ADVERTISEMENT

മുംബൈ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കാനുള്ള നിർദ്ദേശത്തെ പരസ്യമായി എതിർത്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിൽ ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്രയ്ക്ക‌െതിരെ കടുത്ത വിമർശനം. ലോക്ഡൗൺ നാലാം ഘട്ടം ഇന്ന് പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് അടുത്ത ഘട്ടം മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. ജൂൺ എട്ടു മുതൽ ആരാധനാലയങ്ങൾ, ഹോട്ടൽ, റസ്റ്ററന്റ്, ഷോപ്പിങ് മാൾ എന്നിവ തുറക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇതിനു പിന്നാലെയാണ് ആരാധനാലയങ്ങൾ തുറക്കുന്നതിനെ വിമർശിച്ച് ചോപ്ര രംഗത്തെത്തിയത്.

ലോക്ഡൗൺ പോലുള്ള ഗൗരവതരമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ആരാധനാലയങ്ങൾ തുറക്കേണ്ടതിന്റെ ആവശ്യകത തനിക്കു മനസ്സിലാകുന്നില്ലെന്ന് ചോപ്ര ട്വിറ്ററിൽ കുറിച്ചു. വലിയ ആൾക്കൂട്ടങ്ങൾക്കു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധനാലയങ്ങൾ തുറക്കുന്നതിനെ ചോപ്ര എതിർത്തത്.

‘മാളുകൾ, റസ്റ്ററന്റുകൾ തുടങ്ങിയവ ഇനിയും അടച്ചിട്ടാൽ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാകുമെന്നത് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ അവ ഇനിയും അടച്ചിടുന്നത് കനത്ത തിരിച്ചടിക്കു കാരണമാകുകയും ചെയ്യും. പക്ഷേ, ആരാധനാലയങ്ങൾ ഉടൻ തന്നെ തുറക്കാനുള്ള തീരുമാനം എന്തിനാണ്? ദൈവം എല്ലായിടത്തുമുണ്ട്. അല്ലേ?’ – ചോപ്ര ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ആരാധനാലയങ്ങൾ തുറക്കുന്നതിനെതിരായ ചോപ്രയുടെ ട്വീറ്റിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മതപരമായ കാര്യങ്ങളെ തുറന്നെതിർക്കുന്നത് ശരിയല്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. മതവിശ്വാസത്തിന് വലിയ വിലകൊടുക്കുന്ന ഒട്ടേറെ ആളുകൾ ഉള്ള രാജ്യമാണ് ഇന്ത്യയെന്ന് ചില ആരാധകർ ചോപ്രയുടെ ട്വീറ്റിന് മറുപടി കുറിച്ചു.

ചോപ്രയിൽനിന്ന് ഇത്തരത്തിലുള്ള ഏകപക്ഷീയമായ അഭിപ്രായ പ്രകടനം പ്രതീക്ഷിച്ചില്ലെന്നായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി. ആരാധനാലയങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആളുകളുടെ കാര്യമെങ്കിലും പരിഗണിക്കേണ്ടതായിരുന്നുവെന്ന് ആരാധകൻ ചോപ്രയെ ഓർമിപ്പിച്ചു. ഹോട്ടലിൽനിന്ന് ഭക്ഷണവും മാളുകളിൽനിന്നുള്ള സാധനങ്ങളും ഓണ്‍ലൈനായി വാങ്ങാമെന്നിരിക്കെ എന്തിനാണ് ഹോട്ടലുകളും മാളുകളും തുറക്കുന്നതെന്ന് മറ്റൊരു ആരാധകൻ മറുപടിയായി കുറിച്ചു.

English Summary: Aakash Chopra gets bashed on Twitter after he questions reopening of religious places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com