ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിച്ചിരുന്ന കാലത്ത് ഇന്ത്യൻ കാണികൾ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണവുമായി വെസ്റ്റിൻഡീസ് മുൻ നായകൻ ഡാരെൻ സമി. സൺറൈസേഴ്സ് താരങ്ങളായിരിക്കെ തന്നെയും ശ്രീലങ്കൻ താരം തിസാര പെരേരയെയും കാണികൾ ‘കാലു’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് സമിയുടെ ആരോപണം. ഈ വാക്കിന് മോശം അർഥമാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഇത് വംശീയ അധിക്ഷേപമാണെന്നും സമി ചൂണ്ടിക്കാട്ടി.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് ഇക്കാര്യത്തിൽ തന്റെ പ്രതിഷേധം സമി പ്രകടിപ്പിച്ചത്. ‘ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കളിച്ചിരുന്ന കാലത്ത് ആരാധകർ ‘കാലു’ എന്ന് വിളിച്ചിരുന്നതിന്റെ അർഥം ഇപ്പോഴാണ് മനസ്സിലാകുന്നത്. എന്നെയും പെരേരയെയും (ശ്രീലങ്കൻ താരം തിസാര പെരേര) ആ പേരിലാണ് അവർ വിളിച്ചിരുന്നത്. കരുത്തനായ ആളെന്ന അർഥത്തിലാണ് അവരത് വിളിച്ചിരുന്നതെന്നാണ് ഞാൻ കരുതിയത്. അങ്ങനെയല്ലെന്ന് അറിവ് എന്നെ വല്ലാതെ ക്രുദ്ധനാക്കുന്നു’ – സമി കുറിച്ചു.

അതേസമയം എപ്പോൾ, എവിടെവച്ചാണ് ഈ പേരിൽ ആരാധകർ പരിഹസിച്ചതെന്ന് സമി വ്യക്തമാക്കിയില്ല. യുഎസിൽ പൊലീസിന്റെ പീഡനത്തിന് ഇരയായ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിനു പിന്നാലെ വംശീയവെറിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമിയുടെ വെളിപ്പെടുത്തൽ.

നേരത്തെ, വംശീയതയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെയും (ഐസിസി) മറ്റ് ക്രിക്കറ്റ് ബോർഡുകളുടെയും പിന്തുണ തേടി സമി രംഗത്തെത്തിയിരുന്നു. വംശീയത പോലുള്ള ഗുരുതരമായ പ്രശ്നങ്ങളോട് പുലർത്തുന്ന നിശബ്ദത അവസാനിപ്പിക്കാൻ സമയമായെന്ന് സമി ഐസിസിയെയും മറ്റ് ക്രിക്കറ്റ് ബോർഡുകളെയും ഓർമിപ്പിച്ചു. നിറത്തിന്റെ പേരിലുള്ള അസമത്വങ്ങൾക്കെതിരെ ക്രിക്കറ്റ് ലോകം ശബ്ദിക്കുന്നില്ലെങ്കിൽ അവരും പ്രശ്നത്തിന്റെ ഭാഗമാണെന്ന് സമി ചൂണ്ടിക്കാട്ടി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് സമി വംശവെറിക്കെതിരായ പോരാട്ടത്തിന് ക്രിക്കറ്റ് ലോകത്തിന്റെ പിന്തുണ തേടിയത്. ഇതിനു പിന്നാലെ പ്രതികരണവുമായി ഐസിസി രംഗത്തെത്തുകയും ചെയ്തു.

കറുത്ത വർഗക്കാരായ മനുഷ്യർ ഇത്തരത്തിൽ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെന്ന് സമി പറഞ്ഞു. മാറ്റത്തിന്റെ ഭാഗമാകാനും അദ്ദേഹം ക്രിക്കറ്റ് ആരാധകരെ ആഹ്വാനം ചെയ്തു. ‘എന്നേപ്പോലുള്ള ആളുകൾക്ക് സംഭവിക്കുന്നത് ഐസിസിയും മറ്റ് ക്രിക്കറ്റ് ബോർഡുകളും കാണുന്നില്ലേ? ഞാനുൾപ്പെടെയുള്ള കറുത്തവർഗക്കാർക്കെതിരായ സാമൂഹിക അസമസ്വത്തിനെതിരെ ശബ്ദിക്കാൻ നിങ്ങൾക്ക് ഉത്സാഹമില്ലേ? ഇത് അമേരിക്കയിലെ മാത്രം പ്രശ്നമല്ല. പ്രതിദിനം എല്ലായിടത്തും സംഭവിക്കുന്നതാണ്. ഇത് നിശബ്ദമായിരിക്കാനുള്ള സമയമല്ല. നിങ്ങളുടെ നിലപാട് കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു’ – ഐസിസിയെ ടാഗ് ചെയ്ത് സമി കുറിച്ചു.

‘ജോർജ് ഫ്ലോയ്ഡിനു സംഭവിച്ചതിന്റെ വിഡിയോ കണ്ടശേഷവും നിറത്തിന്റെ പേരിൽ ഒരു വിഭാഗം ആളുകൾ അനുഭവിക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്താൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങളും ഈ പ്രശ്നത്തിന്റെ ഭാഗം തന്നെയാണ്’ – മറ്റൊരു ട്വീറ്റിൽ സമി എഴുതി. നേരത്തെ, നിറത്തിന്റെ പേരിൽ അനുഭവിക്കുന്ന തിക്താനുഭവങ്ങൾ പങ്കുവച്ച് വിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്‍ലും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച ലഘു കുറിപ്പിലൂടെയാണ് വംശീയവെറിക്കെതിരെ ഗെയ്ൽ ശബ്ദമുയർത്തിയത്.

English Summary: Darren Sammy expresses fury over racist word used against him in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com