ADVERTISEMENT

ഇസ്‍ലാമാബാദ്∙ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്ന് അശ്ലീല വിഡിയോയ്ക്ക് ലൈക്ക് അടിച്ചതിനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെ, തന്റെ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി വിശദീകരിച്ച് പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം വഖാർ യൂനിസ്. തന്റെ ട്വിറ്റർ അക്കൗണ്ട് തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സോഷ്യൽ മിഡിയ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും വഖാർ വ്യക്തമാക്കി. ട്വിറ്ററിൽ തന്നെ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലാണ് സോഷ്യൽ മിഡിയയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച വിവരം വഖാർ പരസ്യമാക്കിയത്.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തയാളാണ് അശ്ലീല വിഡിയോയ്ക്ക് ലൈക്ക് അടിച്ചതെന്ന് വിശദീകരിച്ച വഖാർ, ഇതാദ്യമായല്ല തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതെന്നും വ്യക്തമാക്കി.

‘ഇന്ന് ഞാൻ ഉറക്കമുണർന്നപ്പോൾ എന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് ഒരു അശ്ലീല വിഡിയോയ്ക്ക് ലൈക്ക് അടിച്ചതായി ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതിൽ അതിയായ ഖേദമുണ്ട്. ഈ സംഭവം എനിക്കും എന്റെ കുടുംബത്തിനും വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കിയത്’ – വഖാർ വിഡിയോയിൽ വ്യക്തമാക്കി.

‘നമുക്ക് പരിചയമുള്ളവരുമായോ നമ്മെ ശ്രവിക്കാൻ ആഗ്രഹിക്കുന്നവരുമായോ സമ്പർക്കം നിലനിർത്താനുള്ള വേദിയാണ് സമൂഹ മാധ്യമങ്ങളെന്നാണ് എക്കാലവും ഞാൻ വിശ്വസിച്ചിട്ടുള്ളത്. ഇയാൾ (അക്കൗണ്ട് ഹാക്ക് ചെയ്തയാൾ) മുൻപും എന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്. ഇത് ഇനിയും ആവർത്തിക്കുമെന്നും ഉറപ്പാണ്. ഇനിമുതൽ ഞാൻ സമൂഹമാധ്യമങ്ങളിൽ ഉണ്ടാവില്ല എന്ന് ഇതിനാൽ അറിയിക്കുന്നു. എന്നെ സംബന്ധിച്ച് എന്റെ കുടുംബം തന്നെയാണ് എല്ലാറ്റിലും വലുത്. എന്റെ തീരുമാനം ആരെയെങ്കിലും വിഷമിപ്പിക്കുന്നുവെങ്കിൽ ക്ഷമ ചോദിക്കുന്നു’ – പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന വഖാർ പറഞ്ഞു.

വസിം അക്രവുമൊത്ത് ഒരു കാലത്ത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബോളിങ് കൂട്ടുകെട്ടു തീർത്ത താരമാണ് വഖാർ യൂനിസ്. 87 ടെസ്റ്റുകളിൽനിന്ന് 373 വിക്കറ്റും 262 ഏകദിനങ്ങളിൽനിന്ന് 416 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

English Summary: Former Pakistan legend Waqar Younis leaves social media after his Twitter account is hacked again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com