ADVERTISEMENT

കൊളംബോ∙ കളിച്ചുണ്ടാക്കിയ സൽപേരിനേക്കാൾ കളത്തിനു പുറത്തെ മോശം സ്വഭാവങ്ങളാണ് ശ്രീലങ്കൻ ക്രിക്കറ്റ് താരം ഷെഹാൻ മദുശങ്കയെ ആളുകൾക്കിടയിൽ ചർച്ചാ വിഷയമാക്കുന്നത്. മയക്കു മരുന്ന് കൈവശം വച്ചതിന‍ു താരത്തെ രണ്ടാഴ്ചത്തെ റിമാൻഡിൽ വച്ചിരിക്കുകയാണു പൊലീസ്. ലോക്ഡൗൺ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിലും താരത്തിനെതിരെ കേസുണ്ട്. ശ്രീലങ്കയിലാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ ഒരു സുഹൃത്തിനൊപ്പം ലങ്കൻ നഗരമായ പന്നലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഷെഹാനെ പൊലീസ് പിടികൂടിയത്. ഷെഹാനിൽനിന്ന് രണ്ട് ഗ്രാം ഹെറോയിനാണു പൊലീസ് പിടിച്ചെടുത്തത്.

ഞായറാഴ്ചയാണു സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന ക്രിക്കറ്റ് താരത്തിൽനിന്ന് ഹെറോയിൻ പിടികൂടിയതെന്ന് പൊലീസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ശ്രീലങ്കയ്ക്കായി ഒരു ഏകദിനവും ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഷെഹാൻ. 2018 ജനുവരിയിൽ ശ്രീലങ്കയ്ക്കായി അരങ്ങേറിയെങ്കിലും പരുക്കുകൾ കാരണം മൂന്ന് രാജ്യാന്തര മത്സരങ്ങൾ മാത്രമാണു താരത്തിന് കളിക്കാൻ സാധിച്ചത്. ബംഗ്ലദേശിനെതിരായ ഏകദിന മത്സരത്തിൽ ഹാട്രിക് വിക്കറ്റ് നേട്ടത്തോടെയാണു താരം വരവറിയിച്ചത്.

25 വയസ്സുകാരനായ താരം ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റിൽ 14 ഫസ്റ്റ് ക്ലാസ്, 19 ലിസ്റ്റ് എ, 17 ട്വന്റി20 മത്സരങ്ങളാണു കളിച്ചിട്ടുള്ളത്. തുടർച്ചയായി ഉണ്ടാകുന്ന പരുക്കുകൾ കാരണം 2018 ഫെബ്രുവരിക്കു ശേഷം താരം കളിച്ചിട്ടില്ല. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ‌ മാർച്ച് 20 മുതൽ ശ്രീലങ്ക ലോക്ഡൗണിലാണ്. വാഹനങ്ങളുടെ സഞ്ചാരത്തിന് ഉൾപ്പെടെ കടുത്ത നിയന്ത്രണമാണു രാജ്യത്തുള്ളത്. അതിനിടെയാണ് വാഹനവുമായി ശ്രീലങ്കൻ ക്രിക്കറ്റ് താരം റോഡിലിറങ്ങിയത്. ഇതുവരെ 1141 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ശ്രീലങ്കയിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്.

English Summary: Sri Lanka cricketer Shehan Madushanka detained for possessing drugs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com