ADVERTISEMENT

മുംബൈ∙ ഇന്ത്യൻ താരങ്ങളെ പ്രതിസ്ഥാനത്ത് നിർത്തി ഐപിഎല്ലിൽ വംശീയാധിക്ഷേപം നടന്നതായി വെസ്റ്റിൻഡീസ് താരം ഡാരൻ സമിയുടെ വെളിപ്പെടുത്തൽ വന്നതിനു പിന്നാലെ, ഇംഗ്ലണ്ടിൽവച്ച് തന്നെയും ചിലർ വംശീയമായി അധിക്ഷേപിച്ച സംഭവം വിവരിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിലെ ലീഗ് ക്രിക്കറ്റിൽ പങ്കെടുക്കുന്നതിനിടെയാണ് തനിക്കെതിരെ വംശീയാധിക്ഷേപമുണ്ടായതെന്നാണ് ചോപ്രയുടെ വെളിപ്പെടുത്തൽ. 2007ൽ മേരിലെബോൺ ക്രിക്കറ്റ് ക്ലബ്ബിന് കളിച്ചിരുന്ന കാലത്താണ് സംഭവം.

‘പാക്കി’ എന്ന് വിളിച്ച് പരിഹസിച്ചെന്നാണ് ചോപ്രയുടെ ആരോപണം. ഇംഗ്ലിഷ് സംസാര ഭാഷയായ ചില രാജ്യങ്ങളിൽ ദക്ഷിണേഷ്യൻ രാജ്യക്കാരെ വിശേഷിപ്പിക്കുന്ന വാക്കാണ് ‘പാക്കി’. ഇത് പാക്കിസ്ഥാൻ എന്നതിന്റെ ചുരുക്കരൂപമല്ലെന്നും, ദക്ഷിണേഷ്യയിൽനിന്നുള്ള ബ്രൗൺ ചർമമുള്ള ആളുകളെ വിളിക്കുന്ന പേരാണെന്നും ചോപ്ര വെളിപ്പെടുത്തി.

‘ക്രിക്കറ്റ് താരങ്ങളായ ഞങ്ങൾ കരിയറിന്റെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ വംശീയാധിക്ഷേപത്തിന് ഇരകളാകാറുണ്ട്. ഇംഗ്ലണ്ടിൽ ലീഗ് ക്രിക്കറ്റിൽ പങ്കെടുത്തിരുന്ന സമയത്ത് ഇത്തരം അനുഭവങ്ങളുണ്ടായത് ഓർമയുണ്ട്. അന്നത്തെ എതിർ ടീമുകളിലൊന്നിൽ കളിച്ചിരുന്ന രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങൾ എന്നെ വംശീയമായി അധിക്ഷേപിക്കുന്നത് പതിവായിരുന്നു’ – യുട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു.

‘ബാറ്റിങ്ങിനിടെ ഞാൻ നോൺ സ്ട്രൈക്കേഴ്സ് എൻഡിലാണെങ്കിലും അവർ എന്നെയാണ് ഉന്നമിടുക. തുടർച്ചയായി എന്നെ ‘പാക്കി’ എന്ന് വിളിച്ചുകൊണ്ടിരിക്കും. ഇപ്പോൾ പലരുടെയും വിചാരം ‘പാക്കി’ എന്ന വിളി പാക്കിസ്ഥാൻ എന്നതിന്റെ ചുരുക്കപ്പേരാണെന്നാണ്. പക്ഷേ, അങ്ങനെയല്ല. ഏഷ്യയിലെ ഏതെങ്കിലും രാജ്യത്തുനിന്ന് വരുന്ന ബ്രൗൺ ചർമമുള്ള ആളാണ് നിങ്ങളെങ്കിൽ തീർത്തും വംശീയമായ ഈ വിളി പ്രതീക്ഷിക്കാം’ – ചോപ്ര വിശദീകരിച്ചു.

അന്ന് തന്റെ ടീമും സഹതാരങ്ങളും ഉറച്ച പിന്തുണ നൽകിയെങ്കിലും വംശീയമായി അധിക്ഷേപിച്ചുവെന്ന യാഥാർഥ്യം നിലനിൽക്കുകയാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കായി 10 ടെസ്റ്റുകളിൽ കളിച്ച ചോപ്ര നിലവിൽ കമന്റേറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ്. ‘നിങ്ങൾ വെളുത്തിട്ടാണെങ്കിലും ഇത്തരം അധിക്ഷേപങ്ങളുണ്ടാകും. അവർ ഇങ്ങോട്ടു വരുമ്പോൾ തിരിച്ചും ഇത്തരം അധിക്ഷേപ പരാമർശങ്ങൾക്ക് ഇരയാകും’ – ചോപ്ര പറഞ്ഞു.

ഇന്ത്യയിൽ കളിക്കാനെത്തുമ്പോൾ ഓസ്ട്രേലിയൻ താരം ആൻഡ്രൂ സൈമണ്ട്സിനെതിര ‘കുരങ്ങ്’ വിളികൾ ഉയർന്നിരുന്ന കാര്യം ചോപ്ര ചൂണ്ടിക്കാട്ടി. ‘ആൻഡ്രൂ സൈമണ്ട്സ് ഇന്ത്യയിൽ കളിക്കാനെത്തുന്ന സമയത്ത് ഫീൽഡിങ്ങിനിടെ വാംഘഡെ സ്റ്റേഡിയം ‘കുരങ്ങ്’ വിളികളാൽ മുഖരിതമാകുന്നത് ഓർമയുണ്ട്. അന്നാണ് സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ആരാധകർക്ക് മുന്നറിയിപ്പു നൽകേണ്ടിവന്നത്’ – ചോപ്ര വിവരിച്ചു.

ഇന്ത്യയിൽ ഐപിഎൽ കളിക്കുന്നതിനിടെ വംശീയപരാമർശങ്ങൾക്ക് വിധേയനായിരുന്നെന്ന വെസ്റ്റിൻഡീസ് ക്രിക്കറ്റർ ഡാരെൻ സമിയുടെ വെളിപ്പെടുത്തലുകളുടെ തുടർച്ചയാണ് ചോപ്രയുടെ വാക്കുകൾ. ഐപിഎല്ലിൽ കളിച്ചിരുന്ന സമയത്ത് തന്നെ ‘കാലു’ എന്നു വിളിച്ചവർ‍ മാപ്പു പറയണമെന്ന് സമി പരസ്യമായി ആവശ്യപ്പെട്ടിരുന്നു. യുഎസിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെ ലോകമാകെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനിടെ (ഐപിഎൽ‍) താൻ വംശീയാധിക്ഷേപം നേരിട്ടതായി കഴിഞ്ഞ ദിവസം സമി വെളിപ്പെടുത്തിയത്. സമിയെ പിന്തുണച്ച് ക്രിസ് ഗെയ്‍ലും രംഗത്തെത്തി.

English Summary: Was called 'Paki' in England: Aakash Chopra says cricketers have been victims of racism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com