ADVERTISEMENT

മുംബൈ∙ ഇന്ത്യയിൽ കായിക താരങ്ങളുടെ ജീവിതകഥ സിനിമയാകുന്നത് അത്ര അസാധാരണ സംഭവമല്ല. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, മഹേന്ദ്രസിങ് ധോണി, ബോക്സിങ് താരം മേരി കോം, ഓട്ടക്കാരൻ മിൽഖ സിങ് തുടങ്ങിയവരുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമകൾ പുറത്തിറിയിട്ടുമുണ്ട്. അങ്ങനെയെങ്കിൽ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ജീവിതം സിനിമയായാൽ റെയ്നയുടെ വേഷം ആരു ചെയ്യും?

ഈ ചോദ്യം റെയ്നയോട് ആയാലോ? ഉവ്വ്, കഴിഞ്ഞ ദിവസം ഈ ചോദ്യം അതേപടി റെയ്നയ്ക്കു മുന്നിലുമെത്തി. ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിൽ, റെയ്നയുടെ ജീവിതം സിനിമയാക്കിയാൽ സ്വന്തം വേഷം ചെയ്യാൻ ആരെ നിർദ്ദേശിക്കുമെന്നായിരുന്നു ചോദ്യം.

രണ്ടു താരങ്ങളുടെ പേരാണ് റെയ്ന നിർദ്ദേശിച്ചത്. അതിലൊന്ന് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന്റെ പേര്. മറ്റൊന്ന് ഹിന്ദി നടൻ ഷാഹിദ് കപൂറും. ‘എനിക്കു തോന്നുന്നത് ദുൽഖർ സൽമാനോ ഷാഹിദ് കപൂറോ ആകും ഉചിതമെന്നാണ്. താങ്കളുടെ അഭിപ്രായമെന്താണ്?’ – ചോദ്യമുയർത്തിയ ആളോട് തന്നെ റെയ്ന തിരിച്ചുചോദിച്ചു. ‘ദുൽഖർ സൽമാനാകും‌ ഉചിത’മെന്നായിരുന്നു ചോദ്യമുയർത്തിയ ചൗധരി യൂസഫിന്റെ മറുപടി.

ഏതാനും മാസങ്ങൾക്കു മുൻപ് സുരേഷ് റെയ്നയുമായി ചെന്നൈയിൽവച്ച് കണ്ടുമുട്ടിയ സംഭവം വിവരിച്ച് ദുൽഖർ അദ്ദേഹവുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തമിഴ് നടൻ വിക്രം പ്രഭുവും ഉൾപ്പെടുന്നതായിരുന്നു ചിത്രം. സുരേഷ് റെയ്നയെ പരിചയപ്പെടാനായതിൽ സന്തോഷം അറിയിച്ച ദുൽഖർ, താനൊരു ചെന്നൈ സൂപ്പർ കിങ്സ് ആരാധകനാണെന്നും വെളിപ്പെടുത്തിയിരുന്നു.

നേരത്തെ, ‘ദ സോയ ഫാക്ടർ’ എന്ന ബോളിവുഡ് ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ നിഖിൽ ഖോഡയുടെ വേഷത്തിൽ ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെട്ടിരുന്നു. അനൂജ ചൗഹാന്റെ ജനപ്രിയ നോവലായ ദ് സോയ ഫാക്ടറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. സോനം കപൂറായിരുന്നു നായിക. അനൂജ ചൗഹാനും പ്രധുമൻ സിങ്ങും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം അഭിഷേക് ശർമയാണ് സംവിധാനം ചെയ്തത്.

English Summary: Dulquer Salmaan or Shahid Kapoor? Suresh Raina reveals which actor would he prefer in his biopic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com