ADVERTISEMENT

ന്യൂ‍ഡൽഹി ∙ താൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞടുക്കപ്പെട്ടതിനു പിന്നിലെ രസകരമായ കഥകൾ വെളിപ്പെടുത്തി മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി കിർസ്റ്റൻ. ഒരു തയാറെടുപ്പുമില്ലാതെ അഭിമുഖത്തിനെത്തിയ താൻ വെറും 7 മിനിറ്റിനുള്ളിൽ ഇന്ത്യൻ പരിശീലകനായി കരാർ ഒപ്പിട്ടെന്നു കിർസ്റ്റൻ ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു. ഗ്രെഗ് ചാപ്പലിന്റെ പിൻഗാമിയായി ഇന്ത്യൻ പരിശീലക സ്ഥാനത്തെത്തിയ ഗാരി കിർസ്റ്റനു കീഴിലാണ് ഇന്ത്യ 2011ൽ ഏകദിന ലോകകപ്പ് നേടിയത്.

‘സിലക്‌ഷൻ കമ്മിറ്റിയിലുണ്ടായിരുന്നു സുനിൽ ഗാവസ്കറുടെ ഇമെയിൽ കണ്ടപ്പോൾ ആദ്യം അതൊരു വ്യാജ സന്ദേശമായിരിക്കുമെന്നാണു ഞാൻ കരുതിയത്. ഇന്ത്യയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കാമോ എന്നു ചോദിച്ചു വീണ്ടും മെയിൽ വന്നപ്പോൾ ഞാനതു ഭാര്യയെ കാണിച്ചു. ‘നിങ്ങളെക്കൊണ്ട് അതൊന്നും പറ്റില്ല’ എന്നായിരുന്നു അവളുടെ മറുപടി’ – കിർസ്റ്റൻ പറഞ്ഞു.

‘എങ്കിലും ഇന്റർവ്യൂവിനായി ഞാൻ ഇന്ത്യയിലേക്കു വന്നു. അവിടെവച്ച് ആദ്യം കണ്ടത് അന്നത്തെ ഇന്ത്യൻ നായകനായിരുന്ന അനിൽ കുംബ്ലെയെയാണ്. ഞാൻ ഇന്ത്യൻ പരിശീലകനാകാൻ അഭിമുഖത്തിനു വന്നതാണെന്ന് പറഞ്ഞപ്പോൾ കുംബ്ലെ പൊട്ടിച്ചിരിച്ചു. ഞാനും ചിരിച്ചു’ – കിർസ്റ്റൻ പറഞ്ഞു.

‘അഭിമുഖത്തിനു കയറിയപ്പോൾ അവർ എന്നെ പ്രസന്റേഷനു ക്ഷണിച്ചു. പക്ഷേ, എന്റെ കയ്യിൽ ഒന്നുമില്ലെന്നു ഞാൻ പറഞ്ഞു. അന്നു കമ്മിറ്റിയിലുണ്ടായിരുന്ന രവി ശാസ്ത്രിയാണ് എന്നെ രക്ഷിച്ചത്. ഇന്ത്യയെ തോൽപിക്കാൻ ദക്ഷിണാഫ്രിക്ക എന്താണു ചെയ്യുന്നതെന്നു പറയാമോ എന്നു ശാസ്ത്രി ചോദിച്ചതിനു ഞാൻ മറുപടി നൽകി. അവർക്ക് ഇഷ്ടപ്പെട്ടു. ഒപ്പിടാനായി അവർ എനിക്കു തന്ന കരാറിൽ മുൻ പരിശീലകൻ ഗ്രെഗ് ചാപ്പലിന്റെ പേരാണുണ്ടായിരുന്നത്. ഞാൻ അതു ചൂണ്ടിക്കാട്ടിയപ്പോൾ പേനകൊണ്ട് ചാപ്പലിന്റ പേരുവെട്ടി എന്റെ പേര് എഴുതിച്ചേർക്കുകയായിരുന്നു’ – കിർസ്റ്റൻ പറഞ്ഞു.

English Summary: When I got mail from Sunil Gavaskar for India coach job interview, thought it was hoax: Gary Kirsten

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com