ADVERTISEMENT

ചെന്നൈ∙ വെറ്ററൻ താരം ദിനേഷ് കാർത്തിക്കിനെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ ഓർമിക്കുന്നത് ഏത് ഇന്നിങ്സിന്റെ പേരിലാകും? 2018ലെ നിദാഹാസ് ട്രോഫിയിലെ ആ ഐതിഹാസിക പ്രകടനം ഉത്തരങ്ങളുടെ കൂട്ടത്തിലുണ്ടാകുമെന്ന് തീർച്ച. നിദാഹാസ് ട്രോഫി ഫൈനലിൽ വിജയമുറപ്പിച്ചുനിന്ന ബംഗ്ലദേശുകാരെ വെറും എട്ടു പന്തുകൾ കൊണ്ട് തകർത്തുവിട്ട കാർത്തിക്കിന്റെ ആ ഇന്നിങ്സ് എങ്ങനെ മറക്കാനാണ്! വെറും എട്ടു പന്തിൽനിന്ന് 29 റൺസാണ് അന്ന് കാർത്തിക് അടിച്ചുകൂട്ടിയത്. ഇതിൽ അവസാന പന്തിലേത് ഉൾപ്പെടെ മൂന്നു സിക്സും രണ്ടു ഫോറുമുണ്ട്. അന്ന് കാർത്തിക് റണ്ണെടുക്കാതെ വിട്ടത് ഒരേയൊരു പന്തു മാത്രം.

രണ്ടു വർഷം മുൻപു നടന്ന ഇക്കാര്യങ്ങൾ ഇപ്പോൾ ഓർമിക്കാൻ കാരണമെന്താണെന്നല്ലേ? കാർത്തിക്കിന്റെ 35–ാം ജന്മദിനമായിരുന്ന ജൂൺ ഒന്നിന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വിഡിയോയാണ് ഇതിനു കാരണം. നിദാഹാസ് ട്രോഫി ഫൈനലിൽ സംഭവിച്ച കാര്യങ്ങൾ ഇന്ത്യൻ ആരാധകർക്ക് പകർന്ന സന്തോഷം എത്രത്തോളമാണെന്ന് നമുക്കറിയാം. തോൽവിയുറപ്പിച്ച ഘട്ടത്തിൽനിന്ന് കാർത്തിക്കിന്റെ ഐതിഹാസിക പ്രകടനത്തിന്റെ ചുമലിലേറി വിജയം പിടിച്ചെടുത്തതിന്റെ ആവേശം ഇപ്പോഴും നമ്മുടെയൊക്കെ മനസ്സിലുണ്ടല്ലോ. അങ്ങനെയെങ്കിൽ വിജയമുറപ്പിച്ച ഘട്ടത്തിൽനിന്ന് തോൽവിയിലേക്ക് വഴുതി വീണ ബംഗ്ലദേശ് ആരാധകരുടെ അവസ്ഥയെന്താകും?

കൂടുതൽ ആലോചിക്കേണ്ട കാര്യമൊന്നുമില്ല. അന്ന് ദിനേഷ് കാർത്തിക്കിന്റെ അവസാന പന്തിലെ സിക്സർ ബംഗ്ലദേശ് ആരാധകരിൽ സൃഷ്ടിച്ച വിഭ്രാന്തികളെ അടയാളപ്പെടുത്തുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നത്. ഇന്ത്യ–ബംഗ്ലദേശ് കലാശപ്പോരാട്ടം കണ്ടുകൊണ്ടിരിക്കെ ദിനേഷ് കാർത്തിക്കിന്റെ അവസാന പന്തിലെ സിക്സിനോട് ഭ്രാന്തമായി പ്രതികരിക്കുന്ന ഒരു ആരാധകനാണ് വിഡിയോയിലുള്ളത്. കാർത്തിക്കിന്റെ സിക്സിൽ ഇന്ത്യ വിജയമുറപ്പിച്ചതിനു പിന്നാലെ ഇയാൾ ചാടിയെഴുന്നേറ്റ് ഭ്രാന്തമായി അലറുന്നതും ടിവി സ്റ്റാൻഡിലിരുന്ന സാധനങ്ങളെല്ലാം തട്ടിയിടുന്നതും വിഡിയോയിലുണ്ട്. ഒപ്പം കളി കാണാനിരിക്കുന്നവർ ഇയാളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. അതേസമയം, ഈ വിഡിയോയുടെ ഉറവിടം വ്യക്തമല്ല.

∙ ഐതിഹാസികം കാർത്തിക്!

നിദാഹാസ് ട്രോഫി ഫൈനലിൽ തോൽവിയുറപ്പിച്ചുനിന്ന ഘട്ടത്തിൽ കാർത്തിക് പുറത്തെടുത്ത പ്രകടനം ഇന്നും അവിശ്വസനീയതയോടെ മാത്രമേ ഇന്ത്യൻ ആരാധകർക്ക് ഓർക്കാനാകൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 166 റൺസ്. കാർത്തിക്കിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്ത് വിജയം കുറിച്ചു. അവസാന പന്തിൽ വിജയത്തിലേക്ക് അഞ്ചു റൺസ് വേണ്ടിയിരിക്കെ തകർപ്പൻ സിക്സറുമായാണ് കാർത്തിക് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ദിനേഷ് കാർത്തിക് ക്രീസിലെത്തുമ്പോൾ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 12 പന്തിൽ 34 റൺസായിരുന്നു. പിന്നെ ദിനേഷിന്റെ ഇന്നിങ്സിൽ സംഭവിച്ചതിനെ ഇങ്ങനെ ചുരുക്കിയെഴുതാം : 6, 4, 6, 0, 2, 4, 1, 6 ! സൗമ്യ സർക്കാർ അവസാന ഓവർ എറിയാനെത്തുമ്പോൾ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 12 റൺസ്. ഇത് അവസാന പന്തിൽ അഞ്ച് റൺസായി ചുരുങ്ങി. ക്രിക്കറ്റ് ആരാധകരെ ആകാംക്ഷയുടെ ഗാലറിയിൽ ചങ്കിടിപ്പോടെ എഴുന്നേൽപിച്ചു നിർത്തിയ നിമിഷം. ഒടുവിൽ താഴ്ന്നുപറന്ന പന്തിനെ ഗാലറിപ്പൊക്കത്തിൽ ഉയർത്തിവിട്ടു ദിനേഷ് കാർത്തിക് ഇന്ത്യയുടെ വിജയസൂര്യനായി. കളിയിലെ കേമനായതും കാർത്തിക് തന്നെ. കഴിഞ്ഞ ദിവസം 35–ാം ജന്മദിനത്തിൽ കാർത്തിക്കിന് ആശംസകൾ നേർന്ന അന്നത്തെ ക്യാപ്റ്റൻ രോഹിത് ശർമ അവസാന പന്തിലെ സിക്സിന് പ്രത്യേകം നന്ദിയറിയിച്ചിരുന്നു.

English Summary: Bangladesh fan's reaction after Dinesh Karthik's last-ball six

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com