ADVERTISEMENT

മുംബൈ∙ ആദ്യമായി നേരിട്ടു കാണുമ്പോൾ താൻ ക്രിക്കറ്റ് താരമാണെന്ന കാര്യമൊന്നും ഭാര്യ നടാഷ സ്റ്റാൻകോവിച്ചിന് അറിയുമായിരുന്നില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ഒരു ക്രിക്കറ്റ് വെബ്സൈറ്റിനായി കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുമായി നടത്തിയ വിഡിയോ ചാറ്റിലാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തൽ. പുലർച്ചെ ഒരു മണിക്ക് ആദ്യമായി കണ്ടുമുട്ടുന്ന സമയത്ത് താൻ തൊപ്പിയും വാച്ചും ചെയിനുമൊക്കെ ധരിച്ചിരുന്നുവെന്നും പാണ്ഡ്യ വെളിപ്പെടുത്തി.

‘ആദ്യമായി കാണുമ്പോൾ ഞാനാരാണെന്ന് നടാഷയ്ക്ക് അറിയുമായിരുന്നില്ല. അങ്ങോട്ടു കയറി സംസാരിച്ച് ഞാനാണ് ആദ്യം പരിചയപ്പെട്ടത്. തൊപ്പിയും ചെയ്നും വാച്ചുമൊക്കെ ധരിച്ച അവസ്ഥയിലാണ് പുലർച്ചെ ഒരു മണിക്ക് നടാഷ എന്നെ കണ്ടത്. അതുകൊണ്ടുതന്നെ ഞാനൊരു വ്യത്യസ്തനായ മനുഷ്യനാണെന്ന് അവൾക്ക് തോന്നിക്കാണും. എന്തായാലും ഞാൻ അങ്ങോട്ടു ചെന്ന് പരിചയപ്പെട്ടതോടെയാണ് ഞങ്ങളുടെ ബന്ധം ആരംഭിക്കുന്നത്. അതു പിന്നീട് വളർന്നു. അങ്ങനെയാണ് ഡിസംബർ 31ന് വിവാഹനിശ്ചയത്തിൽ എത്തുന്നത്’ – പാണ്ഡ്യ പറഞ്ഞു.

തന്റെ വിവാഹ നിശ്ചയത്തിന്റെ കാര്യം മാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്നും പാണ്ഡ്യ വെളിപ്പെടുത്തി. ‘എന്റെ വിവാഹനിശ്ചയത്തിന്റെ കാര്യം അച്ഛനും അമ്മയ്ക്കും അറിയുമായിരുന്നില്ല. ക്രുനാലിനോട് പോലും (ഹാർദിക് പാണ്ഡ്യയുടെ മൂത്ത സഹോദരൻ ക്രുനാൽ പാണ്ഡ്യ) വിവാഹനിശ്ചയത്തിന് രണ്ടു ദിവസം മുൻപാണ് ഞാൻ കാര്യം പറഞ്ഞത്. ഇനിയും നീട്ടിക്കൊണ്ടു പോകുന്നില്ലെന്ന് ഞാൻ അവനോടു പറഞ്ഞു. എന്നെ സ്നേഹിക്കുന്ന ഒരാളെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അതെന്നെ കൂടുതൽ നല്ല മനുഷ്യനാക്കി തീർക്കുകയും ചെയ്തിരിക്കുന്നു. എന്തായാലും വീട്ടുകാർ ഉറച്ച പിന്തുണ നൽകിയതോടെയാണ് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.’ – പാണ്ഡ്യ പറഞ്ഞു.

ലോക്ഡൗണിനിടെ നടാഷ സ്റ്റാൻകോവിച്ചിനെ വിവാഹം ചെയ്ത ഹാർദിക് പാണ്ഡ്യ, തങ്ങൾ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സെർബിയൻ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് നടാഷ സ്റ്റാൻകോവിച്ച്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്.

English Summary: Natasa Stankovic had no idea who I was, wooed her by talking: Hardik Pandya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com