ADVERTISEMENT

ഐപിഎല്‍ ക്രിക്കറ്റിനിടെ വംശീയാധിക്ഷേപം നേരിട്ടതായി വെളിപ്പെടുത്തിയ വെസ്റ്റിൻഡീസ് താരം ഡാരെൻ സമിയെക്കുറിച്ച് വെസ്റ്റിൻഡീസിലെ സെന്റ് ലൂസിയയിൽ സമിയുടെ അയൽവാസിയായ മലയാളി സിബി ഗോപാലകൃഷ്ണൻ എഴുതുന്നു....

സെന്റ് ലൂസിയയിൽ വച്ച് ഡാരെൻ സമിയെ കണ്ടുമുട്ടിയാൽ നിങ്ങളൊരിക്കലും വിശ്വസിക്കില്ല; രണ്ടു ലോകകപ്പുകൾ ജയിച്ച ഒരു ക്യാപ്റ്റനാണ് അദ്ദേഹമെന്ന്! ഇവിടെ സമി സാധാരണക്കാരിൽ സാധാരണക്കാരനാണ്. ഇപ്പോഴും പഴയ കളിക്കൂട്ടുകാരുടെ കൂടെ നടക്കും. ഗ്രൗണ്ടിൽ കൂടെ കളിക്കും. എന്തിന് കളിക്കിടെ പന്ത് പുറത്തു പോയാൽ അതു തിരയാൻ ഓടിപ്പോകും. അങ്ങനെയുള്ള സമി ഐപിഎൽ ക്രിക്കറ്റിനിടെ വംശീയാധിക്ഷേപം നേരിട്ടിരുന്നു എന്നു വെളിപ്പെടുത്തുമ്പോൾ  ഇന്ത്യക്കാരനെന്ന നിലയിൽ വേദന തോന്നിപ്പോകുന്നു. കാരണം നമ്മളെയെല്ലാം സ്വന്തം സഹോദരങ്ങളെപ്പോലെ കരുതുന്ന ഒരാൾക്കാണല്ലോ മുറിവേറ്റത്!

അച്ഛനും അമ്മയുടെയും 16–ാം വയസ്സിൽ തന്നെ ജനിച്ച മകനാണ് സമി. രണ്ട് അനുജൻമാരാണ് സമിക്കുള്ളത്. ക്രിക്കറ്റ് കളിച്ച് സമ്പാദ്യമുണ്ടായപ്പോൾ സമി രണ്ടു പേർക്കും  വീട് വച്ച് കൊടുത്തു. അച്ഛന് ഒരു മിനി ബസും വാങ്ങിക്കൊടുത്തു. സമി അംബാസഡറായ ഡിജിസെലിന്റെ പരസ്യമാണ് ആ ബസിൽ പതിച്ചിരിക്കുന്നത്. 

സമിയുടെ ‘ജീവൻ’ പക്ഷേ അമ്മ ക്ലാരയാണ്. വിനോദയാത്രയ്ക്കു പോകുമ്പോൾ പോലും അമ്മയെ കൂടെക്കൂട്ടുന്നയാളാണ് സമി. കഴി‍ഞ്ഞ കരീബിയൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനിടെ സമി തന്റെ ജഴ്സിയിൽ പേരെഴുതിയത് ഇങ്ങനെയാണ്: ക്ലാരാസ് ബോയ്. ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കാൻ പോയതിന് അമ്മ ബെൽറ്റ് കൊണ്ട് അടിച്ചതൊക്കെ അമ്മയെ സാക്ഷിയാക്കി തന്നെ സമി പറയാറുണ്ട്. മകനും അമ്മയും അതോർത്തോർത്ത് ചിരിക്കുകയും ചെയ്യും. ഇവിടെ ഒരു ബേക്കറി നടത്തുകയാണ് സമിയുടെ അമ്മ.

ഇന്ത്യക്കാരെപ്പോലെ ഒരു ‘ഫാമിലി മാൻ’ ആണ് സമി. മിസ് വേൾഡ് മത്സരത്തിൽ സെന്റ് ലൂസിയയെ പ്രതിനിധീകരിച്ചിട്ടുള്ള കാത്തി ഡാനിയൽ ആണ് സമിയുടെ ഭാര്യ. മത്സരങ്ങളില്ലെങ്കിൽ സമി നേരെ ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് ഓടിയെത്തും. ഡാരെൻ സമി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ കാത്തിയാണ് നോക്കുന്നത്. കോവിഡ് കാലത്ത് ഫൗണ്ടേഷൻ സെന്റ് ലൂസിയയിലെ സ്കൂളുകളിലും ആശുപത്രികളിലുമെല്ലാം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

വിവാദങ്ങൾ ഇഷ്ടമില്ലാത്തയാളാണെങ്കിലും തന്നെ വേദനിപ്പിക്കുന്ന കാര്യങ്ങൾക്കെതിരെ പ്രതികരിക്കാൻ മടിയില്ലെന്ന് സമി പലവട്ടം തെളിയിച്ചിട്ടുണ്ട്. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള പ്രതിഫല തർക്കത്തിൽ കളിക്കാർക്കു വേണ്ടി മുന്നിൽ നിന്നു പോരാടിയിട്ടുണ്ട്.  മുൻപൊരിക്കൽ സമ്മാനം നൽകുന്നത് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ആണെന്നതിനാൽ പാക്കിസ്ഥാനിൽ ഒരു ലോക ഇലവൻ‌ മത്സരത്തിനു ശേഷമുള്ള ചടങ്ങ് ബഹിഷ്കരിച്ചിട്ടുമുണ്ട് സമി.വെറുതെ എന്തെങ്കിലും പറയുന്ന ആളല്ല എന്നതിനാൽ സമി ഇപ്പോൾ ഉന്നയിച്ച ആരോപണവും നമ്മൾ മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്. ഇന്ത്യക്കാരോടുള്ള എന്തെങ്കിലും വൈരാഗ്യം കൊണ്ടല്ല, സങ്കടം കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞതെന്നു വ്യക്തം.

(സെന്റ് ലൂസിയയിൽ ഇന്റർനാഷനൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടറാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com