ADVERTISEMENT

കിങ്സ്റ്റൺ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെ സഹതാരങ്ങളിൽ ചിലർ ‘കാലു’ എന്ന് വിളിച്ചിരുന്നത് വംശീയാധിക്ഷേപമാണെന്ന് നിലപാടെടുത്ത ഡാരെൻ സമിക്ക് ഒടുവിൽ സഹതാരങ്ങളിൽ ഒരാളുടെ വിളിയെത്തി. സമിയെ ‘കാലു’ എന്ന് വിളിച്ചിരുന്ന താരങ്ങളിലൊരാളാണ് താരത്തെ നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചത്. തന്നെ കാലു എന്ന് വിളിച്ചിരുന്നവർ ആരൊക്കെയാണെന്ന് അവർക്കറിയാമെന്നും നേരിട്ട് വിളിച്ച് വിശദീകരിച്ചില്ലെങ്കിൽ പേരുകൾ പുറത്തുവിടുമെന്നും സമി ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൺറൈസേഴ്സിൽ സമിയുടെ സഹതാരമായിരുന്ന ഒരാൾ സമിയെ നേരിട്ട് വിളിച്ച് തന്റെ ഭാഗം വിശദീകരിച്ചത്. അദ്ദേഹവുമായുള്ള സംഭാഷണത്തിൽ താൻ സന്തുഷ്ടനാണെന്ന് സമിയും വ്യക്തമാക്കി.

‘കാലു’ എന്ന വിളി ഉത്തരേന്ത്യയിൽ പതിവുള്ളതായതിനാൽ ഇന്ത്യൻ താരമാണ് സമിയെ വിളിച്ചതെന്നാണ് സൂചന. അതേസമയം, വിളിച്ചതാരെന്നതിനെക്കുറിച്ച് സമി യാതൊരു സൂചനയും നൽകിയില്ല. സൺറൈസേഴ്സിൽ സമിക്കൊപ്പം കളിച്ചിരുന്ന ഇന്ത്യൻ പേസ് ബോളർ ഇഷാന്ത് ശർമ അക്കാലത്തെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ സമിയെ ‘കാലു’ എന്ന് വിശേഷിപ്പിച്ചതായി ആരാധകർ കണ്ടെത്തിയിരുന്നു. ഈ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാൽ, സംഭവത്തിൽ ഇഷാന്ത് ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇഷാന്താണോ സമിയെ വിളിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല.

‘എന്റെ സഹതാരങ്ങളിൽ ഒരാൾ വിളിക്കുകയും അദ്ദേഹവുമായി ഞാൻ സംസാരിക്കുകയും ചെയ്തു. കാര്യങ്ങളുടെ നെഗറ്റീവ് ഭാഗം കാണുന്നതിനു പകരം ഇത്തരം അധിക്ഷേപങ്ങൾ തടയാൻ ആളുകളെ എത്തരത്തിൽ ബോധവൽക്കരിക്കാം എന്നാണ് ഞങ്ങൾ ചർച്ച ചെയ്തത്. സ്നേഹം കൊണ്ടുള്ള വിളിയായിരുന്നു അതെന്നും അദ്ദേഹം എനിക്ക് ഉറപ്പു നൽകി. അദ്ദേഹത്തെ ഞാൻ വിശ്വസിക്കുന്നു’ – കൂപ്പുകൈകളുടെ ഇമോജി സഹിതം സമി കുറിച്ചു.

യുഎസിൽ പൊലീസിന്റെ പീഡനത്തിന് ഇരയായ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെ വംശീയവെറിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഐപിഎല്ലിനിടെയും വംശീയാധിക്ഷേപം നേരിട്ടതായി സമി വെളിപ്പെടുത്തിയത്. സൺറൈസേഴ്സ് താരങ്ങളായിരിക്കെ തന്നെയും ശ്രീലങ്കൻ താരം തിസാര പെരേരയെയും കാണികൾ ‘കാലു’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് സമിയുടെ ആരോപണം. ഈ വാക്കിന് മോശം അർഥമാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഇത് വംശീയ അധിക്ഷേപമാണെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് സമി ചൂണ്ടിക്കാട്ടിയത്.

∙ അന്ന് സമി പറഞ്ഞത്...

‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാൻ കളിച്ചിട്ടുണ്ട്. അവിടെയെല്ലാം ആളുകൾ എന്നെ സ്നേഹിക്കുകയും ചെയ്തു. കളിച്ച സ്ഥലങ്ങളിലെല്ലാം ഡ്രസിങ് റൂമുകളിലും നല്ല സ്വീകരണമായിരുന്നു. കഴിഞ്ഞ ദിവസം ഹസൻ മിനാജിന്റെ ഒരു ഷോ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ നാട്ടിൽ ചിലർ കറുത്തവരെ വിളിക്കുന്ന വാക്കുകളെക്കുറിച്ച് കേട്ടത്.’

‘ഞാൻ ഈ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും ബാധകമല്ല. ആ വാക്കിന്റെ അർഥം മനസ്സിലായപ്പോൾ അത് മോശം അർഥത്തിലാണ് ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് എന്നെ ദേഷ്യം പിടിപ്പിച്ചു. 2013–14 കാലഘട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിൽ കളിച്ചിരുന്ന കാലത്ത് ചിലർ എന്നെ ആ വാക്കുകൊണ്ട് വിശേഷിപ്പിച്ചിരുന്നത് ഞാനോർത്തു. അതു കറുത്ത വർഗക്കാരെ അധിക്ഷേപിക്കുന്ന വാക്കായിരുന്നു.’

‘ആ വാക്കിന്റെ അർഥം മനസ്സിലായപ്പോൾ സ്വാഭാവികമായും എനിക്ക് ദേഷ്യം വന്നു.’

‘എന്നെ ആ പേരു വിളിച്ചവർ ആരൊക്കെയെന്ന് വിളിച്ചവർക്കറിയാം. അവർക്കെല്ലാ ഞാൻ പ്രത്യേകം മെസേജ് അയയ്ക്കുന്നുണ്ട്. ആ വാക്കുകൊണ്ട് എന്നെ വിളിച്ചപ്പോൾ അതിന്റെ അർഥം അറിഞ്ഞിരുന്നില്ലാ എന്നത് സത്യമാണ്. കരുത്തനായവൻ എന്നാണ് അർഥമെന്നാണ് ഞാൻ ധരിച്ചത്. എന്തായാലും അന്നെനിക്കത് പ്രശ്നമല്ലാതിരുന്നത് അർഥം അറിയാത്തതുകൊണ്ടാണ്.’ 

‘പക്ഷേ ഓരോ തവണ ആ പേരു വിളിക്കുമ്പോഴും വലിയ ചിരി ഉയരുന്നത് എനിക്ക് ഓർമയുണ്ട്. സഹതാരങ്ങൾ ചിരിക്കുമ്പോൾ അതെന്തോ തമാശ കലർന്ന പേരാണെന്നാണ് ഞാൻ കരുതിയത്. അതത്ര തമാശയായിരുന്നില്ലെന്ന് ഇപ്പോൾ എനിക്കറിയാം. അധിക്ഷേമായിരുന്നു അതെന്നും എനിക്ക് മനസ്സിലാകുന്നുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ എന്നെ ആ പേരിൽ ആവർത്തിച്ച് വിളിച്ചതെന്ന് ഞാൻ തീർച്ചയായും മെസേജ് അയച്ചു ചോദിക്കും. ഇപ്പോൾ ഞാൻ മനസ്സിലാക്കുന്ന ആ മോശം അർഥത്തിലായിരുന്നോ നിങ്ങളെല്ലാം എന്നെ ആ പേരിൽ വിളിച്ചിരുന്നത്?’

‘ഞാൻ കളിച്ചിട്ടുള്ള സ്ഥലങ്ങളിലെല്ലാം ഡ്രസിങ് റൂമിൽ നല്ല ഓർമകൾ മാത്രമേയുള്ളൂ. എല്ലായിടത്തും ടീമിനെ വളർത്താൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളൂ. അതുകൊണ്ട് ആ പേരിൽ എന്നെ പരിഹസിച്ചവരെല്ലാം നേരിട്ടു വരൂ. നമുക്ക് സംസാരിക്കാം. മോശം അർഥത്തിലാണ് നിങ്ങൾ ആ പേരു വിളിച്ചതെന്ന് പറഞ്ഞാൽ അതെന്നെ നിരാശപ്പെടുത്തും. നിങ്ങളെ സഹോദരങ്ങളേപ്പോലെ കണ്ടയാളെന്ന നിലയിൽ തീർച്ചയായും എന്നോടു മാപ്പു പറയേണ്ടിവരും. അതുകൊണ്ട് എന്നെ സമീപിക്കുക, സംസാരിക്കുക, സ്വന്തം ഭാഗം വ്യക്തമാക്കുക.’

English Summary: ‘My brother assured me he operated from place of love’: Darren Sammy after speaking to ‘one of the guys’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com