ADVERTISEMENT

മുംബൈ∙ പാക്കിസ്ഥാനെതിരായ ഒരു മത്സരത്തിനിടെ സിംഗിൾ തടയാനുള്ള ശ്രമത്തിനിടെ താനും രോഹിത് ശർമയും കൂട്ടിയിടിക്കുകയും തൽഫലമായി പാക്കിസ്ഥാന് മൂന്നു റൺസ് ലഭിച്ചതിൽ ധോണി അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്ത സംഭവം വിവരിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. രവിചന്ദ്രൻ അശ്വിനുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് കോലി ഈ സംഭവം ഓർത്തെടുത്തത്. 2012ലെ ഏഷ്യാകപ്പിനിടെയാണ് സിംഗിൾ തടയാനുള്ള കോലിയുടെയും രോഹിത്തിന്റെയും ശ്രമം പാക്കിസ്ഥാന് മൂന്നു റൺസ് സമ്മാനിച്ചത്. പാക്കിസ്ഥാൻ അന്ന് കൂറ്റൻ സ്കോർ നേടിയെങ്കിലും ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുമായി കളം നിറഞ്ഞ കോലി അന്ന് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചു.

‘അതൊരു രസകരമായ സംഭവമായിരുന്നു. ധോണിക്ക് പക്ഷേ, അത് ഒട്ടും ഇഷ്ടമായില്ല. അന്ന് ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 329 റൺസാണ് നേടിയതെന്നാണ് എന്റെ ഓർമ. അവർക്ക് ഇന്നിങ്സിന്റെ തുടക്കത്തിൽ മികച്ച ചില കൂട്ടുകെട്ടുകൾ തീർക്കാനും കഴിഞ്ഞു. അതിനിടെയാണ് ഒരു സിംഗിൾ തടയാനുള്ള ശ്രമത്തിൽ ഞാനും രോഹിത്തും കൂട്ടിയിടിച്ചത്. അതോടെ ഒരു സിംഗിളിൽ അവസാനിക്കേണ്ടിയിരുന്ന പന്തിൽ പാക്കിസ്ഥാന് കിട്ടിയത് മൂന്നു റൺസ്’ – കോലി വിവരിച്ചു.

‘അന്ന് ഞാനും രോഹിത്തും കൂട്ടിയിടിച്ചതോടെ നഷ്ടമായ പന്ത് ഇർഫാൻ പഠാനാണ് ഓടിയെടുത്തതെന്നാണ് ഓർമ. അപ്പോഴേക്കും പാക്കിസ്ഥാൻ മൂന്നു റൺസ് ഓടിയിരുന്നു. പന്ത് കയ്യിലെത്തുമ്പോൾ ‘ഇവൻമാർ ഇതെങ്ങനെ കൂട്ടിയിടിച്ച് മൂന്നു റൺസ് വിട്ടുകൊടുത്തു’ എന്ന രീതിയിൽ അനിഷ്ടം നിറഞ്ഞ രീതിയിലായിരുന്നു ധോണിയുടെ പ്രതികരണം. അന്ന് ബോൾ ചെയ്തിരുന്നത് നീയാണെന്നാണ് (അശ്വിൻ) എന്റെ ഓർമ. ബാറ്റ് ചെയ്തിരുന്നത് ഉമർ അക്മലും. ഞാൻ ഡീപ് മിഡ് വിക്കറ്റിലും രോഹിത് ഡീപ് സ്ക്വയർ ലെഗ്ഗിലുമാണ് ഫീൽഡ് ചെയ്തിരുന്നത്’ – കോലി ഓർത്തെടുത്തു.

‘പന്ത് ഉമർ അക്മൽ തട്ടിയിട്ട ഉടൻ പിടിച്ചെടുക്കാൻ ഞാനോടി. ഇതേസമയത്ത് രോഹിത്തും പന്തിനായി ഓടിയെത്തി. എന്റെ തലയുടെ ഒരുവശം രോഹിത്തിന്റെ തോളിലിടിച്ചു. കാര്യമായിട്ടൊന്നും പറ്റിയില്ലെങ്കിലും അഞ്ച് മിനിറ്റ് നേരത്തേക്ക് ആകെ സ്ഥലകാല ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ ചുറ്റിലും നോക്കി’ – കോലി പറഞ്ഞു.

അതേസമയം, ഈ മത്സരം പിന്നീട് കോലിയുടെയും രോഹിത്തിന്റെയും കരുത്തിലാണ് ഇന്ത്യ ജയിച്ചതെന്നതും ചരിത്രം. പാക്കിസ്ഥാൻ ഉയർത്തിയ 329 റൺസ് വിജയലക്ഷ്യം വിരാട് കോലിയുടെ സെഞ്ചുറിയുടെയും രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് ഇന്ത്യ മറികടന്നത്. കോലി 148 പന്തിൽ 183 റണ്‍സെടുത്തപ്പോൾ, രോഹിത് 83 പന്തിൽ 68 റൺസെടുത്തു. ഏകദിനത്തിലെ അവസാന ഇന്നിങ്സ് കളിച്ച സച്ചിൻ തെൻഡുൽക്കർ 52 റൺസെടുത്ത് പുറത്തായി.

‘അവരുടെ ബോളിങ് നിര വളരെ മികച്ചതായിരുന്നു. അതു ടീമിനും തലവേദ സൃഷ്ടിക്കുന്ന ബോളിങ് നിരയായിരുന്നു അവരുടേത്. സയീദ് അജ്മൽ, ഉമർ ഗുൽ, ഐസാസ് ചീമ എന്നിവർക്കു പുറമെ ഹഫീസുമുണ്ടായിരുന്നു. ആദ്യത്തെ 20–25 ഓവർ പാക്കിസ്ഥാന്റെ മേധാവിത്തമായിരുന്നു. പക്ഷേ, സച്ചിന്റെ പിന്തുണയോടെ എനിക്ക് മികച്ച ഇന്നിങ്സ് കളിക്കാനായി’ – കോലി പറഞ്ഞു.

English Summary: When MS Dhoni was miffed with Virat Kohli, Rohit Sharma for fielding error in 2012 Asia Cup match vs Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com