ADVERTISEMENT

കൊച്ചി∙ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ക്യാച്ചുകൾ കൈവിടുന്നതിൽ കുപ്രസിദ്ധനെന്ന് വിശേഷിപ്പിച്ച റോബിൻ ഉത്തപ്പയ്ക്ക് മറുപടിയുമായി മലയാളി താരം ശ്രീശാന്ത്. ഉത്തപ്പയുടെ കരിയർ മുഴുവനെടുത്താലും അദ്ദേഹം എത്ര ക്യാച്ചെടുത്തിട്ടുണ്ടെന്ന് അറിയില്ലെന്ന് ശ്രീശാന്ത് പരിഹസിച്ചു. കഴിഞ്ഞ സീസണിൽ കേരളത്തിനായി കളിക്കുമ്പോൾ അനായാസ ക്യാച്ചുകൾ പോലും ഉത്തപ്പ പാഴാക്കിയതായി നിരവധി പരാതികളുയർന്നിരുന്നതായും ശ്രീശാന്ത് ആരോപിച്ചു. ഹലോ ആപ്പിലെ ലൈവ് സെഷനിലാണ് ഉത്തപ്പയ്ക്ക് ശ്രീശാന്തിന്റെ മറുപടി.

‘തന്റെ കരിയറിൽ മുഴുവനായി ഉത്തപ്പ ആകെ എത്ര ക്യാച്ചെടുത്തിട്ടുണ്ടെന്ന് എനിക്കറിയില്ല. കഴിഞ്ഞ സീസണിൽ അദ്ദേഹം കേരളത്തിനു വേണ്ടിയാണ് കളിച്ചത്. അന്ന് ഉത്തപ്പ സിറ്ററുകൾ പോലും കൈവിടുന്നതായി പരാതിയുണ്ടായിരുന്നു. എന്തായാലും ഞാൻ അധികം വൈകാതെ കേരള ടീമിൽ അദ്ദേഹത്തിനൊപ്പം കളിക്കും. എന്റെ ബോളിങ്ങിൽ ക്യാച്ച് കൈവിടരുതെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. കഴിഞ്ഞ സീസണിൽ നിങ്ങൾ അനായാസ ക്യാച്ചുകൾ കൈവിട്ടപ്പോൾ ജൂനിയർ താരങ്ങൾ ഒന്നും പറഞ്ഞിട്ടുണ്ടാവില്ല. എന്റെ ബോളിങ്ങിൽ ക്യാച്ച് കൈവിട്ടാലുള്ള അവസ്ഥ അറിയാമല്ലോ?’ – ശ്രീശാന്ത് വ്യക്തമാക്കി.

‘ഒരു കാര്യം വ്യക്തമായി പറയാം. എട്ടു വർഷത്തോളം നീണ്ട എന്റെ രാജ്യാന്തര കരിയറിൽ ആകെ 4–5 ക്യാച്ചുകളാണ് ഞാൻ നഷ്ടമാക്കിയിട്ടുള്ളത്. പ്രഫഷനൽ കരിയർ മുഴുവൻ പരിഗണിച്ചാലും 10–15 ക്യാച്ചുകൾ കൈവിട്ടിട്ടുണ്ടാകും. പരിശീലന സമയത്ത് ജോണ്ടി റോഡ്സ് പോലും ക്യാച്ചുകൾ കൈവിടാറുണ്ടായിരുന്നു’ – മുപ്പത്തിയേഴുകാരനായ ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

നേരത്തെ, ബിബിസിയുടെ ദൂസ്‌രാ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് ശ്രീശാന്ത് അനായാസ ക്യാച്ചുകൾ കൈവിടുന്നതിൽ കുപ്രസിദ്ധനായിരുന്നുവെന്ന രീതിയിൽ ഉത്തുപ്പ പരാമർശം നടത്തിയത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാൻ താരം മിസ്ബ ഉൾ ഹഖിന്റെ നിർണായക ക്യാച്ചെടുത്ത് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത് ശ്രീശാന്തായിരുന്നു. ഈ ക്യാച്ചിനെക്കുറിച്ച് പരാമർശിക്കുമ്പോഴാണ് ശ്രീശാന്ത് അതുവരെ ക്യാച്ചുകൾ കൈവിടുന്നതിൽ കുപ്രസിദ്ധനായിരുന്നുവെന്ന ഉത്തപ്പയുടെ വെളിപ്പെടുത്തൽ.

‘അന്ന് ജോഗീന്ദർ ശർമയുടെ പന്തിൽ മിസ്ബ സ്കൂപ്പ് ഷോട്ട് കളിച്ചു. പന്ത് സാമാന്യം ഉയരത്തിലേക്കു പോയി. പക്ഷേ ആ പന്ത് അധികം ദൂരം പോയിട്ടില്ലെന്നും ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് ഷോർട്ട് ഫൈൻ–ലെഗ്ഗിൽ ഫീൽഡ് ചെയ്യുന്നത് ശ്രീശാന്താണെന്ന് കണ്ടത്. ആ സമയത്ത് ടീമിനുള്ളിൽ ക്യാച്ചുകൾ കൈവിടുന്നതിൽ കുപ്രസിദ്ധനായിരുന്നു അദ്ദേഹം. പ്രത്യേകിച്ചും അനായാസ ക്യാച്ചുകൾ. സിറ്ററുകൾ പോലും അദ്ദേഹം കൈവിടുന്നതിന് ഞാൻ സാക്ഷിയാണ്’ – ഉത്തപ്പ പറഞ്ഞു.

‘പന്ത് ശ്രീശാന്തിന്റെ കൈകളിലേക്കാണ് പോകുന്നതെന്ന് കണ്ടപ്പോൾ, ‘ദൈവമേ, ഇത്തവണ പന്ത് കൈപ്പിയിലൊതുക്കാൻ അദ്ദേഹത്തെ തുണയ്ക്കണേ’ എന്ന് പ്രാർഥിച്ചുകൊണ്ട് ഞാൻ വിക്കറ്റിനു നേർക്ക് ഓടി. ഇപ്പോഴും ശ്രീശാന്ത് ആ ക്യാച്ച് എടുക്കുന്നതിന്റെ വിഡിയോ കണ്ടാലറിയാം, പന്ത് കൈയിലെത്തുമ്പോഴും അദ്ദേഹം മുകളിലേക്കു തന്നെയാണ് നോക്കുന്നത്. അതുകൊണ്ടുതന്നെ, ആ ലോകകപ്പ് കിരീടം വിധി നമുക്കു സമ്മാനിച്ചതാണെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്’ – ഉത്തപ്പ കൂട്ടിച്ചേർത്തു.

English Summary: Don't drop catches on my bowling, or else: Sreesanth lashes out at Robin Uthappa on criticism of his catching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com