ADVERTISEMENT

കൊച്ചി∙ മുൻ ഇന്ത്യൻ താരം കൂടിയായ മലയാളി പേസ് ബോളർ ടിനു യോഹന്നാനെ കേരള രഞ്ജി ടീമിന്റെ പരിശീലകനായി നിയമിച്ചു. വിഖ്യാത പരിശീലകൻ ഡേവ് വാട്മോറിന്റെ പിൻഗാമിയായാണ് നാൽപ്പത്തൊന്നുകാരനായ ടിനു കേരള രഞ്ജി ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ആദ്യ കേരള താരമെന്ന റെക്കോർഡ് ടിനുവിനു സ്വന്തമാണ്. നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ മാതൃകയിൽ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് കെസിഎ ആലപ്പുഴയിൽ ആരംഭിച്ച ഹൈ പെർഫോമൻസ് സെന്ററിന്റെ (എച്ച്പിസി) പ്രഥമ ഡയറക്ടറാണ്. ലോങ്ജംപിൽ ഏഷ്യൻ റെക്കോർഡുകാരനായിരുന്ന ഒളിംപ്യൻ ടി.സി. യോഹന്നാൻ പിതാവാണ്.

ആഭ്യന്തരസീസണിൽ കേരള ക്രിക്കറ്റ് ടീം സമീപകാലത്തെ ഏറ്റവും മോശം പ്രകടനം നടത്തിയതിനു പിന്നാലെയാണ് വിഖ്യാത കോച്ച് ഡേവ് വാട്മോർ പരിശീലക സ്ഥാനമൊഴിഞ്ഞത്. കേരള ക്രിക്കറ്റ് ടീമിനെ ജയിക്കാൻ പഠിപ്പിക്കുകയും ചരിത്രനേട്ടങ്ങളിലെത്തിക്കുകയും ചെയ്ത ശേഷമാണ് ഓസ്ട്രേലിയക്കാരൻ വാട്മോർ പടിയിറങ്ങിയത്. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്മോർ ചുമതലയേറ്റത്. ആദ്യ സീസണിൽ തന്നെ രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിലെത്തി. കഴിഞ്ഞ വർഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലുമെത്തി. വമ്പൻമാരെ അട്ടിമറിച്ചായിരുന്നു കേരളത്തിന്റെ കുതിപ്പ്.

എന്നാൽ കഴിഞ്ഞ സീസണിൽ കേരളത്തിന്റെ മോശം പ്രകടനം വാട്മോറിനു തിരിച്ചടിയായി. എട്ടു കളികളിൽ ഒരു ജയവും രണ്ടു സമനിലയും 5 തോൽവികളുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ നിന്ന് സിയിലേക്കു തരംതാഴ്ത്തപ്പെട്ടു. ഇതോടെയാണ് പരിശീലകനായി തുടരേണ്ടതില്ലെന്ന് വാട്മോർ തീരുമാനിച്ചത്.

∙ കേരളത്തിന്റെ ‘സ്വന്തം’ ടിനു

ദേശീയ ക്രിക്കറ്റ് ചാംപ്യൻഷിപ്പായ രഞ്‌ജി ട്രോഫിയിൽ കേരളത്തിനുവേണ്ടി കളിച്ച് ഇന്ത്യൻ ടീമിൽ കടന്ന ആദ്യ താരമാണ് ടിനു. വലംകയ്യൻ മീഡിയം ബോളറായിരുന്ന ടിനു 2001ലെ ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്‌റ്റിലാണ് അരങ്ങേറ്റം കുറിച്ചത്. ചണ്ഡീഗഢിൽ ടെസ്‌റ്റ് അരങ്ങേറ്റം കുറിച്ച ടിനു, പക്ഷേ ആകെ മൂന്നു ടെസ്‌റ്റുകളിൽ മാത്രമേ ഇന്ത്യയ്‌ക്കുവേണ്ടി പന്തെറിഞ്ഞിട്ടുളളൂ. മൂന്നു ടെസ്‌റ്റിൽ നിന്നായി 5 വിക്കറ്റുകളും സ്വന്തമാക്കി. ആകെ നേടിയത് 13 റൺസും.

രാജ്യാന്തര തലത്തിൽ ഏകദിനത്തിലും ടിനുവിന് കാര്യമായ നേട്ടമൊന്നും കൊയ്യാനായില്ല. 2002ൽ വെസ്‌റ്റ് ഇൻഡീസിനെതിരെ ബ്രിജ് ടൗണിലായിരുന്നു ടിനുവിന്റെ രാജ്യാന്തര ഏകദിന അരങ്ങേറ്റം. മൂന്ന് ഏകദിനങ്ങളിൽ മാത്രമേ ടിനു ഇന്ത്യൻ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ഇതിൽനിന്നും ആകെ നേടിയത് 5 വിക്കറ്റുകളും ഏഴു റൺസും. 39 ഫസ്‌റ്റ് ക്ലാസ് മത്സരത്തിൽനിന്ന് 89 വിക്കറ്റുകളും 317 റൺസും ടിനു നേടിയിട്ടുണ്ട്.

English Summary: Tinu Yohannan Appointed As Kerala Ranji Team Chief Coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com