ADVERTISEMENT

ധാക്ക∙ ദേശീയ ടീമിൽനിന്ന് തന്നെ പറഞ്ഞുവിടാൻ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തിടുക്കം കാട്ടിയെന്ന ‘വേദന’ പങ്കുവച്ച് മുൻ ക്യാപ്റ്റൻ മഷ്റഫെ മൊർത്താസ. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഒഴിവാക്കാൻ വിരമിക്കൽ മത്സരം വരെ ക്രിക്കറ്റ് ബോർഡ് വാഗ്ദാനം ചെയ്തതായി മൊർത്താസ വെളിപ്പെടുത്തി. രാജ്യത്തിനായി കരിയർ തന്നെ ഉഴിഞ്ഞുവച്ച തന്നോട് കുറച്ചുകൂടി ബഹുമാനം കാട്ടണമെന്നും മൊർത്താസ ആവശ്യപ്പെട്ടു. ‘ക്രിക്ബസ്’ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് തന്നെ ടീമിൽനിന്ന് ഒഴിവാക്കാൻ നടന്ന ശ്രമത്തെക്കുറിച്ച് മൊർത്താസ മനസ്സു തുറന്നത്. ക്രിക്കറ്റിൽ സജീവമായിരിക്കെ തന്നെ രാഷ്ട്രീയത്തിലേക്കു കടന്ന മൊർത്താസ നിലവിൽ എംപിയാണ്.

‘സത്യസന്ധമായി പറഞ്ഞാൽ എന്നെ എത്രയും വേഗം വിരമിപ്പിക്കാൻ ശ്രമം നടന്നിരുന്നു. ഇത് വളരെയധികം വേദനിപ്പിച്ചു. ആദ്യം എനിക്കായി അവർ ഒരു വിരമിക്കൽ മത്സരം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു. സാധാരണ ഗതിയിലുള്ള ഒരു മത്സരമോ പരമ്പരയോ ആയിരുന്നില്ല അത്. മറിച്ച്, എനിക്ക് വിരമിക്കാൻ അവസരമൊരുക്കുന്നതിന് പ്രത്യേകമായി ഒരു മത്സരം തട്ടിക്കൂട്ടാനായിരുന്നു ശ്രമം’ – മുപ്പത്തിയാറുകാരനായ മൊർത്താസ വെളിപ്പെടുത്തി.

‘രണ്ടാമതായി, ആ മത്സരത്തിനുവേണ്ടി രണ്ടു കോടി ബംഗ്ലദേശ് ടാക്കയാണ് (1.78 കോടി ഇന്ത്യൻ രൂപ) അവർ മുടക്കാനൊരുങ്ങിയത്. ധാർമികമായി അതു ശരിയല്ലെന്ന് എനിക്ക് തോന്നി. കാരണം, ബംഗ്ലദേശിലെ ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോഴും കൃത്യമായി പ്രതിഫലം ലഭിക്കാത്തവരുണ്ട്’ – ബംഗ്ലദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയാർജിച്ച ക്യാപ്റ്റനായിരുന്ന മൊർത്താസ പറഞ്ഞു.

‘അപ്രതീക്ഷിതമായാണ് എന്നെ ടീമിൽനിന്ന് പറഞ്ഞുവിടാനുള്ള ശ്രമം ആരംഭിച്ചത്. ക്രിക്കറ്റിനു വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ച ആളാണ് ഞാൻ. പറഞ്ഞുവിടാനുള്ള ശ്രമം എന്റെ ഉള്ളിൽ വല്ലാത്ത വേദനയുണ്ടാക്കി. പണമാണ് മുഖ്യമെങ്കിൽ എനിക്കു മുന്നിൽ ഒട്ടേറെ വഴികളുണ്ടായിരുന്നു. പ്രത്യേകിച്ചും എന്റെ കരിയർ പരുക്കുകളാൽ വലഞ്ഞ സമയത്ത്’ – മൊർത്താസ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ വിമത ട്വന്റി20 ലീഗായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ കളിക്കാൻ 2007ൽ കോടിക്കണക്കിന് രൂപയുടെ ഓഫർ ലഭിച്ചിരുന്ന കാര്യവും മൊർത്താസ അനുസ്മരിച്ചു. പണമല്ല പ്രധാനം എന്നതാണ് നിലപാടെന്നതിനാൽ അത് നിരസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

‘ഐസിഎല്ലിൽ കളിക്കാൻ 2007ൽ എട്ടു കോടി ബംഗ്ലദേശി ടാക്കയാണ് എനിക്ക് വാഗ്ദാനം ലഭിച്ചത്. എന്നിട്ടും ഞാൻ വഴങ്ങിയില്ല. എന്റെ ജീവിതം സമ്പൂർണമായി ക്രിക്കറ്റിന് സമർപ്പിച്ചതാണ്. ഒരുപക്ഷേ, മഹാനായ ഒരു കളിക്കാനായി വളരാൻ എനിക്ക് സാധിച്ചിട്ടുണ്ടാകില്ല. പക്ഷേ, കുറച്ചെങ്കിലും ബഹുമാനം ഞാൻ അർഹിക്കുന്നുണ്ട്’ – മൊർത്താസ പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തോടെ വിരമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അതു മാറ്റിയതായി മൊർത്താസ വെളിപ്പെടുത്തി. അതേസമയം, തീരുമാനം മാറ്റാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല.

English Summary: Mortaza hurt by "rush to push" him out, asks for some respect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com