ADVERTISEMENT

മുംബൈ∙ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് നൽകിയ വാക്കു പാലിക്കാനാകാതെ പോയതിൽ വേദന പങ്കുവച്ച് ബോളിവുഡിൽനിന്ന് ക്രിക്കറ്റ് കളത്തിലേക്കെത്തിയ യുവതാരം ദിഗ്‌വിജയ് ദേശ്മുഖ്. ഏഴു വർഷം മുൻപു ഹിന്ദി സിനിമയിൽ ക്രിക്കറ്റ് താരത്തിന്റെ വേഷമണിഞ്ഞ ദിഗ്‌വിജയിനെ, ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിരുന്നു. വെള്ളിത്തിരയിൽനിന്ന് ക്രിക്കറ്റ് പിച്ചിലേക്കെത്തിയ ദിഗ്‌വിജയിന്റെ വിശേഷങ്ങൾ ലേലസമയത്ത് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയുമായി. 2013ൽ ഇറങ്ങിയ ‘കയ് പോ ചെ’ എന്ന ഹിന്ദി സിനിമയിൽ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന അലി എന്ന കുട്ടിയുടെ വേഷമാണു ദിഗ്‌വിജയ് ചെയ്തത്. ഈ സിനിമയിൽ നായകനായിരുന്നു സുശാന്ത് സിങ് രാജ്പുത്ത്.

‘ക്രിക്കറ്റ് വളരെയധികം ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. അറിയപ്പെടുന്ന ക്രിക്കറ്റ് താരമായശേഷം മാത്രമേ ഇനി ഞാൻ താങ്കളെ കാണാൻ വരൂ എന്ന് ‘കയ് പോ ചെ’ സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിനം ഞാൻ അദ്ദേഹത്തിന് ഉറപ്പു നൽകിയിരുന്നു. ഇത്തവണ മുംബൈ ഇന്ത്യൻസ് ടീമില്‍ എന്നെയും ഉൾപ്പെടുത്തിയപ്പോൾ ഞാൻ അദ്ദേഹത്തെ കാണാൻ പോകാനിരുന്നതാണ്. അപ്പോഴാണ് ലോക്ഡൗൺ വന്ന് രംഗം മാറിയത്. ഇപ്പോഴാകട്ടെ അദ്ദേഹം ജീവിച്ചിരിപ്പുമില്ല’ – ദിഗ്‌വിജയ് പറഞ്ഞു.

‘ലോക്ഡൗൺ സംഭവിച്ചിരുന്നില്ലെങ്കിൽ അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും ഒരുപക്ഷേ എനിക്ക് കഴിയുമായിരുന്നു. അദ്ദേഹത്തിന് നൽകിയ വാക്കു പാലിക്കാനും കഴിഞ്ഞേനെ. പക്ഷേ, എനിക്കതിന് അവസരം ലഭിച്ചില്ല’ – ദിഗ്‌വിജയ് പറഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സുശാന്ത് ഒരിക്കൽ ദിഗ്‌വിജയിന്റെ നാടായ പുണെയിൽ വന്നിരുന്നു. എന്നാൽ, അറിയപ്പെടുന്ന താരമായിട്ടു മാത്രമേ അദ്ദേഹത്തെ കാണൂ എന്ന പഴയ വാക്ക് ഓർത്ത് അന്ന് നേരിട്ടു കാണാൻ പോയില്ലെന്ന് ദിഗ്‌വിജയ് പറഞ്ഞു. ഇപ്പോൾ അതേക്കുറിച്ച് ഓർത്ത് താൻ ഖേദിക്കുന്നതായു ദിഗ്‌വിജയ് വെളിപ്പെടുത്തി.

‘കയ് പോ ചെ’ സിനിമയുടെ ഷൂട്ടിങ് സമയത്തെ വിശേഷങ്ങളും ദിഗ്‌വിജയ് പങ്കുവച്ചു. ‘ആറു മാസത്തോളം നീണ്ടുനിന്ന ആ സിനിമാ ഷൂട്ടിങ് നടക്കുമ്പോൾ എനിക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. ഓരോ ദിവസവും ഷൂട്ടിങ് കഴിയുമ്പോൾ അദ്ദേഹം എന്നെ റൂമിലേക്കു വിളിക്കും. എന്നിട്ട് ക്യാമറാ ആംഗിൾസും സീനുകളുമെല്ലാം പഠിപ്പിക്കും. ആ പ്രോജക്ടുമായി വളരെയേറെ ഇഴുകിച്ചേർന്നിരുന്നു അദ്ദേഹം. വളരെ സൗഹാർദ്ദപൂർവം പെരുമാറിയിരുന്ന അദ്ദേഹം എപ്പോഴും സന്തോഷവാനുമായിരുന്നു. അന്നേ പ്രഫഷനൽ താരമായിരുന്ന എന്നോട് ക്രിക്കറ്റിനേക്കുറിച്ച് ചോദിച്ച് പഠിക്കാൻ അദ്ദേഹം കാട്ടിയ ഉത്സാഹവും ശ്രദ്ധേയമായിരുന്നു’ – ദിഗ്‌വിജയ് വെളിപ്പെടുത്തി.

∙ ആരാണ് ദിഗ്‍വിജയ് ദേശ്മുഖ്?

കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നടന്ന ഐപിഎൽ താരലേലത്തിൽ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ച താരമാണ് ദിഗ്‍വിജയ് ദേശ്മുഖ്. മഹാരാഷ്ട്രയ്ക്കായി കളിക്കുന്ന ദിഗ്‍വിജയ്, സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് (9 വിക്കറ്റ്) ഐപിഎൽ ടീം ഉടമകളുടെ കണ്ണിൽപ്പെട്ടത്. രഞ്ജി ട്രോഫിയിൽ ‌ജമ്മു കശ്മീരിനെതിരെ മഹാരാഷ്ട്രയ്ക്കായി അരങ്ങേറുകയും ചെയ്തു. അരങ്ങേറ്റ മത്സരത്തിൽ ആറു വിക്കറ്റ് വീഴ്ത്തി ദേശ്മുഖ് കരുത്തുകാട്ടി. ഒന്നാം ഇന്നിങ്സിൽ 9.5 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ, രണ്ടാം ഇന്നിങ്സിൽ 14.3 ഓവറിൽ 46 റൺസ് വഴങ്ങി നാലു വിക്കറ്റും നേടി.

പക്ഷേ താരം വിസ്മയിപ്പിച്ചത് ബാറ്റുകൊണ്ടാണ്. താരലേലത്തിൽ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തതിന്റെ പിന്നാലെയാണ് എട്ടാമനായി കളത്തിലിറങ്ങി ദേശ്മുഖ് തകർപ്പൻ അർധസെഞ്ചുറിയുമായി തിളങ്ങിയത്. ജമ്മു കശ്മീരിനെതിരെ മഹാരാഷ്ട്രയ്ക്ക് തോൽവി ഒഴിവാക്കാനായില്ലെങ്കിലും 71 പന്തിൽ തകർത്തടിച്ച് 83 റൺസെടുത്ത ദേശ്മുഖിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഏഴു ഫോറും അഞ്ചു സിക്സും സഹിതമാണ് ദേശ്മുഖ് കരിയറിലെ ഉയർന്ന സ്കോർ കണ്ടെത്തിയത്. ഈ മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ദേശ്മുഖിന്റേതായിരുന്നു.

English Summary: cricketer Digvijay Deshmukh: I failed to fulfil the promise I made to Sushant Singh Rajput

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com