനസ്സിലാകില്ല. എന്നാൽ ഒന്നു രണ്ടു വർഷത്തിനു ശേഷം അന്നു പറഞ്ഞത് ഓർത്താൽ അത് എന്താണെന്നു മനസ്സിലാക്കും. ക്രിക്കറ്റിൽനിന്നു വിരമിച്ചു കഴിഞ്ഞാൽ ഹിന്ദിയില്‍ കമന്ററി പറയുന്നതിന് ആത്മവിശ്വാസമുണ്ടെന്നും ധവാൻ പറഞ്ഞു. വിരമിക്കലിനു ശേഷം പല കാര്യങ്ങളും ഉണ്ട്.

ഒരു മോട്ടിവേഷണൽ സ്പീക്കർ ആകണമെന്ന് ആഗ്രഹമുണ്ട്. ഓടക്കുഴൽ പഠനം കൂടുതൽ കാര്യമായി എടുക്കാൻ ആലോചിക്കുന്നു. അഞ്ച് വര്‍ഷത്തോളമായി ഓടക്കുഴൽ വായന പഠിക്കുന്നു. അതു വളരെ മികച്ചൊരു അനുഭവമാണ്. റോഡിൽ ആരെങ്കിലും ഓടക്കുഴൽ വായിച്ചാൽ പോലും അതു കേൾക്കാറുണ്ട്. അങ്ങനെ എനിക്കും പഠിക്കണമെന്നു തോന്നി. ഓണ്‍ലൈൻ ക്ലാസുകളിൽ പങ്കെടുത്തു. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ സമയമില്ലെന്ന് നമ്മൾ പറയും. എന്നാൽ ഫ്രീ സമയം കണ്ടെത്തണം. എല്ലാവര്‍ക്കും എന്തെങ്കിലും ഹോബി ഉണ്ടാകും. അതു നമ്മുടെ മനസ്സിനെ ശാന്തമാക്കണം. അതാണു പ്രധാനം– ധവാൻ വ്യക്തമാക്കി.

English Summary: I tell Murali Vijay he is like my wife, we have arguments but they get sorted quickly: Shikhar Dhawan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com