ADVERTISEMENT

മുംബൈ∙ ‘കോഫി വിത്ത് കരൺ’ എന്ന ടെലിവിഷൻ ഷോയിൽ നടത്തിയ വിവാദ പരാമർശങ്ങൾ തെറ്റാണെന്ന് പൂർണ ബോധ്യമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് മുൻപു തന്നെ സമ്മതിച്ചിട്ടുണ്ട്. അന്നത്തെ പ്രതിസന്ധിയിൽ കുടുംബം ഉറച്ച പിന്തുണ നൽകിയതിനാൽ വിഷമമൊന്നും തോന്നിയിട്ടില്ലെന്ന് പാണ്ഡ്യ വ്യക്തമാക്കി. അതേസമയം, താൻ നടത്തിയ പരാമർശത്തിന്റെ പേരിൽ ആളുകൾ വീട്ടുകാരെ അസഭ്യം പറഞ്ഞത് വേദനിപ്പിച്ചെന്ന് പാണ്ഡ്യ വെളിപ്പെടുത്തി.

‘അന്ന് ഞാൻ പറഞ്ഞ ചില കാര്യങ്ങൾ വിവാദമായതോടെ അക്കാര്യം അംഗീകരിക്കാനും സ്വയം തിരുത്താനും ഞാൻ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു. അന്ന് സംഭവിച്ചത് തെറ്റായിപ്പോയെന്ന് ഞാൻ സമ്മതിച്ചിരുന്നില്ലെങ്കിൽ ഇപ്പോഴും ഞാൻ കുറ്റക്കാരനായി തുടരുമായിരുന്നു. എങ്കിലും അന്ന് സംഭവിച്ച കാര്യങ്ങൾ അംഗീകരിക്കാൻ എന്റെ വീട്ടുകാർ തയാറായതിനാൽ അതേക്കുറിച്ച് വിഷമമൊന്നുമില്ല’ – പാണ്ഡ്യ വ്യക്തമാക്കി.

‘പക്ഷേ, ആ സംഭവത്തിന്റെ പേരിൽ എന്റെ വീട്ടുകാർ അസഭ്യവർഷത്തിന് ഇരയായി. അന്ന് സംഭവിച്ചതിനെക്കുറിച്ച് എന്റെ പിതാവ് ഒരു അഭിമുഖത്തിൽ വിശദീകരിച്ചെങ്കിലും ആളുകൾ അതിനെയും പരിഹസിച്ചു ചിരിച്ചു. എന്റെ പ്രവൃത്തി വീട്ടുകാർക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിച്ചതിൽ സങ്കടമുണ്ട്. ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് വീട്ടുകാരെ അസഭ്യം പറയുന്നത് അംഗീകരിക്കാനാകില്ല’ – പാണ്ഡ്യ പറഞ്ഞു.

തന്റെ പേരിലുണ്ടായ വിവാദം കുടുംബത്തെ ബാധിച്ചതിനെക്കുറിച്ചും പാണ്ഡ്യ മനസ്സു തുറന്നു. ‘കുടുംബത്തിന് വലിയ വില കൊടുക്കുന്നയാളാണ് ഞാൻ. വീട്ടുകാരില്ലെങ്കിൽ ഞാനുമില്ല. കുടുംബമാണ് എക്കാലവും എന്റെ നട്ടെല്ല്. നിങ്ങൾ ഇപ്പോൾ കാണുന്ന ഈ ഹാർദിക് പാണ്ഡ്യയ്ക്ക് പിന്നിൽ എന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളുമാണ്. ഞാൻ എപ്പോഴും സന്തോഷവാനായിരിക്കുന്നുവെന്ന് അവർ ഉറപ്പാക്കുന്നു’ – പാണ്ഡ്യ വിശദീകരിച്ചു.

∙ കോഫി വിത്ത് കരണ്‍ വിവാദം

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ടോക്ക് ഷോയായ ‘കോഫി വിത്ത് കരണി’ലെ താരങ്ങളുടെ അതിരുവിട്ട അഭിപ്രായ പ്രകടനങ്ങളുടെ പേരിലാണ് ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയും കെ.എൽ. രാഹുലും വിവാദത്തിൽ ചാടിയത്. ഒന്നിലധികം സെലിബ്രിറ്റികളുമായി താൻ ഒരേസമയം അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം മാതാപിതാക്കൾക്കും അറിവുണ്ടായിരുന്നുവെന്നും നിസ്സാരമട്ടിലാണ് ടോക് ഷോയിൽ ഹാർദിക് പ്രതികരിച്ചത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ ട്വിറ്ററിലൂടെ ഹാർദിക് ക്ഷമാപണം നടത്തിയിരുന്നു. 

അതേസമയം, സ്ത്രീവിരുദ്ധ പരാമർശത്തിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയ ബിസിസിഐ, അതിനു പിന്നാലെ ഇരുവരെയും വിലക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ഓസ്ട്രേലിയയിൽ പര്യടനത്തിലായിരുന്ന ഇരുവരെയും ബിസിസിഐ നാട്ടിലേക്ക് മടങ്ങിവിളിക്കുകയും ചെയ്തു. താരങ്ങളുടെ വാചകമടിയെ തള്ളി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും രംഗത്തെത്തിയിരുന്നു. ഇരുവരെയും ഐപിഎൽ മൽസരങ്ങളിൽനിന്നും വിലക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.

English Summary: What hurt me the most was my action caused my family problems: Hardik Pandya on Koffee with Karan controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com