sections
MORE

ഷമിക്കൊപ്പമുള്ള ചൂടൻ ചിത്രം പുറത്തുവിട്ട് മുൻ ഭാര്യ, കൂടെ കുത്തുവാക്കും; വിമർശനം

hasin-jahan-shami
ഹസിൻ ജഹാനും മുഹമ്മദ് ഷമിയും (ഹസിൻ ജഹാൻ ഇൻസ്റ്റഗ്രാമിലുടെ പുറത്തുവിട്ട ചിത്രം)
SHARE

ന്യൂഡൽഹി ∙ ഈ ഹസിൻ ജഹാൻ ഇതെന്തു ഭാവിച്ചാണ്! വ്യക്തിജീവിതത്തിലെ താളപ്പിഴകൾ മൂന്നുതവണ തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരുന്നുവെന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഏറ്റുപറച്ചിലിനു പിന്നാലെ, താരത്തിനൊപ്പമുള്ള ചൂടൻ ചിത്രങ്ങൾ പുറത്തുവിട്ട് മുൻഭാര്യ ഹസിൻ ജഹാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷമിക്കൊപ്പമുള്ള നഗ്നചിത്രം ഹസിൻ ജഹാൻ പുറത്തുവിട്ടത്. ഒപ്പം കുത്തുവാക്കുകൾ ‘കുത്തിനിറച്ച’ ഒരു ലഘു കുറിപ്പുമുണ്ട്. 2014ൽ വിവാഹിതരായ ഹസിൻ ജഹാനും മുഹമ്മദ് ഷമിയും 2018 മുതൽ പിരിഞ്ഞാണ് താമസം. 2019ൽ കോടതിക്കു പുറത്തുവച്ച് നടത്തിയ ഒത്തുതീർപ്പു ചർച്ചകൾക്കൊടുവിൽ ബന്ധം പിരിയുകയും ചെയ്തു.

എന്നാൽ, ഇതിനു ശേഷവും പലതവണ ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഹസിൻ ജഹാൻ രംഗത്തെത്തിയിരുന്നു. ഷമിക്കെതിരെ ഗാർഹിക പീഡന കുറ്റം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. ഇതിനെല്ലാം പിന്നാലെയാണ് താരത്തിനൊപ്പമുള്ള നഗ്നചിത്രം ഹസിൻ ജഹാൻ പുറത്തുവിട്ടത്. സംഭവത്തിൽ ഹസിൻ ജഹാനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ചിത്രത്തിനു കമന്റിട്ട ആരാധകരിൽ ഒരുവിഭാഗം ഹസിൻ ജഹാനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

ചൂടൻ ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാമിൽ ഹിന്ദിയിൽ കുറിച്ച വാക്കുകളുടെ ഏകദേശ പരിഭാഷ ഇങ്ങനെ: ‘നിങ്ങൾ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാൻ നിങ്ങൾക്ക് പരിശുദ്ധയും സൽസ്വഭാവിയുമായിരുന്നു. ഇപ്പോൾ നിങ്ങൾ എന്തൊക്കെയൊ ആയപ്പോൾ ഞാൻ അശുദ്ധയായി. കള്ളത്തരത്തിന്റെ മറകൊണ്ട് സത്യത്തെ മൂടിവയ്ക്കാനാകില്ല. മുതലക്കണ്ണീർ മാത്രമേ എപ്പോഴും ബാക്കിയാകൂ. ചിത്രത്തിലെ മോഡലുകൾ – ഹസിൻ ജഹാനും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും.’

∙ വിവാഹം, വിവാഹമോചനം

പ്രായത്തിൽ തന്നേക്കാൾ 10 വയസ്സ് മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്. അതേസമയം, ഷമിയെ വിവാഹം കഴിക്കുന്നതിനു മുൻപേ വിവാഹിതയായിരുന്നു ഹസിൻ ജഹാൻ. ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട്. പിന്നീട് 2018ന്റെ ആരംഭത്തിൽ ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പുറത്തെത്തി തുടങ്ങി.

hasin-jahan-shami

2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് അവർ പൊലീസിൽ പരാതിയും നൽകി. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു.

ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടിയെ ഷമി വിവാഹം കഴിച്ചതായും ആരോപണമുയർത്തി. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി 80,000 രൂപ മകൾക്കു നൽകാൻ ഉത്തരവിട്ടു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.

shami-hasin-jahan

വ്യക്തിജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ ജീവനൊടുക്കുന്നതിനെപ്പറ്റി മൂന്നു തവണ ചിന്തിച്ചതായി ഷമി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. 2018ൽ വ്യക്തിജീവിതത്തിൽ സംഭവിച്ച ചില പാകപ്പിഴകളുടെ പേരിൽ ജീവിതം തകർന്നതോടെയാണ് ആത്മഹത്യയിൽ അഭയം തേടുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഹതാരം രോഹിത് ശർമയുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിലാണു ഷമി തുറന്നുപറഞ്ഞത്. താൻ എന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്ന ഭയത്താൽ അക്കാലത്തു സുഹൃത്തുക്കൾ 24 മണിക്കൂറും തനിക്കു കാവലിരുന്നെന്നും ഷമി പറഞ്ഞിരുന്നു. ഭാര്യ ഹസിൻ ജഹാനുമായുള്ള കുടുംബപ്രശ്നങ്ങളായിരുന്നു അക്കൂട്ടത്തിൽ മുഖ്യം.

‘ആ സമയത്ത് എന്റെ ജീവിതം ഉലഞ്ഞുപോയി. വ്യക്തിപരമായി ഞാൻ തകർന്നു. 3 തവണയാണ് ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി ഞാൻ ഗൗരവത്തോടെ ചിന്തിച്ചത്. ഞങ്ങൾ താമസിച്ചിരുന്ന 24 നില അപാർട്മെന്റിന്റെ മുകളിൽനിന്നു ഞാൻ ചാടുമോയെന്നായിരുന്നു വീട്ടുകാരുടെ ഭയം. കുടുംബവും സുഹൃത്തുക്കളും നൽകിയ ഉറച്ച പിന്തുണയാണ് എന്നെ രക്ഷിച്ചത്’ – ഷമി പറഞ്ഞു.

English Summary: Mohammad Shami’s Wife Hasin Jahan Shares Revealing Photo of the Cricketer on Instagram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA