ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന കാലത്ത് ഡാരൻ സമി വംശീയമായി അധിക്ഷേപിക്കപ്പെടാനുള്ള സാധ്യത തള്ളി അന്ന് അദ്ദേഹത്തിനൊപ്പം കളിച്ചിരുന്ന ഇന്ത്യൻ താരങ്ങൾ. 2013, 2014 സീസണുകളിലാണ് ഡാരൻ സമി സൺറൈസേഴ്സ് ഹൈദരാബാദിൽ കളിച്ചിരുന്നത്. ഇക്കാലത്ത് സമിക്കെതിരെ വംശീയാധിക്ഷേപം ഉണ്ടായതായി അറിയില്ലെന്ന് ഒപ്പം കളിച്ചിരുന്ന പാർഥിവ് പട്ടേൽ, വേണുഗോപാൽ റാവു, ഇർഫാൻ പഠാൻ എന്നിവർ പ്രതികരിച്ചു. അതേസമയം, വംശീയാധിക്ഷേപം ഉദ്ദേശിച്ചല്ലെങ്കിലും മറ്റുള്ളവർക്കു മുന്നിൽ ആളാകാനും കയ്യടി നേടാനും ആരാധകർ ഓരോന്നു വിളിച്ചുപറയുന്നത് പതിവാണെന്ന് പഠാൻ പറഞ്ഞു. മാത്രമല്ല, ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിൽ വംശീയാധിക്ഷേപം പതിവാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

യുഎസിൽ പൊലീസിന്റെ പീഡനത്തിന് ഇരയായ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെ വംശീയവെറിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഐപിഎല്ലിനിടെയും വംശീയാധിക്ഷേപം നേരിട്ടതായി സമി വെളിപ്പെടുത്തിയത്. സൺറൈസേഴ്സ് താരങ്ങളായിരിക്കെ തന്നെയും ശ്രീലങ്കൻ താരം തിസാര പെരേരയെയും കാണികൾ ‘കാലു’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് സമിയുടെ ആരോപണം. ഈ വാക്കിന് മോശം അർഥമാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഇത് വംശീയ അധിക്ഷേപമാണെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് സമി ചൂണ്ടിക്കാട്ടിയത്. അതേസമയം, ഇത്തരമൊരു അധിക്ഷേപം നേരിട്ടിരുന്നുവെങ്കിൽ ആ സമയത്തുതന്നെ സമി അക്കാര്യം ബിസിസിഐയെ അറിയിക്കേണ്ടതായിരുന്നുവെന്ന് ബോർഡുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചു.

ഇതേക്കുറിച്ച് വിവിധ താരങ്ങളുടെ പ്രതികരണങ്ങളിലൂടെ:

∙ ഇർഫാൻ പഠാൻ

‘2014ൽ സൺറൈസേഴ്സിൽ സമിക്കൊപ്പം ഞാനുമുണ്ടായിരുന്നു. അന്ന് ഇത്തരമൊരു സംഭവം നടന്നിരുന്നെങ്കിൽ തീർച്ചയായും അതു വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുമായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. വലിയ ചർച്ചകളൊന്നും കേൾക്കാത്തതുകൊണ്ട് അങ്ങനെയൊന്ന് സംഭവിച്ചോയെന്ന് എനിക്കറിയില്ല.’

‘പക്ഷേ, ആഭ്യന്തര ക്രിക്കറ്റിൽ ഇത്തരം അധിക്ഷേപങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ആളുകൾക്ക് ഇക്കാര്യത്തിൽ ബോധവൽക്കരണം അത്യാവശ്യമാണ്. ദക്ഷിണേന്ത്യയിൽ നിന്നുള്ള താരങ്ങളെ ഉത്തരേന്ത്യയിലും മറ്റു ഭാഗങ്ങളിലും പരിഹസിക്കുന്നത് പതിവാണ്. ആരുടെയും പേരൊന്നും ഞാൻ പറയുന്നില്ല.’

‘നമ്മുടെ ആളുകൾ ബോധപൂർവം വംശീയാധിക്ഷേപം നടത്തുന്നവരാണെന്ന് ഞാൻ കരുതുന്നില്ല. കാണികൾക്കിടയിൽനിന്ന് ചിലർ കയ്യടികൾക്കായി ഓരോന്നു വിളിച്ചുപറയാറുണ്ട്. ആൾക്കൂട്ടത്തിനിടയിൽ ആളാകാൻ തമാശയ്ക്കു പറയുന്നതാണ്. പക്ഷേ. അതു പലപ്പോഴും പരിധി വിട്ടുപോകും.’

∙ പാർഥിവ് പട്ടേൽ

‘സമിക്കെതിരെ ഇത്തരം വാക്കുകൾ ആരെങ്കിലും ഉപയോഗിച്ചതായി എനിക്കറിയില്ല. ഞാൻ കേട്ടിട്ടുമില്ല.

∙ വേണുഗോപാൽ റാവു

‘ഇല്ല. എനിക്ക് യാതൊരു ഉറപ്പുമില്ല. ആരാധകർ അത്തരത്തിൽ കളിയാക്കിയതായി എനിക്ക് അറിയുകയുമില്ല.’

English Summary: Sammy's Ex-teammate Denies Racist Slur Allegation, Admits Incidents Common in Domestic Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com